MTC Conductor: ഓടുന്ന ബസില്‍ കണ്ടക്ടറെ യാത്രക്കാരന്‍ അടിച്ചുകൊന്നു
Passenger Killed MTC Bus Conductor: എംകെബി നഗറില്‍ നിന്ന് കോയമ്പേടിയിലേക്ക് പോവുകയായിരുന്ന 46 ജി എന്ന ബസില്‍ വെച്ചാണ് ആക്രമണമുണ്ടായത്. ടിക്കറ്റ് എടുക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതായി പോലീസ് വ്യക്തമാക്കി.

ചെന്നൈ: തമിഴ്‌നാട്ടിലെ മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (എംടിസി) ബസ് കണ്ടക്ടറെ യാത്രക്കാരന്‍ അടിച്ചുകൊന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവമുണ്ടായത്. ചെന്നൈ അമിഞ്ചിക്കരയില്‍ സര്‍വീസ് നടത്തുന്ന ബസിലെ കണ്ടക്ടറായ ജെ ജഗന്‍ കുമാര്‍ (52) ആണ് കൊല്ലപ്പെട്ടത്. വെല്ലൂര്‍ മധനൂര്‍ സ്വദേശിയായ വി ഗോവിന്ദന്‍ (53) ആണ് ഇയാളെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്. സൈദാപ്പേട്ട സ്വദേശിയാണ് ജഗന്‍ കുമാര്‍.
എംകെബി നഗറില്‍ നിന്ന് കോയമ്പേടിയിലേക്ക് പോവുകയായിരുന്ന 46 ജി എന്ന ബസില്‍ വെച്ചാണ് ആക്രമണമുണ്ടായത്. ടിക്കറ്റ് എടുക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതായി പോലീസ് വ്യക്തമാക്കി.
ടിക്കറ്റ് പ്രിന്റ് ചെയ്യുന്ന പിഒഎസ് ഉപകരണം വെച്ച് കണ്ടക്ടര്‍ ഗോവിന്ദനെ ആക്രമിച്ചു. ഇതേതുടര്‍ന്ന് ഗോവിന്ദന്‍ ജഗന്‍ കുമാറിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ പരിക്കേറ്റ ഇരുവരെയും കില്‍പ്പോക്ക് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജഗന്‍ കുമാറിന് മരണം സംഭവിക്കുകയായിരുന്നു. ഗോവിന്ദന്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
സംഭവത്തില്‍ ഗോവിന്ദനെതിരെ കൊലക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. ജഗന്‍ കുമാറിന്റെ മരണത്തില്‍ പ്രതിഷേധിച്ച് എംടിസി ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും പ്രകടനം നടത്തിയത് ബസ് സര്‍വീസിനെ ബാധിച്ചു. എംടിസി ജീവനക്കാരുടെ സംരക്ഷണത്തിനായി പോലീസ് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രതിഷേധം.