Mpox: എംപോക്സിൽ കനത്ത ജാഗ്രത; വിമാനത്താവളങ്ങളിലും അതിർത്തികളിലും പരിശോധന, സംസ്ഥാനങ്ങൾക്ക് നിർദ്ദേശം
Mpox Outbreak: എംപോക്സ് കേസുകൾ കൈകാര്യം ചെയ്യാൻ ആശുപത്രികൾ സജ്ജമായിരിക്കണമെന്ന് കേന്ദ്രം എല്ലാ സംസ്ഥാനങ്ങളോടും നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ ആശുപത്രികളെ നോഡൽ സെൻററുകളായി നിയോഗിക്കുകയും വിവരങ്ങൾ പൊതുജനങ്ങൾക്ക് നൽകുകയും ചെയ്യണം. നിലവിൽ രാജ്യത്ത് നിന്ന് ഒരു പോക്സ് കേസും റിപ്പോർട്ട് ചെയ്തിട്ടില്ല.
ന്യൂഡൽഹി: ആഗോള തലത്തിൽ എംപോക്സ് (mpox) വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കൂടുതൽ നടപടിയുമായി അധികൃതർ. വിമാനത്താവളങ്ങളിലും അതിർത്തികളിലും പരിശോധന കർശനമാക്കാനാണ് നീക്കം. ലക്ഷണവുമായി എത്തുന്ന യാത്രക്കാരെ കണ്ടെത്തുന്നതിനായി ജാഗ്രത പാലിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഇതിനായി വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ബംഗ്ലാദേശ്, പാകിസ്ഥാൻ അതിർത്തികൾ എന്നിവിടങ്ങളിലെ ഉത്തരവാദിത്തപ്പെട്ടവരെ ചുമതലപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കുന്നു.
എംപോക്സ് കേസുകൾ കൈകാര്യം ചെയ്യാൻ ആശുപത്രികൾ സജ്ജമായിരിക്കണമെന്ന് കേന്ദ്രം എല്ലാ സംസ്ഥാനങ്ങളോടും നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ ആശുപത്രികളെ നോഡൽ സെൻററുകളായി നിയോഗിക്കുകയും വിവരങ്ങൾ പൊതുജനങ്ങൾക്ക് നൽകുകയും ചെയ്യണം. നിലവിൽ രാജ്യത്ത് നിന്ന് ഒരു പോക്സ് കേസും റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ വൈറൽ സ്വഭാവമുള്ളതും പകരാൻ സാധ്യതയുള്ളതുമാണെന്നാണ് റിപ്പോർട്ടുകളെന്നും, അതിനാൽ കടുത്ത ജാഗ്രത വേണണെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് സംസ്ഥാനങ്ങൾക്ക് നൽകിയ മുന്നറിയിപ്പിൽ പറയുന്നു. രോഗ നിർണയത്തിന് ടെസ്റ്റിംഗ് ലാബുകൾ സജ്ജമാണെന്ന് ഉറപ്പാക്കണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
എംപോക്സ് രോഗികളെ ക്വാറൻ്റൈൻ ചെയ്യുന്നതിനും ചികിത്സിക്കുന്നതിനും ഡൽഹിയിൽ മൂന്ന് സർക്കാർ ആശുപത്രികൾ തെരഞ്ഞെടുത്തിട്ടുണ്ട്. റാം മനോഹർ ലോഹ്യ ഹോസ്പിറ്റൽ, സഫ്ദർജംഗ് ഹോസ്പിറ്റൽ, ലേഡി ഹാർഡിംഗ് ഹോസ്പിറ്റൽ എന്നിവയാണ് സജ്ജമാക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി കെ മിശ്രയുടെ നേതൃത്വത്തിൽ ഞായറാഴ്ച തയ്യാറെടുപ്പ് അവലോകനം ചെയ്യാൻ യോഗം ചേർന്നിരുന്നു.
ഇന്ത്യയിൽ വലിയ രീതിയിലുള്ള വ്യാപനത്തിന് സാധ്യത കുറവാണെന്നാണ് നിലവിലെ വിലയിരുത്തൽ. രോഗം നേരത്തേ കണ്ടെത്തുന്നതിന് പരിശോധനാ കേന്ദ്രങ്ങൾ സജ്ജമാണെന്ന് ഉറപ്പാക്കാൻ ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. നിലവിൽ രാജ്യത്തെ 32 ലബോറട്ടറികളിൽ എംപോക്സ് പരിശോധിക്കാൻ സൗകര്യമുണ്ട്. 2022 മുതൽ 116 രാജ്യങ്ങളിൽ നിന്ന് 99,176 കേസുകളും 208 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനയിൽ പറയുന്നു.
ആഫ്രിക്കയിലെ കോംഗോയിലാണ് രോഗം ഏറ്റവും ഭീകരമായ അവസ്ഥയിൽ പിടിമുറുക്കിയിരിക്കുന്നത്. ഇവിടെ 2023ൽ ഉണ്ടായതിനേക്കാൾ കൂടുതലാണ് രോഗബാധിതരെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കോംഗോയുടെ അയൽരാജ്യങ്ങളായ കെനിയ, ഉഗാണ്ട, റുവാണ്ട എന്നിവിടങ്ങളിലേക്കും എംപോക്സ് വ്യാപനം അതിതീവ്രമായതോടെയാണ് ലോകാരോഗ്യ സംഘടന ആഗോളതലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുട എറ്റവും ഉയർന്ന ജാഗ്രതാ നിർദ്ദേശങ്ങളിലൊന്നാണ് ആരോഗ്യ അടിയന്തരാവസ്ഥ. മുമ്പ് എച്ച് വൺ എൻ വൺ, പന്നിപ്പനി, പോളിയോ വൈറസ്, സിക വൈറസ്, എബോള,കോവിഡ്, എംപോക്സ് എന്നിവയ്ക്കെതിരെ ആഗോള അരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
ALSO READ: എംപോക്സ് വ്യാപനം: പ്രതിരോധ, നിരീക്ഷണ സംവിധാനങ്ങൾ ശക്തമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം
എന്താണ് എംപോക്‌സ്?
മങ്കിപോക്സ് എന്ന പേരിലായിരുന്നു നേരത്തെ ഈ വൈറസ് ബാധ ലോകമെമ്പാടും അറിയപ്പെട്ടിരുന്നത്. എന്നാൽ വംശീയതയും തെറ്റിദ്ധാരണയ്ക്കുള്ള സാധ്യതയുമുണ്ടെന്ന വാദങ്ങൾ ഉയർന്നതോടെ പിന്നീട് ലോകാരോഗ്യസംഘടന എംപോക്സ് എന്ന് രോഗത്തിൻ്റെ പേര് മാറ്റുകയായിരുന്നു. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് എംപോക്സ്. ഈ രോഗം കൂടുതലായി കണ്ടുവരുന്നത് മധ്യ, പടിഞ്ഞാറൻ ആഫ്രിക്കൻ പ്രദേശങ്ങളിലാണ്. വസൂരിയുടെ ലക്ഷണങ്ങളുമായി സാദൃശ്യമുള്ളതാണ് എംപോക്സിൻ്റെ ലക്ഷണങ്ങൾ. 1970ൽ കോംഗോയിൽ 9 വയസുള്ള ആൺകുട്ടിയിലാണ് മനുഷ്യരിൽ ആദ്യമായി എംപോക്സ് കണ്ടെത്തുന്നത്.
എങ്ങനെയാണ് രോഗം പകരുന്നത്?
രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങൾ എന്നിവ വഴിയുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് സാധാരണയായി എംപോക്സ് മനുഷ്യരിലേക്ക് പകരുന്നതായി കണ്ടെത്തിയിരിക്കുന്നത്. വിവിധ ഇനം കുരങ്ങുകൾ, അണ്ണാൻ, എലികൾ എന്നിവയുൾപ്പെടെയുള്ള മൃഗങ്ങളിൽ എംപോക്സ് വൈറസ് അണുബാധ കണ്ടെത്തിയിട്ടുണ്ട്. രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പർക്കത്തിലൂടെ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഈ രോഗം പകരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
പ്രതിരോധവും ചികിത്സയും
വൈറൽ രോഗമായതിനാൽ എംപോക്സ് പ്രത്യേക ചികിത്സ ലഭ്യമല്ലെന്നാണ് റിപ്പോർട്ട്. കുട്ടികളിലാണ് സാധാരണയായി രോഗം അപകടകരമായി കാണപ്പെടുന്നത്. രോഗ ലക്ഷണങ്ങൾ ലഘൂകരിക്കുന്നതിനും, രോഗം മൂലമുണ്ടാകുന്ന സങ്കീർണതകൾ ഒഴിവാക്കുന്നതിനും, ദീർഘകാല പ്രത്യാഘാതങ്ങൾ തടയുന്നതിനും എംപോക്സ് ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. നിലവിൽ എംപോക്സിൻറെ വാക്സിനേഷൻ ലഭ്യമാണ്. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകരും രോഗബാധിതരുടെ സ്രവങ്ങൾ കൈകാര്യം ചെയ്യുന്നവരും രോഗപ്പകർച്ച ഒഴിവാക്കാനുള്ള മുൻകരുതലുകൾ എടുക്കേണ്ടതാണ്.