Mother Kills Sons: ബന്ധുക്കൾക്ക് നേരെ നിരന്തരം പീഡന ശ്രമങ്ങൾ; മകനെ കൊന്ന് കനാലിൽ തള്ളി അമ്മ
Mother killed Her Son in Andhra Pradesh: ശ്യാം പ്രസാദ് അവിവാഹിതനാണെന്നും, ഇയാൾ നിരവധി തവണ ബന്ധുക്കൾക്ക് നേരെ പീഡന ശ്രമങ്ങൾ നടത്തിയിട്ടുള്ളതായും പ്രകാശം എസ്പി എ ആർ ദാമോദർ മാധ്യമങ്ങളോട് പറഞ്ഞു.

ന്യൂഡൽഹി: ബന്ധുക്കൾക്ക് നേരെ നിരന്തരമായി പീഡന ശ്രമങ്ങൾ നടത്തിയതിനെ തുടർന്ന് മകനെ കൊലപ്പെടുത്തി അമ്മ. മകനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി കനാലിൽ തള്ളുകയായിരുന്നു. വ്യാഴാഴ്ച ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലാണ് സംഭവം നടന്നത്. ബന്ധുക്കളുടെ സഹായത്തോട് കൂടിയാണ് 35 വയസുകാരനായ മകൻ ശ്യാം പ്രസാദിനെ 57 വയസുകാരിയായ ലക്ഷ്മി ദേവി കൊലപ്പെടുത്തി അഞ്ച് കഷ്ണങ്ങൾ ആക്കിയത്.
ശ്യാം പ്രസാദ് അവിവാഹിതനാണെന്നും, ഇയാൾ നിരവധി തവണ ബന്ധുക്കൾക്ക് നേരെ പീഡന ശ്രമങ്ങൾ നടത്തിയിട്ടുള്ളതായും പ്രകാശം എസ്പി എ ആർ ദാമോദർ മാധ്യമങ്ങളോട് പറഞ്ഞു. കോടാലിയും, മറ്റ് ചില കൂർത്ത ആയുധങ്ങളും ഉപയോഗിച്ചാണ് ലക്ഷ്മി ദേവി ശ്യാം പ്രസാദിനെ കൊലപ്പെടുത്തിയത്.
ഹൈദരാബാദ്, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ താമസിക്കുന്ന അടുത്ത ബന്ധുക്കൾക്ക് നേരെയാണ് ശ്യാം പ്രസാദ് പലപ്പോഴായി പീഡന ശ്രമം നടത്തിയിട്ടുള്ളത്. ഇതേ തുടർന്നാണ്, ലക്ഷ്മി ദേവി മകനെ കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം അഞ്ച് കഷണങ്ങളാക്കിയ ശേഷം മൂന്ന് ചാക്കുകളിലാക്കി ഗ്രാമത്തിലെ നാഗലാണ്ടി കനാലിൽ തള്ളുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതികൾക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.
ആവശ്യപ്പെട്ട സ്ത്രീധനം നൽകാത്തതിനെ തുടർന്ന് ഭർതൃവീട്ടുകാർ ബലമായി യുവതിക്ക് എച്ച്ഐവി കുത്തിവച്ചു
ആവശ്യപ്പെട്ട സ്ത്രീധനം നൽകിയില്ലെന്ന് പറഞ്ഞ് ഭർതൃവീട്ടുകാർ ബലമായി യുവതിക്കു എച്ച്ഐവി കുത്തിവച്ചെന്ന് പരാതി. യുവതിയുടെ പിതാവാണ് പരാതി നൽകിയത്. നൽകിയ സ്ത്രീധനത്തിന് പുറമെ എസ്‍യുവി കാറും 25 ലക്ഷം രൂപയും കൂടി വേണമെന്ന് ഭർതൃവീട്ടുകാർ ആവശ്യപ്പെടുകയായിരുന്നു. ഉത്തർപ്രദേശിലെ ഗംഗോ കോട്‌വാലി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. കോടതി ഉത്തരവിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.
ഉത്തരാഖണ്ഡിലെ ഹരിദ്വാർ സ്വദേശിയായ അഭിഷേക് എന്ന സച്ചിനുമായി യുവതിയുടെ വിവാഹം നടന്നത് 2023 ഫെബ്രുവരി 15നാണ്. വിവാഹത്തിന് സ്ത്രീധനമായി കാറും 15 ലക്ഷം രൂപയും നൽകിയിരുന്നു. എന്നാൽ ഇതിൽ ഭർതൃവീട്ടുകാർ തൃപ്തരല്ലായിരുന്നു. എസ്‌യുവി കാറും 25 ലക്ഷം രൂപയും കൂടി വേണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാൽ ഇത് നൽകാൻ സാധിക്കില്ലെന്ന് യുവതിയുടെ കുടുംബം അറിയിച്ചു. ഇതോടെ യുവതിയെ ഭർതൃവീട്ടുകാർ വീട്ടിൽ നിന്ന് പുറത്താക്കി. പിന്നീട് അവിടുത്തെ പഞ്ചായത്ത് അധികൃതർ ഇടപെട്ടു യുവതിയെ തിരിച്ച് ഭർതൃവീട്ടിലേക്ക് അയയ്ക്കുകയായിരുന്നു.
പിന്നീട് യുവതിക്ക് വലിയ രീതിയിലുള്ള ശാരീരികവും മാനസികവുമായ പീഡനം ഭർതൃവീട്ടുകാരിൽ നിന്ന് നേരിടേണ്ടി വന്നു. അങ്ങനെ യുവതിയെ കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെ ഗൂഢാലോചന നടത്തി ഭർതൃവീട്ടുകാർ യുവതിക്ക് എച്ച്ഐവി കുത്തിവയ്ക്കുകയായിരുന്നു എന്ന് കുടുംബം പറയുന്നു. സംഭവം അറിഞ്ഞ് യുവതിയെ മാതാപിതാക്കൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, പരിശോധനയിൽ എച്ച്ഐവി ബാധയുണ്ടെന്നു ഡോക്ടർമാർ കണ്ടെത്തുകയും ചെയ്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.