മോദിയുടെ വിദ്വേഷ പ്രസംഗം; വീഡിയോ ഹാജരാക്കാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍
പരാമര്‍ശത്തില്‍ മോദിക്കെതിരെ പരാതി കിട്ടിയോ എന്ന ചോദ്യത്തിനും കമ്മീഷന്‍ മറുപടി നല്‍കിയില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്പക്ഷമായ നിലപാട് സ്വീകരിക്കുന്നില്ലെന്ന വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് മോദിയുടെ പരാമര്‍ശത്തിലും പ്രതികരിക്കാനില്ലെന്ന കമ്മീഷന്റെ ഒഴിഞ്ഞുമാറ്റം.
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ നടപടിക്കൊരുങ്ങി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. മോദി നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ഹാജരാക്കാന്‍ ബന്‍സ്വാര ഇലക്ട്രല്‍ ഓഫീസറോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പ്രസംഗത്തിന്റെ ഉള്ളടക്കം എഴുതി നല്‍കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കോണ്‍ഗ്രസും സിപിഎമ്മും വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് പുതിയ നീക്കം.
അതേസമയം, നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിലെ മുസ്ലീം പരാമര്‍ശ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രതിപക്ഷം ഇതിനെതിരേ നടപടി വേണമെന്ന ആവശ്യം ശക്തമാക്കുന്നതിനിടെയാണ് കമ്മീഷന്റെ നിലപാട് പുറത്തുവന്നത്. വിവാദ പരാമര്‍ശം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും പ്രതികരിക്കാനില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയത്.
പരാമര്‍ശത്തില്‍ മോദിക്കെതിരെ പരാതി കിട്ടിയോ എന്ന ചോദ്യത്തിനും കമ്മീഷന്‍ മറുപടി നല്‍കിയില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്പക്ഷമായ നിലപാട് സ്വീകരിക്കുന്നില്ലെന്ന വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് മോദിയുടെ പരാമര്‍ശത്തിലും പ്രതികരിക്കാനില്ലെന്ന കമ്മീഷന്റെ ഒഴിഞ്ഞുമാറ്റം.
കോണ്‍ഗ്രസിന് അധികാരം ലഭിച്ചാല്‍ രാജ്യത്തിന്റെ സമ്പത്ത് അവര്‍ മുസ്ലിങ്ങള്‍ക്ക് നല്‍കുമെന്നാണ് മോദി പറഞ്ഞത്. രാജസ്ഥാനിലെ ബന്‍സ്വാരയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.
‘രാജ്യത്തിന്റെ സമ്പത്തിന്റെ ആദ്യ അവകാശികള്‍ മുസ്ലിങ്ങളാണെന്ന് കോണ്‍ഗ്രസിന്റെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞിട്ടുണ്ട്. ഈ സ്വത്തുക്കളെല്ലാം ഒരുമിച്ചുകൂട്ടി കൂടുതല്‍ മക്കളുള്ളവര്‍ക്കും നുഴഞ്ഞുക്കയറ്റക്കാര്‍ക്കും നല്‍കുമെന്നാണ് അതിനര്‍ഥം. നിങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ സ്വത്തുക്കള്‍ നുഴഞ്ഞുക്കയറ്റക്കാര്‍ക്ക് നല്‍കണോ? ഇത് നിങ്ങള്‍ക്ക് അംഗീകരിക്കാനാകുമോ?,’ മോദി ചോദിച്ചു.
അധികാരത്തില്‍ വന്നാല്‍ എല്ലാവരുടെയും സ്വത്ത് സര്‍വേ ചെയ്യുമെന്നാണ് അവര്‍ പറഞ്ഞത്. നമ്മുടെ സഹോദരിമാര്‍ക്ക് എത്ര സ്വര്‍ണമുണ്ടെന്ന് അവര്‍ അന്വേഷിക്കും. നമ്മുടെ ആദിവാസി കുടുംബങ്ങളുടെ കൈയ്യിലുള്ള വെള്ളി എത്രയുണ്ടെന്ന് രേഖപ്പെടുത്തും. സര്‍ക്കാര്‍ ജീവനക്കാരുടെ സ്വത്തും പണവും എത്രയാണെന്ന് പരിശോധിക്കും. ഇത് മാത്രമല്ല നമ്മുടെ സഹോദരിമാരുചെ കൈയ്യിലുള്ള സ്വര്‍ണവും മറ്റ് സ്വത്തുക്കളും തുല്യമായി പുനര്‍വിതരണം ചെയ്യുമെന്നും കോണ്‍ഗ്രസ് പറഞ്ഞിട്ടുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.
അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ സമ്പത്ത് ആരുടേതാണെന്ന് കണ്ടെത്താന്‍ കോണ്‍ഗ്രസ് സാമ്പത്തികവും സ്ഥാപനപരവുമായ ഒരു സര്‍വേ നടത്തുമെന്നും സ്വത്തുക്കള്‍ പുനര്‍വിതരണം ചെയ്യുമെന്നും അടുത്തിടെ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് മോദിയുടെ പ്രസംഗം.