5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Modi 80 lakh hotel bill: 80 ലക്ഷം കിട്ടാന്‍ ഹോട്ടല്‍ കോടതിയിലേക്ക്; ചെലവ് ഏറ്റെടുക്കില്ലെന്ന് കേന്ദ്രവും കര്‍ണാടകയും

കേന്ദ്രത്തോട് പണം ചോദിക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ താമസത്തിന്റെയും മറ്റും ചെലവ് സംസ്ഥാന സര്‍ക്കാര്‍ തന്നെ വഹിക്കണമെന്ന മറുപടിയാണ് ലഭിക്കുന്നത്. ഈ ഫെബ്രുവരിയില്‍ ഹോട്ടല്‍ ബില്‍ സംസ്ഥാനം വഹിക്കണമെന്ന് എന്‍ടിസിഎ അറിയിക്കുകയും ചെയ്തു.

Modi 80 lakh hotel bill: 80 ലക്ഷം കിട്ടാന്‍ ഹോട്ടല്‍ കോടതിയിലേക്ക്; ചെലവ് ഏറ്റെടുക്കില്ലെന്ന് കേന്ദ്രവും കര്‍ണാടകയും
Narendra Modi
shiji-mk
Shiji M K | Published: 26 May 2024 09:38 AM

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയും സംഘവും റൂമെടുത്ത് താമസിച്ചതിന്റെ ബില്ല് അടയ്ക്കാത്തതില്‍ കോടതിയെ സമീപിക്കാനൊരുങ്ങി മൈസൂരുവിലെ റാഡിസണ്‍ ബ്ലൂ പ്ലാസ ഹോട്ടല്‍. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഇവര്‍ ഹോട്ടലില്‍ റൂമെടുത്ത് താമസിച്ചിരുന്നത്. ഇതിന്റെ ബില്ലായ 80.06 ലക്ഷം രൂപയാണ് ഇനിയും അടയ്ക്കാത്തത്.

ബില്ല് അടയ്ക്കാന്‍ ഇത്രയും വൈകിയതുകൊണ്ട് 18 ശതമാനം പലിശ സഹിതം 12.09 ലക്ഷം രൂപ കൂടി അധികമായി നല്‍കേണ്ടി വരുമെന്ന് ഹോട്ടല്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ജൂണ്‍ ഒന്നിന് മുമ്പ് പലിശ സഹിതം 92.69 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആയിരുന്നു മോദി കര്‍ണാടക സന്ദര്‍ശിച്ചിരുന്നത്. നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി സംഘടിപ്പിച്ച പ്രോജക്ട് ടൈഗര്‍ ഇവന്റിന്റെ 50ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യാനായിരുന്നു അത്. സംസ്ഥാന വനംവകുപ്പും പരിപാടിയുടെ സംഘാടകരായിരുന്നു.

ഏപ്രില്‍ 9 മുതല്‍ 11 വരെ പരിപാടി നടത്താനായിരുന്നു വനംവകുപ്പിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നത്. പരിപാടി നടത്തുന്നതിന് കേന്ദ്രസഹായം ഉണ്ടാകുമെന്നും ഉറപ്പ് നല്‍കിയിരുന്നു. 3 കോടിയായിരുന്നു പരിപാടിയ്ക്ക് അനുവദിച്ച തുക. എന്നാല്‍ പരിപാടി പെട്ടെന്നുണ്ടായതുകൊണ്ട് തന്നെ തുക ഇരട്ടിയായി.

6.33 കോടിരൂപയാണ് പരിപാടിക്കായി ആകെ ചെലവായത്. ഇതില്‍ പകുതിയോളം തുക കേന്ദ്രത്തില്‍ നിന്ന് കിട്ടാനുണ്ടെന്നാണ് വനംവകുപ്പ് പറയുന്നത്. ഇക്കാര്യം പറഞ്ഞ് കേന്ദ്രത്തെ നിരന്തരം ബന്ധപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്നാണ് വനംവകുപ്പ് പറയുന്നതെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 3 കോടിക്കുള്ളില്‍ തീരുമായിരുന്ന പരിപാടി പ്രധാനമന്ത്രിയുടെ താമസവും മറ്റ് ചെലവുകളും വന്നതോടെയാണ് ഇരട്ടിയായതെന്നാണ് റിപ്പോര്‍ട്ട്.

കേന്ദ്രത്തോട് പണം ചോദിക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ താമസത്തിന്റെയും മറ്റും ചെലവ് സംസ്ഥാന സര്‍ക്കാര്‍ തന്നെ വഹിക്കണമെന്ന മറുപടിയാണ് ലഭിക്കുന്നത്. ഈ ഫെബ്രുവരിയില്‍ ഹോട്ടല്‍ ബില്‍ സംസ്ഥാനം വഹിക്കണമെന്ന് എന്‍ടിസിഎ അറിയിക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനിടയില്‍ നടന്ന പരിപാടിയുടെ പൂര്‍ണ ഉത്തരവാദിത്തം എന്‍ടിസിഎക്കായിരുന്നുവെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. കര്‍ണാടക വനംമന്ത്രി ഈശ്വര്‍ ഖണ്ഡ്രെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ ബില്ല് അടയ്ക്കാത്തത്തില്‍ ബിജെപിയെയും പ്രധാനമന്ത്രിയെയും പരിഹസിച്ചും വിമര്‍ശിച്ചും നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലെത്തുന്നത്. ദൈവം നേരിട്ട് ഭൂമിയിലേക്കയച്ച ആളോട് ബില്‍ അടയ്ക്കാന്‍ പറയാന്‍ മനുഷ്യര്‍ക്ക് എങ്ങനെ ധൈര്യം വന്നുവെന്നാണ് നടന്‍ പ്രകാശ് രാജ് പറഞ്ഞത്.