Modi 3.0 Ministry Charges: മൂന്നാം മോദി സര്‍ക്കാര്‍; സുരേഷ് ഗോപിക്ക് ലഭിച്ചത് ഈ വകുപ്പുകള്‍
Modi 3.0 Ministry Charges For Suresh Gopi: കേരളത്തില്‍ നിന്ന് രണ്ട് മന്ത്രമാര്‍ക്കാണ് ഇത്തവണ അവസരം ഉണ്ടായത്. സുരേഷ് ഗോപിയ്ക്കും ജോര്‍ജ് കുര്യനും. സത്യപ്രതിജ്ഞക്കായി കുടുംബ സമേതമാണ് സുരേഷ് ഗോപി ഡല്‍ഹിയില്‍ എത്തിയത്.
ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു. മന്ത്രിസഭയിലെ പ്രമുഖരായ അമിത് ഷാ, രാജ്‌നാഥ് സിങ്, നിതിന്‍ ഗഡ്കരി എന്നിവരുടെ വകുപ്പുകള്‍ക്ക് മാറ്റമില്ല. തൃശൂരില്‍ നിന്ന് വമ്പിച്ച ഭൂരിപക്ഷത്തോടെ കേരളത്തിലെ ആദ്യ ബിജെപി എംപിയായ സുരേഷ് ഗോപിയുടെ വകുപ്പുകള്‍ ഇപ്രകാരമാണ്.
പ്രകൃതിവാതകം, ടൂറിസം, പെട്രോളിയം എന്നീ വകുപ്പുകളില്‍ സഹമന്ത്രിയായിട്ടായിരിക്കും അദ്ദേഹം പ്രവര്‍ത്തിക്കുക. സുരേഷ് ഗോപി കേന്ദ്രമന്ത്രി പദവി ഒഴിയുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നുവെങ്കിലും പിന്നീട് അങ്ങനെ ഒരു തീരുമാനമില്ലെന്നും മോദി മന്ത്രിസഭയുടെ ഭാഗമാകുന്നതില്‍ അഭിമാനമാണെന്നും സുരേഷ് ഗോപി പ്രതികരിക്കുകയായിരുന്നു.
കേന്ദ്രസഹമന്ത്രി സ്ഥാനം തുടരുമെന്നും സ്ഥാനം ഒഴിയുന്നതിനെ കുറിച്ചുള്ള മാധ്യമ വാര്‍ത്തകള്‍ തെറ്റാണെന്നുമായിരുന്നു സുരേഷ് ഗോപി പ്രതികരിച്ചത്. സഹമന്ത്രി പദവിയില്‍ അദ്ദേഹത്തിന് കടുത്ത അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയായിരുന്നു വിശദീകരണവുമായി രംഗത്തെത്തിയത്.
കേരളത്തില്‍ നിന്ന് രണ്ട് മന്ത്രിമാര്‍ക്കാണ് ഇത്തവണ എൻഡിഎ അവസരം ഉണ്ടായത്. സുരേഷ് ഗോപിയ്ക്കും ജോര്‍ജ് കുര്യനും. സത്യപ്രതിജ്ഞക്കായി കുടുംബ സമേതമാണ് സുരേഷ് ഗോപി ഡല്‍ഹിയില്‍ എത്തിയത്. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ ലോക നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരാണ് പങ്കെടുത്തത്.
വൈകുന്നേരം 7.15ന് നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു നരേന്ദ്രമോദിക്കും പുതിയ മന്ത്രിസഭാംഗങ്ങള്‍ക്കും സത്യ വാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രിക്കൊപ്പം 72 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. ജവഹര്‍ലാല്‍ നെഹ്‌റുവിന് ശേഷം ഇത് രണ്ടാമത്തെ പ്രധാമന്ത്രിയാണ് മൂന്നാം തവണ അധികാരത്തില്‍ എത്തുന്നത്.
തുടര്‍ച്ചയായി മൂന്നാം തവണയാണ് നരേന്ദ്രമോദി അധികാരമേല്‍ക്കുന്നത്. ഇതോടെ ജവഹര്‍ലാല്‍ നെഹറുവിന് ശേഷം തുടര്‍ച്ചയായി മൂന്നാം തവണ അധികാരമേല്‍ക്കുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. മിക്ക രാജ്യങ്ങളുടെ തലവന്മാരും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു. നടന്‍ ഷാരൂഖ് ഖാനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയും രാഷ്ട്രപതി ഭവനിലെത്തിയിരുന്നു.