Missing : മൂന്ന് ദിവസമായി കാണാനില്ല; 18കാരിയുടെ മൃതദേഹം സമീപത്തെ കുളത്തിൽ, അന്വേഷണം
Missing Dead Body Found : മൂന്ന് ദിവസമായി കാണാതായ പെൺകുട്ടിയുടെ മൃതദേഹം സമീപത്തെ കുളത്തിൽ നിന്ന് കൈകാലുകൾ ബന്ധിച്ച നിലയിൽ കണ്ടെത്തി. 18 വയസുകാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
മൂന്ന് ദിവസമായി കാണാതായ 18കാരിയുടെ മൃതദേഹം സമീപത്തെ കുളത്തിൽ നിന്ന് ലഭിച്ചു. കൈകാലുകൾ ബന്ധിച്ച നിലയിലാണ് കുളത്തിൽ നിന്ന് 18കാരിയുടെ മൃതദേഹം കണ്ടെടുത്തത്. കുട്ടിയ്ക്ക് ലൈംഗികോപദ്രവം ഏറ്റിട്ടുണ്ടാവാമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. നിലവിൽ മൃതദേഹം പോസ്റ്റ്മാർട്ടത്തിനയച്ചിരിക്കുകയാണ്.
പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയിലാണ് സംഭവം. മൂന്ന് ദിവസമായി കാണാതായ 18കാരിയുടെ മൃതദേഹം സമീപത്തെ കുളത്തിൽ നിന്ന് കണ്ടെടുക്കുകയായിരുന്നു. ഒരാളുടെ ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുന്ന നിലയിലാണ് കുട്ടിയെ അവസാനമായി കണ്ടതെന്ന് നാട്ടുകാരിൽ ചിലർ പറഞ്ഞു. എന്നാൽ, ഇത് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
കുളത്തിൽ നിന്ന് പുറത്തെടുക്കുമ്പോൾ ശരീരത്തിൽ കട്ടകൾ വച്ച് കെട്ടിയിരുന്നു. മൃതദേഹം വെള്ളത്തിൽ താഴ്ന്നുകിടക്കാനായാവണം ഇങ്ങനെ ചെയ്തത് എന്ന് അധികൃതർ അറിയിച്ചതായി വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിച്ചു. കന്നുകാലികൾക്ക് കാലിത്തീറ്റ കൊടുക്കാനായി മകൾ അടുത്തുള്ള തൊഴുത്തിലേക്ക് പോയതാണെന്ന് കുട്ടിയുടെ മാതാവ് പ്രതികരിച്ചതായി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. “ഞാൻ നേരത്തെ വീട്ടിലേക്ക് പോന്നു. കുറച്ചുസമയത്തിന് ശേഷം തിരികെവരാമെന്നാണ് മകൾ പറഞ്ഞത്. അതുകൊണ്ട് ഞാൻ വീട്ടിലേക്ക് പോയി. തിരികെവരാമെന്ന് പറഞ്ഞെങ്കിലും അവൾ വന്നില്ല. അന്ന് മുതൽ അവളെ കാണാനില്ല. പിന്നീട് ഞങ്ങൾ സമീപത്തൊക്കെ തിരഞ്ഞു. പക്ഷേ, മകളെ കിട്ടിയില്ല. ഇതിന് പിന്നാലെയാണ് നാസത്ത് പോലീസ് സ്റ്റേഷനിൽ ഞങ്ങൾ മകളെ കാണാനില്ലെന്ന് കാട്ടി പരാതിനൽകിയത്.”- മാതാവിനെ പറഞ്ഞതായി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.
കുടുംബത്തിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു എന്ന് ബസിർഹട് എസ്പി എം റഹ്മാൻ പറഞ്ഞു. എത്രയും വേഗം കുറ്റവാളികളെ പിടികൂടാൻ കഴിയുമെന്നാണ് കരുതുന്നത്. അവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
അടുത്തിടെ തൃണമൂൽ കോൺഗ്രസിൻ്റെ പ്രാദേശിക നേതാവായ ഷെയ്ഖ് ഷാജഹാനെതിരെ ഒരു യുവതി ലൈംഗികാതിക്രമ പരാതിനൽകിയതിനെ തുടർന്ന് വാർത്തകളിൽ ഇടം പിടിച്ച സ്ഥലമാണ് സന്ദേശ്ഖാലി. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പോലീസ് ഷെയ്ഖ് ഷാജഹാനെ അറസ്റ്റ് ചെയ്തിരുന്നു.