Mark Zuckerberg: ‘ശ്രദ്ധക്കുറവ് കാരണമുണ്ടായ പിഴവ്’; 2024 തിരഞ്ഞെടുപ്പിനെപ്പറ്റിയുള്ള സക്കർബർഗിൻ്റെ പരാമർശത്തിൽ മാപ്പ് പറഞ്ഞ് മെറ്റ
Meta Apologizes For Mark Zuckerberg: 2024 തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാർക്ക് സക്കർബർഗ് നടത്തിയ വിവാദപരാമർശത്തിൽ മാപ്പ് പറഞ്ഞ് മെറ്റ ഇന്ത്യ. മെറ്റ സിഇഒ പറഞ്ഞത് ശ്രദ്ധക്കുറവ് കാരണമുണ്ടായ പിഴവാണെന്നും മാപ്പ ചോദിക്കുന്നു എന്നും മെറ്റ ഇന്ത്യ വൈസ് പ്രസിഡൻ്റ് ശിവ്നാഥ് തുക്രൽ പറഞ്ഞു.
മാർക്ക് സക്കർബർഗിൻ്റെ വിവാദപരാമർശത്തിൽ പരാമർശത്തിൽ മാപ്പ് പറഞ്ഞ് മെറ്റ ഇന്ത്യ. 2024 തിരഞ്ഞെടുപ്പിനെപ്പറ്റിയുള്ള പരാമർശത്തിലാണ് സിഇഎയ്ക്ക് വേണ്ടി മെറ്റ മാപ്പ് പറഞ്ഞത്. അദ്ദേഹത്തിൻ്റെ പരാമർശം ശ്രദ്ധക്കുറവ് കാരണമുണ്ടായ പിഴവ് ആയിരുന്നെന്നും മാപ്പ് ചോദിക്കുന്നു എന്നും മെറ്റ പറഞ്ഞു. സക്കര്‍ബര്‍ഗിന്റെ പരമാര്‍ശവുമായി ബന്ധപ്പെട്ട് കമ്പനിയുടെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് ഐടി പാര്‍ലമെന്ററി പാനലിന്റെ തലവനായ ബിജെപി എംപി നിഷികാന്ത് ദുബെ പറഞ്ഞതിന് പിന്നാലെയായിരുന്നു മെറ്റയുടെ മാപ്പപേക്ഷ.
‘അധികാരത്തിലിരുന്ന പല പാർട്ടികളും പല രാജ്യത്തും 2024 തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല എന്ന് ഉദ്ദേശിച്ചായിരുന്നു മാർക്കിൻ്റെ നിരീക്ഷണങ്ങൾ. ഇന്ത്യയെയല്ല ഉദ്ദേശ്യിച്ചത്. ശ്രദ്ധക്കുറവ് കാരണമുണ്ടായ പിഴവിൽ ഞങ്ങൾ മാപ്പ് ചോദിക്കുന്നു. മെറ്റയ്ക്ക് വളരെ പ്രധാനപ്പെട്ട ഒരു രാജ്യമാണ് ഇത്.’.- മെറ്റ ഇന്ത്യ വൈസ് പ്രസിഡൻ്റ് ശിവ്നാഥ് തുക്രൽ തൻ്റെ എക്സ് അക്കൗണ്ടിൽ കുറിച്ചു. സക്കർബർഗിൻ്റെ പരാമർശത്തിൽ ഐടി മന്ത്രിയായ അശ്വിനി വൈഷ്ണവ് പങ്കുവച്ച ട്വീറ്റിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയില്‍, 64 കോടിയിലധികം വോട്ടര്‍മാരുമായാണ് ഇന്ത്യ 2024 തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡഎ മുന്നണിയിലുള്ള വിശ്വാസം രാജ്യത്തെ ജനങ്ങള്‍ വീണ്ടും ഉറപ്പിച്ചു. കൊവിഡ് ബാധ നിയന്ത്രിക്കുന്നതിലെ പിഴവ് കാരണം ഇന്ത്യയടക്കം പല രാജ്യത്തും ഭരണപാർട്ടിയ്ക്ക് അധികാരം നഷ്ടപ്പെട്ടെന്ന മാർക്ക് സക്കര്‍ബര്‍ഗിന്റെ പരാമര്‍ശം തെറ്റാണ്. 80 കോടി ജനങ്ങള്‍ക്ക് സൗജന്യ ഭക്ഷണം, 220 കോടി സൗജന്യ വാക്‌സിന്‍ സഹായം, കൊവിഡ് കാലത്ത് പല രാജ്യങ്ങൾക്കും സഹായം, ഇന്ത്യയെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥയായി മാറ്റല്‍… പ്രധാനമന്ത്രിയുടെ നിര്‍ണായകമായ മൂന്നാം വിജയം നല്ല ഭരണത്തിനും പൊതുജന വിശ്വാസത്തിനും തെളിവാണ്. സക്കര്‍ബര്‍ഗില്‍ നിന്ന് തെറ്റായ വിവരങ്ങള്‍ വരുന്നത് നിരാശാജനകമാണ്. നമുക്ക് വസ്തുതകളും വിശ്വാസ്യതയും ഉയര്‍ത്തിപ്പിടിക്കാം.’ – അശ്വിനി വൈഷ്ണവ് എക്‌സില്‍ കുറിച്ചു. ഇതിന് മറുപടിയായിട്ടാണ് മെറ്റ ഇന്ത്യ മാപ്പ് പറഞ്ഞത്.
Dear Honourable Minister @AshwiniVaishnaw , Mark’s observation that many incumbent parties were not re-elected in 2024 elections holds true for several countries, BUT not India. We would like to apologise for this inadvertent error. India remains an incredibly important country…
— Shivnath Thukral (@shivithukral) January 14, 2025
അമേരിക്കൻ നടനും പോഡ്കാസ്റ്ററുമായ ജോ റോഗനോട് സംസാരിക്കവെയായിരുന്നു സക്കർബർഗിൻ്റെ വിവാദപരാമർശം. 2024 ലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യയുള്‍പ്പെടെ നിലവിലുള്ള മിക്ക സര്‍ക്കാരുകളും പരാജയപ്പെട്ടത് കൊവിഡ് ബാധ കൃത്യമായി പ്രതിരോധിക്കാൻ കഴിയാത്തതിനാലാണെന്ന് ദി ജോ റോഗൻ എക്സ്പീരിയൻസ് എന്ന പോഡ്കാസ്റ്റിൽ സക്കർബർഗ് പറഞ്ഞിരുന്നു. ജനുവരി 10ന് നടന്ന പോഡ്കാസ്റ്റിലായിരുന്നു സക്കർബർഗിൻ്റെ പരാമർശം. ലോകമെങ്ങും ബാധിച്ച് കോവിഡ് മഹാമാരി നിലവില്‍ ഭരണത്തിലിരുന്ന പല സര്‍ക്കാരുകളുടെ വിശ്വാസ്യത ഇല്ലാതാക്കി. അതുകൊണ്ട് തന്നെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ 2024 തിരഞ്ഞെടുപ്പിൽ ഭരണകക്ഷി കനത്ത പരാജയം ഏറ്റുവാങ്ങിയെന്നായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം. ഈ പരാമർശത്തിനെതിരെ നേരത്തെ തന്നെ വിമർശനങ്ങളുയർന്നു. ഇതിന് പിന്നാലെയാണ് കമ്പനിയുടെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകിയത്. ഇതോടെ മാപ്പപേക്ഷയുമായി മെറ്റ തന്നെ രംഗത്തുവരികയായിരുന്നു.