Mehul Choksi: 13,500 കോടി, വായ്പാ തട്ടിപ്പ് കേസ്; മെഹുൽ ചോക്സി ബെൽജിയത്തിൽ അറസ്റ്റിൽ
Mehul Choksi Arrest: കഴിഞ്ഞ മാസം, ചോക്‌സി യൂറോപ്യൻ രാജ്യത്തുണ്ടെന്ന് ബെൽജിയൻ വിദേശകാര്യ മന്ത്രാലയം ചില മാധ്യമങ്ങളോട് സ്ഥിരീകരിച്ചിരുന്നു, ഇതിന് പിന്നാലെയാണ് ചോക്സിയെ അറസ്റ്റ് ചെയ്തത്

ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) വായ്പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന വജ്ര വ്യാപാരി മെഹുൽ ചോക്സി ബെൽജിയത്തിൽ പോലീസ് അറസ്റ്റ് ചെയ്തതു. സ്വിറ്റ്സർലൻഡിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് ചോക്സി അറസ്റ്റിലായതെന്ന് സിബിഐ വൃത്തങ്ങൾ സ്ഥിരീകരണം നൽകുന്നു. 65-കാരനായ ചോക്സിയെ ശനിയാഴ്ച അറസ്റ്റ് ചെയ്തെന്നാണ് റിപ്പോർട്ട്. ചോക്സിക്കെതിരെ 2018 മെയ് 23-നും 2021 ജൂൺ 15-നും രണ്ട് വാറണ്ടുകൾ കോടതി പുറപ്പെടുവിച്ചിരുന്നു. 2018-ലാണ് മെഹുൽ ചോക്സിയും അനന്തിരവൻ നീരവ് മോദിയും ചേർന്ന് പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും ലോണെടുത്ത് 13,500 കോടിയിലധികം വഞ്ചിച്ചുവെന്നാണ് കേസ്. 2018-ൽ തട്ടിപ്പ് പുറത്താകുന്നതിന് നാളുകൾക്ക് മുൻപ് തന്നെ മെഹുൽ ചോക്സിയും നീരവ് മോദിയും ഇന്ത്യ വിട്ടിരുന്നു.
കഴിഞ്ഞ മാസം, ചോക്‌സി യൂറോപ്യൻ രാജ്യത്തുണ്ടെന്ന് ബെൽജിയൻ വിദേശകാര്യ മന്ത്രാലയം ചില മാധ്യമങ്ങളോട് സ്ഥിരീകരിച്ചിരുന്നു . ബെൽജിയം പൗരത്വമുള്ള ഭാര്യ പ്രീതി ചോക്‌സിക്കൊപ്പം ആൻ്റ് വെർപ്പിൽ ‘റെസിഡൻസി കാർഡ്’ നേടിയ ശേഷം മെഹുൽ ചോക്‌സി താമസിക്കുന്നുണ്ടെന്ന് ചില റിപ്പോർട്ടുകൾ പറയുന്നായി എൻഡിടീവി വാർത്തയിൽ ചൂണ്ടിക്കാണിക്കുന്നു. ആൻ്റിഗ, ബാർബുഡ തുടങ്ങിയ രാജ്യങ്ങളിലെ കൂടെ പൗരനായ അദ്ദേഹം കാൻസർ ചികിത്സയ്ക്കായി സ്വിറ്റ്സർലൻഡിലേക്ക് മാറാൻ പദ്ധതിയിട്ടിരുന്നതായും റിപ്പോർട്ടുണ്ട്.
2021-ൽ, ആന്റിഗ്വയിൽ നിന്ന് കാണാതായ ചോക്സിയെ പിന്നീട് കണ്ടെത്തിയത് കരീബിയൻ ദ്വീപ് രാജ്യമായ ഡൊമിനിക്കയിലായിരുന്നു. അതേസമയം 2024 ഡിസംബറിൽ ചോക്‌സി അടക്കം രാജ്യത്ത് നിന്നും പാലായനം ചെയ്തവരുടെ കടങ്ങൾ തിരിച്ചടയ്ക്കുന്നതിനായി 2,565.90 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതായി ധനമന്ത്രി നിർമ്മലാ സീതരാമൻ വ്യക്തമാക്കിയിരുന്നു.നേരത്തെ ബ്രസീലിൽ നടന്ന ജി20 ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായി കൂടിക്കാഴ്ച നടത്തുകയും ഇന്ത്യൻ വ്യവസായികളായ വിജയ് മല്യയെയും നീരവ് മോദി തുടങ്ങിയവരെ കൈമാറണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു