Building Collapsed: മീററ്റിൽ ബഹുനിലക്കെട്ടിടം തകർന്നുവീണ് 10 പേർ മരിച്ചു; അഞ്ചുപേർക്ക് ഗുരുതര പരിക്ക്
Meerut Building Collapsed: എൻഡിആർഎഫ്, എസ്ഡിആർഎഫ്, അഗ്നിശമന സേന, പോലീസ് തുടങ്ങിയവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. നിലവിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പ്രദേശത്തെ മറ്റു കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ചും ആശങ്ക ഉയരുന്നുണ്ട്. അപകടകാരണം സംബന്ധിച്ച അന്വേഷണം നടന്നുവരുന്നു.
മീററ്റ്: ഉത്തർപ്രദേശിൽ ബഹുനിലക്കെട്ടിടം തകർന്നുവീണ് പത്തുപേർക്ക് (Meerut Building Collapsed) ദാരുണാന്ത്യം. മീററ്റിലെ സാക്കിർ കോളനിയിലെ മൂന്നുനില കെട്ടിടമാണ് തകർന്ന് വീണത്. അവശിഷ്ടങ്ങൾക്കിടയിൽ 15 പേർ കുടുങ്ങിക്കിടന്നതായാണ് വിവരം. എല്ലാവരെയും പുറത്തെടുത്തെങ്കിലും പത്തുപേരുടെ മരണം സ്ഥിരീകരിച്ചു. അഞ്ചുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
സ്‌നിഫർ നായകളെ ഉപയോഗിച്ചാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിലെ മനുഷ്യസാന്നിധ്യം ഉദ്യോഗസ്ഥർ കണ്ടെത്തിയത്. എൻഡിആർഎഫ്, എസ്ഡിആർഎഫ്, അഗ്നിശമന സേന, പോലീസ് തുടങ്ങിയവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. നിലവിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പ്രദേശത്തെ മറ്റു കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ചും ആശങ്ക ഉയരുന്നുണ്ട്. അപകടകാരണം സംബന്ധിച്ച അന്വേഷണം നടന്നുവരുന്നു.
വിവിധ കുടുംബങ്ങളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കെട്ടിടത്തിനുള്ളിൽ 15 പേർ കുടുങ്ങിയതെന്ന നിഗമനത്തിലെത്തിയത്. ഇനിയും മനുഷ്യജീവൻ ഇല്ല എന്ന് ഉറപ്പാക്കുന്നതുവരെ രക്ഷാപ്രവർത്തനം തുടരുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. 15 മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനങ്ങൾക്കൊടുവിലാണ് 15 പേരെയും പുറത്തെടുക്കാനായത്.