Medha Patkar: മേധാ പട്കർ അറസ്റ്റിൽ; ഡൽഹി ലഫ്. ഗവർണർ നൽകിയ മാനനഷ്ടകേസിൽ ജാമ്യമില്ലാ വാറണ്ട്
Medha Patkar Defamation case: 2001-ൽ അഹമ്മദാബാദ് ആസ്ഥാനമായുള്ള എൻജിഒ നാഷണൽ കൗൺസിൽ ഫോർ സിവിൽ ലിബർട്ടീസിന്റെ മേധാവിയായിരുന്ന സക്‌സേന, മേധാ പട്കറിനെതിരെ രണ്ട് മാനനഷ്ടക്കേസുകളാണ് ഫയൽ ചെയ്തത്.

സാമൂഹിക പ്രവർത്തക മേധാ പട്കർ അറസ്റ്റിൽ. ഡൽഹി ലഫ്. ഗവർണർ വി.കെ. സക്‌സേന നൽകിയ മാനനഷ്ടകേസിൽ ജാമ്യമില്ലാ വാറണ്ടിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുപത്തിമൂന്ന് വർഷം പഴക്കമുള്ള കേസിലാണ് നടപടി. ഡൽഹി എൽ.ജി. സക്‌സേന നൽകിയ മാനനഷ്ടക്കേസിൽ ഹാജരാകാതിരുന്നതിനും ഉത്തരവ് പാലിക്കാത്തതും ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.
2001-ൽ ഫയൽ ചെയ്ത മാനനഷ്ടക്കേസിൽ കഴിഞ്ഞ വർഷം കോടതി വിധി പറഞ്ഞിരുന്നു. പിഴയിനത്തിൽ ഒരു ലക്ഷം രൂപയും ബോണ്ട് തുകയായി 25,000 രൂപയും കെട്ടിവെക്കാനായിരുന്നു കോടതി ഉത്തരവ്. എന്നാൽ മേധാ പട്കർ മന:പൂർവ്വം ഉത്തരവ് പാലിച്ചില്ലെന്ന് അഡീഷണൽ സെഷൻസ് ജഡ്ജി വിശാൽ സിംഗ് നിരീക്ഷിച്ചു. ഇന്ന് കോടതിയിൽ ഹാജരാക്കും.
കേസിനാസ്പദമായ സംഭവം നടന്നത് രണ്ടര പതിറ്റാണ്ടുകൾക്ക് മുമ്പാണ്. 2001-ൽ അഹമ്മദാബാദ് ആസ്ഥാനമായുള്ള എൻജിഒ നാഷണൽ കൗൺസിൽ ഫോർ സിവിൽ ലിബർട്ടീസിന്റെ മേധാവിയായിരുന്ന സക്‌സേന, മേധാ പട്കറിനെതിരെ രണ്ട് മാനനഷ്ടക്കേസുകളാണ് ഫയൽ ചെയ്തത്. തനിക്കും നർമദാ ബച്ചാവോ ആന്തോളനും എതിരെ പരസ്യങ്ങൾ പ്രസിദ്ധീകരിച്ചതിന് സക്സേനയ്ക്കെതിരെ മേധ പട്കർ കേസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സക്സേന മാനനഷ്ടക്കേസ് നൽകിയത്.
ഒരു ടെലിവിഷൻ അഭിമുഖത്തിനിടെ മേധ പട്കർ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നും അപമാനകരമായ പത്രക്കുറിപ്പ് ഇറക്കിയെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സക്സേനയുടെ പരാതി. സക്സേനയ്ക്ക് ഹവാല ഇടപാടുകളിൽ പങ്കുണ്ടെന്ന ആരോപണവും അദ്ദേഹത്തെ ഭീരു എന്ന് വിളിക്കുകയും ചെയ്ത മേധ പട്കറിന്റെ പ്രവൃത്തികൾ അപമാനകരവും തെറ്റിദ്ധാരണ ഉണ്ടാക്കുന്നതും ആണെന്നായിരുന്നു കോടതി പറഞ്ഞത്.
തുടർന്ന് പട്കറിന് അഞ്ച് മാസം തടവും പത്ത് ലക്ഷം രൂപ നഷ്ടപരിഹാരവും വിധിച്ചു. എന്നാൽ പ്രായവും നല്ല നടപ്പും പരിഗണിച്ച് ശിക്ഷയിൽ ഇളവ് നൽകുകയും പിഴയിനത്തിൽ ഒരു ലക്ഷം രൂപ കെട്ടിവെക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാലീ ഉത്തരവ് ലംഘിച്ചതിനെ തുടർന്നാണ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. അഭിഭാഷകരായ ഗജീന്ദർ കുമാർ, കിരൺ ജയ്, ചന്ദ്രശേഖർ, ദൃഷ്ടി, സോമ്യ ആര്യ എന്നിവരാണ് സക്‌സേനയെ പ്രതിനിധീകരിച്ച് കോടതിയിൽ എത്തിയത്.