Delhi Pigeon Feeding Centers: ഇനി ഇവിടെ പ്രാവുകൾ പറന്നുയരില്ല…; പ്രാവ് തീറ്റ കേന്ദ്രങ്ങൾ അടച്ചുപൂട്ടാനൊരുങ്ങുന്നു
Why Delhi Is Planning To Ban Pigeon Feeding: നഗരത്തിൽ വിവിധയിടങ്ങളിലായി ഇത്തരത്തിൽ പ്രാവുകൾക്ക് തീറ്റ നൽകുന്ന കേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്നുണ്ട്. ഇതെല്ലാം ഒന്നാകെ അടച്ചുപൂട്ടുമെന്നാണ് വിവരം. ഡൽഹി കാണാനെത്തുന്നവർക്കും എന്നും ഇതൊരു കൗതുക കാഴ്ചയായിരുന്നു.
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നഗരക്കാഴ്ച്ചകളിൽ എക്കാലവും മുന്നിൽ നിന്ന് ഒന്നായിരുന്നു പ്രാവുകൾക്ക് തീറ്റ നൽകുന്ന കേന്ദ്രങ്ങൾ. എന്നാൽ ഇന്നത് അന്യമാകാൻ പോകുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. പ്രാവുകൾക്ക് തീറ്റ നൽകുന്ന കേന്ദ്രങ്ങൾ അടച്ചു പൂട്ടാനൊരുങ്ങുകയാണ് അധികൃതർ. രോഗവ്യാപന സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നതെന്നാണ് വിശദീകരണം.
ഡൽഹിയിലെ ഐകോണിക് കാഴ്ചകളിലൊന്നാണിത്. നഗരത്തിൽ വിവിധയിടങ്ങളിലായി ഇത്തരത്തിൽ പ്രാവുകൾക്ക് തീറ്റ നൽകുന്ന കേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്നുണ്ട്. ഇതെല്ലാം ഒന്നാകെ അടച്ചുപൂട്ടുമെന്നാണ് വിവരം. ഡൽഹി കാണാനെത്തുന്നവർക്കും എന്നും ഇതൊരു കൗതുക കാഴ്ചയായിരുന്നു. കൂടാതെ പല സിനിമകളുടെ ചിത്രീകരണത്തിലും ഈ സ്ഥലങ്ങൾ ഭാഗമായിട്ടുണ്ട്. പല കേന്ദ്രങ്ങളും ഇതിനോടകം ഇല്ലാതായിട്ടുണ്ട്.
കൊണാട്ട് പ്ലേസ്, ജണ്ഡേവാലൻ, തൽക്കത്തോറ തുടങ്ങി നഗര മധ്യത്തിൽ ബാക്കിയുള്ളയിടങ്ങൾ ദിവസവും പതിനായിരക്കണക്കിന് പ്രാവുകളെയാണ് ഊട്ടുന്നത്. എന്നാൽ ഇത്തരം കേന്ദ്രങ്ങളിൽ ക്രമാതീതമായി വർദ്ധിക്കുന്ന പ്രാവുകളും അവ പുറം തള്ളുന്ന വിസർജ്യങ്ങളും ചെറുതല്ലാത്ത ഭീഷണിയാകുന്നുണ്ടെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.
സാൽമൊണെല്ല, ഇ കോളി, ഇൻഫ്ലുവെൻസ തുടങ്ങിയ രോഗാണുക്കളുടെ വ്യാപനത്തിന് ഇത്തരം കേന്ദ്രങ്ങൾ കാരണമാകുന്നുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. ആസ്തമ അടക്കമുള്ള രോഗങ്ങൾക്ക് ഇത് കാരണമായേക്കും. ഇത് പരിഗണിച്ചാണ് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ പ്രാവുതീറ്റ കേന്ദ്രങ്ങൾ അടച്ചുപൂട്ടാൻ പദ്ധതിയിടുന്നത്.
അതേസമയം ഈ നടപടി പ്രാവുകളുടെ മാത്രമല്ല വർഷങ്ങളായി ഇത്തരം കേന്ദ്രങ്ങളിൽ തീറ്റ വില്ക്കുന്നവരെയും കഷ്ട്ടത്തിലാക്കും. ശുചിത്വം ഉറപ്പാക്കി ഭീഷണി മറികടക്കണമെന്നാണ് ഒമ്പത് വർഷമായി തീറ്റ വിൽക്കുന്ന ജിൽനിയുടെ അപേക്ഷ. പെട്ടെന്നൊരു ദിവസം തീറ്റ നിർത്തിയാൽ ഈ പ്രാവുകളൊക്കെ എവിടെ പോകുമെന്നാണ് നാട്ടുകാരും ഡൽഹിയിലെത്തുന്ന സഞ്ചാരികളും ഉയർത്തുന്ന ചോദ്യം. അടച്ചുപൂട്ടാനുള്ള നടപടികളെ കുറിച്ച് എംസിഡി ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഡൽഹി, മുംബൈ, ബെംഗളൂരു, പൂനെ തുടങ്ങിയ നഗരങ്ങളിൽ പ്രാവുമായി ബന്ധപ്പെട്ട ഹൈപ്പർസെൻസിറ്റീവ് ന്യുമോണിയ വർധിച്ചുവരികയാണെന്ന റിപ്പോർട്ടുകളുമുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖമുള്ള ആളുകൾക്ക് രോഗം പിടിപെടാനുള്ള സാധ്യത 60 മുതൽ 65 ശതമാനം വരെ കൂടുതലാണ്.