‘ചരിത്രം എന്നോട് കരുണകാണിക്കും’; പ്രധാനമന്ത്രിയായി അവസാന വാർത്താസമ്മേളനത്തിലെ മൻമോഹൻ സിംഗിൻ്റെ വാക്കുകൾ ചർച്ചയാവുന്നു
Manmohan Singhs Words From His Last Press Meet: പ്രധാനമന്ത്രിയായുള്ള തൻ്റെ അവസാന വാർത്താസമ്മേളനത്തിൽ മൻമോഹൻ സിംഗ് പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ച. എൻഡിടിവി റിപ്പോർട്ടറുടെ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞ വാക്കുകളാണ് വീണ്ടും ചർച്ചയാവുന്നത്.
പ്രധാനമന്ത്രിയായി തൻ്റെ അവസാന വാർത്താസമ്മേളനത്തിൽ മന്മോഹൻ സിംഗ് (Manmohan Singh) പറഞ്ഞ വാക്കുകൾ ചർച്ചയാവുന്നു. 2014 ജനുവരി മൂന്നിന് നടത്തിയ വാർത്താസമ്മേളനത്തിലെ ചില വാക്കുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മുൻപും പലതവണ സമൂഹമാധ്യമങ്ങളിൽ ഈ വാക്കുകൾ ചർച്ചയായിരുന്നു. എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
വാർത്താസമ്മേളനത്തിൽ എൻഡിടിവി റിപ്പോർട്ടർ സുനിൽ പ്രഭുവിൻ്റെ ചോദ്യത്തോടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. തൻ്റെ മന്ത്രിമാരെ നിയന്ത്രിക്കാനുള്ള കഴിവില്ലാത്തതും പല സാഹചര്യങ്ങളിലും അതിനനുസരിച്ച് പ്രവർത്തിക്കാനുള്ള അദ്ദേഹത്തിൻ്റെ വിസമ്മതവുമാണ് റിപ്പോർട്ടർ ചോദിച്ചത്. ഇതിന് മറുപടിയായി പുഞ്ചിരിച്ചുകൊണ്ട് മൻമോഹൻ സിംഗ് പറഞ്ഞത്, “നിലവിലെ മാധ്യമങ്ങളെക്കാളും പാർലമെൻ്റിലെ പ്രതിപക്ഷ പാർട്ടികളെക്കാളും കരുണ ചരിത്രം എന്നോട് കാണിക്കുമെന്ന് ആത്മാർത്ഥമായി ഞാൻ ആഗ്രഹിക്കുന്നു” എന്നാണ്. തനിക്ക് ക്യാബിനറ്റ് ഭരണസംവിധാനത്തിൽ നടക്കുന്നതെല്ലാം വെളിപ്പെടുത്താനാവില്ല. കൂട്ടുകക്ഷി രാഷ്ട്രീയത്തിൻ്റെ സാഹചര്യങ്ങളും നിബന്ധനകളും കണക്കിലെടുത്ത് എനിക്ക് ചെയ്യാൻ കഴിയുന്നതിൻ്റെ പരമാവധി താൻ ചെയ്തിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഈ സമയത്ത് യുപിഎ സർക്കാർ വലിയ പ്രതിസന്ധിയിലായിരുന്നു. പല മന്ത്രാലയങ്ങളിലും അഴിമതിയാരോപണമുണ്ടായിരുന്നു. ഇതേ തുടർന്ന് 2014 തിരഞ്ഞെടുപ്പിൽ യുപിഎ സർക്കാർ വീണ് നരേന്ദ്രമോദി നയിക്കുന്ന ബിജെപി അധികാരത്തിലെത്തിയത്.
ഈ മാസം 26നാണ് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് മരണപ്പെട്ടത്. 92 വയസായിരുന്നു. മരണത്തിൽ അനുശോചിച്ച് രാജ്യത്ത് ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്ന് നടത്താനിരുന്ന എല്ലാ സര്‍ക്കാര്‍ പരിപാടികളും റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. അമേരിക്കയിൽ നിന്ന് മകൾ എത്തിയതിന് ശേഷം ഈ മാസം 28നാവും സംസ്കാരം. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാവും സംസ്കാരം നടക്കുക.
ദേഹാസ്വസ്ഥ്യത്തെ തുടർന്ന് വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് അദ്ദേഹത്തെ ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി 9.51ന് അദ്ദേഹത്തിൻ്റെ മരണം സ്ഥിരീകരിച്ചു.
മൻമോഹൻ സിംഗിൻ്റെ വിയോഗത്തിൽ അനുശോചിച്ച് സ്ഥാപക ദിനാഘോഷങ്ങൾ ഉൾപ്പെടെ കോണ്‍ഗ്രസിന്‍റെ അടുത്ത ഏഴ് ദിവസത്തെ എല്ലാ പരിപാടികളും റദ്ദാക്കിയതായി കെസി വേണുഗോപാൽ അറിയിച്ചു. പ്രക്ഷോഭ പരിപാടികളും ജനസമ്പർക്ക പരിപാടികളും ഉൾപ്പെടെയാണ് റദ്ദാക്കിയത്. 2025 ജനുവരി മൂന്നിനാവും പാർട്ടി പരിപാടികൾ പുനരാരംഭിക്കുക.
അതേസമയം മുൻ പ്രധാനമന്ത്രിയുടെ വിയോഗത്തിൽ നിരവധി രാഷ്ട്രിയ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് നേതാക്കളായ മല്ലിഗാര്‍ജ്ജുന്‍ ഖര്‍ഗെ, പ്രിയങ്ക ഗാന്ധി തുടങ്ങിയവരൊക്കെ മൻമോഹൻ സിംഗിന് അനുശോചനമറിയിച്ചു.
പിവി നരസിംഹറാവു മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് 2004 മുതൽ 2014 വരെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നു. ഈ വര്‍ഷം ആദ്യമാണ് അദ്ദേഹം രാജ്യസഭയില്‍ നിന്ന് വിരമിച്ചത്. ഏറെക്കാലമായി വാർധക്യസഹജമായ അസുഖങ്ങളുണ്ടായിരുന്നു. ആർബിഐ ഗവർണർ, ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ, ധനമന്ത്രാലയം സെക്രട്ടറി തുടങ്ങി വിവിധ സ്ഥാനങ്ങൾ വഹിച്ചു. 1998 മുതൽ 2004 വരെ പ്രതിപക്ഷ നേതാവായിരുന്നു.