Manipur Violence: മണിപ്പുരിൽ രണ്ടുപേർ വെന്തുമരിച്ച നിലയിൽ; പ്രദേശത്ത് നിരോധനാജ്ഞ
Manipur violence Latest Updates: മൂന്ന് സ്ത്രീകളേയും മൂന്ന് കുട്ടികളേയും പ്രദേശത്ത് നിന്ന് കാണാതായിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും സുരക്ഷാസേന വ്യക്തമാക്കി. മെയ്തേയ് വിഭാഗക്കാരാണെന്നാണ് ഇരകളെന്നാണ് വിവരം. മറ്റ് അനിഷ്ഠ സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രദേശത്ത് ജില്ലാ ഭരണകൂടം നിരോധനാജ്ഞ ഏർപ്പെടുത്തി.
![Manipur Violence: മണിപ്പുരിൽ രണ്ടുപേർ വെന്തുമരിച്ച നിലയിൽ; പ്രദേശത്ത് നിരോധനാജ്ഞ Manipur Violence: മണിപ്പുരിൽ രണ്ടുപേർ വെന്തുമരിച്ച നിലയിൽ; പ്രദേശത്ത് നിരോധനാജ്ഞ](https://images.malayalamtv9.com/uploads/2024/11/Manipur-Violence.png?w=1280)
ഇംഫാൽ: മണിപ്പൂരിൽ രണ്ടുപേരെ വെന്തുമരിച്ച നിലയിൽ കണ്ടെത്തി. സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 11 കുക്കി ആയുധധാരികൾ കൊല്ലപ്പെട്ടതിനെ പിന്നാലെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. തിങ്കളാഴ്ച കലാപകാരികൾ തീയിട്ട ജാകുരദോർ കരോങ്ങ് മേഖലയിലെ അവശിഷ്ടങ്ങളിൽ നിന്നാണ് രണ്ട് പുരുഷന്മാരുടെ മൃതദേഹം കണ്ടെത്തിയത്.
അതിനിടെ മൂന്ന് സ്ത്രീകളേയും മൂന്ന് കുട്ടികളേയും പ്രദേശത്ത് നിന്ന് കാണാതായിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും സുരക്ഷാസേന വ്യക്തമാക്കി. മെയ്തേയ് വിഭാഗക്കാരാണെന്നാണ് ഇരകളെന്നാണ് വിവരം. മറ്റ് അനിഷ്ഠ സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രദേശത്ത് ജില്ലാ ഭരണകൂടം നിരോധനാജ്ഞ ഏർപ്പെടുത്തി. 11 പേർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച പുലർച്ചെ അഞ്ചു മുതൽ കുക്കി ഭൂരിപക്ഷ മേഖലകളിൽ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയായിരുന്നു.
അസമിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ജിരിബാം ജില്ലയിൽ ബോറോബെക്രയിലുള്ള പോലീസ് സ്റ്റേഷനും സമീപത്തെ സിആർപിഎഫ് ക്യാമ്പിന് നേരെയാണ് അക്രമികൾ കഴിഞ്ഞ ദിവസം വെടിയുതിർത്തത്. സംഭവത്തിൽ രണ്ട് സിആർപിഎഫ് ജവാന്മാർക്ക് പരിക്കേറ്റിരുന്നു. കൊല്ലപ്പെട്ടവരുടെ പക്കൽ അത്യാധുനിക ആയുധങ്ങൾ ഉണ്ടായിരുന്നുവെന്നാണ് സുരക്ഷാസേന പറയുന്നത്.
ജിരിബാമിൽ പിന്നീട് സ്ഥിതി ശാന്തമായിരുന്നുവെങ്കിലും സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിൽ സുരക്ഷാസേന പട്രോളിങ് ശക്തമാക്കിയിരുന്നു. അതേസമയം, ജിരിബാമിലെ വെടിവെപ്പിനുശേഷം ഇംഫാൽ താഴ്വരയിലെ വിവിധ സ്ഥലങ്ങളിൽ വലിയ അക്രമങ്ങളാണ് പൊട്ടിപ്പുറപ്പെട്ടത്. സായുധസംഘങ്ങൾ ഉൾപ്പെടെ പരസ്പരം വെടിയുതിർത്തു. കലാപകാരികളെ നേരിടാനായി അസം റൈഫിൾസും സിആർപിഎഫും കൂടുതൽ സൈനികരെ വിവിധ മേഖലകളിൽ വിന്യസിച്ചിട്ടുണ്ടെന്നാണ് വിവരം.