Manipur: മണിപ്പൂരിൽ റോക്കറ്റാക്രമണം; ഒരാൾ കൊല്ലപ്പെട്ടു, അതിർത്തി പ്രദേശങ്ങൾ ഭീതിയിൽ
Manipur Violence: കഴിഞ്ഞ ദിവസം ഇംഫാൽ വെസ്റ്റിൽ ഡ്രോൺ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ റോക്കറ്റാക്രമണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് വീണ്ടും കലാപം രൂക്ഷമാകുന്ന സാഹചര്യമായതിനാൽ ഇന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.
ഇംഫാൽ: മണിപ്പൂരിലെ (Manipur) ബിഷ്ണുപൂർ ജില്ലയിൽ റോക്കറ്റ് ആക്രമണത്തിൽ (rocket attack) ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇതോടെ മണിപ്പൂരിൽ വീണ്ടും യുദ്ധസമാനമായ സാഹചര്യം ഉടലെടുത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇംഫാൽ വെസ്റ്റിൽ ഡ്രോൺ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ റോക്കറ്റാക്രമണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് വീണ്ടും കലാപം രൂക്ഷമാകുന്ന സാഹചര്യമായതിനാൽ ഇന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.
മണിപ്പൂരിന്റെ പ്രഥമ മുഖ്യമന്ത്രിയായ മെയ്രാംബാം കൊയിരങ് സിങ്ങിന്റെ വീടിനു മുകളിലേക്കാണ് റോക്കറ്റ് ഷെല്ലുകളിലൊന്ന് പതിച്ചെന്നും റിപ്പോർട്ടുണ്ട്. അവിടെ പ്രാർഥന നടത്തകൊണ്ടിരുന്ന ആർ കെ റാബേയി എന്ന 70 കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 13 വയസ്സുള്ള ഒരു പെൺകുട്ടിക്ക് ഉൾപ്പെടെ അഞ്ച് പേർക്ക് പരുക്കേറ്റിട്ടുള്ളതായാണ് വിവരം. മെയ്തെയ് വിഭാഗക്കാരാണ് ഇവരെന്നാണ് സൂചന. എന്നാൽ കുക്കി മേഖലയായ ചുരാചന്ദ്പൂരിൽ നിന്നാണ് റോക്കറ്റ് ആക്രമണം ഉണ്ടായതെന്നാണ് മെയ്തെയ് സംഘടനകൾ ആരോപിക്കുന്നത്. ഇത് നിഷേധിച്ചുകൊണ്ട് കുക്കി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
നിലവിൽ ചുരാചന്ദ്പൂർ- ബിഷ്ണുപൂർ അതിർത്തി മേഖലകളിൽ യുദ്ധസമാനമായ സാഹചര്യമാണ്. അതിർത്തിയിലെ ഏതാനും കുക്കി ബങ്കറുകൾ തീവ്ര മെയ്തെയ് സംഘടനകൾ പിടിച്ചെടുത്തതായാണ് വിവരം. കഴിഞ്ഞ ദിവസം വൈകുന്നേരം മുതൽ ഇരുഭാഗത്തു നിന്നും വലിയ രീതിയിലുള്ള വെടിവയ്പ്പുകൾ തുടരുകയാണ്.
ALSO READ: തീ കെട്ടടങ്ങാതെ മണിപ്പൂര്‍; ഗ്രാമങ്ങളെ ലക്ഷ്യമാക്കി ഡ്രോണ്‍ ആക്രമണം
അതിർത്തി പ്രദേശങ്ങൾ ഭീതിയിൽ
മെയ്തെയ്കളും കുക്കികളും ഏറ്റുമുട്ടലിന് ഡ്രോണുകളും റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡുകളും ഉപയോഗിച്ച് തുടങ്ങിയതോടെ അതിർത്തികളിൽ താമസിക്കുന്നവർ ഉൾപ്പെടെ ഭീതിയിലാണ് നിലിവിൽ കഴിയുന്നത്. ഞായറാഴ്ച നടന്ന ഡ്രോൺ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച നടന്ന ഡ്രോൺ ആക്രമണത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. ഇന്നലെ രാവിലെയാണ് റോക്കറ്റ് ആക്രമണം ആരംഭിച്ചത്. സംഭവത്തിൽ ഒരു കെട്ടിടവും ഹാളും തകർന്നിട്ടുണ്ട്.
മെയ്തി-കുക്കി പോര്
2023 മെയ് മൂന്നിനാണ് മണിപ്പൂരിൽ മെയ്തി-കുക്കി സംഘർഷങ്ങൾ പൊട്ടിപുറപ്പെട്ടത്. ഗോത്രവർഗമായ മെയ്തി വിഭാഗത്തിന് പട്ടികജാതി വർഗ പദവി നൽകുന്നത് സംബന്ധിച്ച് പഠനം നടത്താൻ സമിതിയെ നിയോഗിക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവാണ് സംഘർഷങ്ങൾക്ക് തുടക്കം കുറിച്ചത്. ഇതിന് പിന്നാലെ വലിയ സംഘർഷമാണ് രൂപപ്പെട്ടത്. നിരവധി ഗ്രാമങ്ങളും വീടുകളും ആരാധനാലയങ്ങളും സ്‌കൂളുകളും അഗ്‌നിക്കിരയായി. കുക്കി യുവതികളെ ബലാത്സംഗം ചെയ്ത് നഗ്‌നരാക്കി നടത്തിയ സംഭവം രാജ്യത്തുടന്നീളം രോക്ഷം ഉയർത്തി.
സംഘർഷം രൂക്ഷമായതോടെ വീടുകൾ നഷ്ടമായ അമ്പതിനായിരത്തിലധികം പേരാണ് ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നുത്. മണിപ്പൂരിലെ ജനസംഖ്യയുടെ 53 ശതമാനവും മെയ്തി വിഭാഗമാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ബാക്കിവരുന്ന 25 ശതമാനം കുക്കികളും 15 ശതമാനം നാഗകളുമാണ്. ഭൂരിഭാഗം വരുന്ന മെയ്തികളും ഇംഫാൽ താഴ്വരയിലാണ് താമസിക്കുന്നത്. കുക്കി, നാഗ വിഭാഗത്തെ തൊട്ടുകൂടാൻ പാടില്ലാത്തവരായാണ് മെയ്തി വിഭാഗക്കാരെ കണക്കാക്കുന്നത്.