Manipur Violence: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ഇന്റർനെറ്റ് നിരോധനം; മണിപ്പൂരിൽ നിയന്ത്രണങ്ങൾ തുടരുന്നു
Manipur Violence Latest Updation: അക്രമികൾക്ക് ഇത്തരത്തിൽ ആയുധവും പണവുമെത്തിക്കുന്നത് ചൈനയും പാകിസ്ഥാനുമാണെന്ന് അസം റൈഫിൾസിൻറെ മുൻ ഡിജി വെളിപ്പെടുത്തിയിരുന്നു. കൂടാതെ ഇതോടൊപ്പം വൻ ലഹരിമരുന്ന് കടത്തും നടക്കുന്നുണ്ടെന്ന് മണിപ്പൂരിൽ സേവനമനുഷ്ഠിച്ച ലഫ്. ജനറൽ പിസി നായർ പറഞ്ഞു.
ഇംഫാൽ: മണിപ്പൂരിൽ സംഘർഷ (Manipur Violence) തുടരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ തുടരുന്നു. സംഘർഷ സാധ്യത കൂടിയ സ്ഥലങ്ങളിൽ അധികൃതർ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി രണ്ട് ദിവസം കൂടി നീട്ടി. ഇംഫാലിലാണ് സംഘർഷം വലിയതോതിൽ വ്യാപിക്കുന്നത്. കൂടാതെ അടുത്ത അഞ്ച് ദിവസത്തേക്ക് മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനവും (internet ban) ഏർപ്പെടുത്തിയിട്ടുണ്ട്. ഒരാഴ്ച്ചയായിട്ടാണ് മണിപ്പൂരിലെ അവസ്ഥ ഇത്രയധികം മോശമായത്. വിവിധയിടങ്ങളിൽ ഉണ്ടായ ആക്രമങ്ങളിൽ 15 പേരോളം കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
അതിനിടെ അക്രമ സംഭവങ്ങളിൽ മണിപ്പൂർ ഗവർണർ ആശങ്ക രേഖപ്പെടുത്തികൊണ്ട് രംഗത്തെത്തി. പ്രതിഷേധങ്ങൾ കണക്കിലെടുത്ത് രാജഭവന് സുരക്ഷ വർധിപ്പിച്ചു. എന്നാൽ അക്രമികൾക്ക് ഇത്തരത്തിൽ ആയുധവും പണവുമെത്തിക്കുന്നത് ചൈനയും പാകിസ്ഥാനുമാണെന്ന് അസം റൈഫിൾസിൻറെ മുൻ ഡിജി വെളിപ്പെടുത്തിയിരുന്നു. കൂടാതെ ഇതോടൊപ്പം വൻ ലഹരിമരുന്ന് കടത്തും നടക്കുന്നുണ്ടെന്ന് മണിപ്പൂരിൽ സേവനമനുഷ്ഠിച്ച ലഫ്. ജനറൽ പിസി നായർ പറഞ്ഞു.
ALSO READ: മണിപ്പൂരിൽ സംഘർഷം; മുൻ സൈനികൻ കൊല്ലപ്പെട്ട നിലയിൽ, മേഖലയിൽ സുരക്ഷ ശക്തമാക്കി
കഴിഞ്ഞ ദിവസം മെയ്തെയ് അനുകൂല വിദ്യാർത്ഥി സംഘടനകൾ നടത്തിയ പ്രതിഷേധത്തിന് പിന്നാലെ ഇംഫാലിൽ അടക്കം വലിയ സംഘർഷമാണ് റിപ്പോർട്ട് ചെയ്തത്. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. ഇതിനിടെ ക്യാങ് പോപ്പിയിൽ കാണാതായ മുൻ സൈനികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിന് പിന്നാലെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. ഇദ്ദേഹത്തെ മെയ്തെയ് സംഘടനകൾ തട്ടി കൊണ്ടുപോയി കൊല്ലപ്പെടുത്തിയതാണെന്നാണ് കുക്കി സംഘടനകളുടെ ആരോപണം. കുക്കികളെ വംശഹത്യ നടത്താൻ മുഖ്യമന്ത്രി ബീരേൻ സിങ് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കുക്കി വനിത സംഘടനകൾ കേന്ദ്ര സർക്കാരിന് പരാതി നൽകിയിട്ടുണ്ട്.
നിലവിലെ മണിപ്പൂരിലെ സാഹചര്യം പ്രധാനമന്ത്രി വിലയിരുത്തിയിരുന്നു. ഡ്രോണുകൾ ഉപയോഗിക്കുന്ന സാഹചര്യത്തെക്കുറിച്ച് ചർച്ച ചെയ്തയാണ് റിപ്പോർട്ട്. ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രിയോട് സ്ഥിതി വിശദീകരിച്ചിട്ടുണ്ട്. രാഷ്ട്രപതി ഭരണം ആലോചനയിൽ ഇല്ലെന്നാണ് ഉന്നത വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. സംഘർഷം തുടരുമ്പോഴും പ്രധാനമന്ത്രിയുടെ മൗനം പൊറുക്കാനാകാത്തത് ആണെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഇതിനോട് പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ആഴ്ച മണിപ്പൂരിലെ ബിഷ്ണുപൂർ ജില്ലയിൽ റോക്കറ്റ് ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. ഇംഫാൽ വെസ്റ്റിൽ ഡ്രോൺ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു പുതിയ സംഭവം. മണിപ്പൂരിന്റെ പ്രഥമ മുഖ്യമന്ത്രിയായ മെയ്രാംബാം കൊയിരങ് സിങ്ങിന്റെ വീടിനു മുകളിലേക്കാണ് റോക്കറ്റ് ഷെല്ലുകളിലൊന്ന് പതിച്ചെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. അവിടെ പ്രാർഥന നടത്തകൊണ്ടിരുന്ന ആർ കെ റാബേയി എന്ന 70 കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 13 വയസ്സുള്ള ഒരു പെൺകുട്ടിക്ക് ഉൾപ്പെടെ അഞ്ച് പേർക്ക് പരുക്കേറ്റിരുന്നു. പരിക്കേറ്റവർ മെയ്തെയ് വിഭാഗക്കാരാണെന്നാണ് സൂചന. എന്നാൽ കുക്കി മേഖലയായ ചുരാചന്ദ്പൂരിൽ നിന്നാണ് റോക്കറ്റ് ആക്രമണം ഉണ്ടായതെന്നാണ് മെയ്തെയ് സംഘടനകൾ ആരോപിച്ചത്. എന്നാൽ ഈ ആരോപണം നിഷേധിച്ച് കുക്കിൾ രംഗത്തെത്തുകയും ചെയ്തു.