5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Manipur Violence: മണിപ്പൂർ കലാപം; നടപടികൾ കടുപ്പിച്ച് കേന്ദ്രം, സാഹചര്യം വിലയിരുത്താൻ അമിത് ഷായുടെ നേതൃത്വത്തിൽ യോഗം

Manipur Violence Latest Updation: മുഖ്യമന്ത്രിയുടെ വസതിയിലേക്കടക്കം അക്രമം വ്യാപിച്ചിരിക്കുകയാണ്. അതിനാൽ തന്നെ മണിപ്പൂർ കലാപത്തിൽ ശക്തമായി ഇടപെടാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണം മാറ്റി വച്ചുകൊണ്ടാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ ഡൽഹിയിൽ അടിയന്തര യോഗം ചേർന്നത്.

Manipur Violence: മണിപ്പൂർ കലാപം; നടപടികൾ കടുപ്പിച്ച് കേന്ദ്രം, സാഹചര്യം വിലയിരുത്താൻ അമിത് ഷായുടെ നേതൃത്വത്തിൽ യോഗം
സുരക്ഷാ ഉദ്യോഗസ്ഥർ പട്രോളിംഗ് നടത്തുന്നു. (Image Credits: PTI)
neethu-vijayan
Neethu Vijayan | Published: 18 Nov 2024 06:11 AM

ന്യൂഡൽഹി: മണിപ്പൂർ കലാപം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ യോ​ഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിലവിലെ സാഹചര്യം വിലയിരുത്തുന്നതിനായാണ് ഇന്ന് വീണ്ടും യോഗം വിളിച്ചിരിക്കുന്നത്. 12 മണിക്ക് ഡൽഹിയിലാകും ഉന്നത ഉദ്യോഗസ്ഥരുമായി ചേർന്ന് യോഗം നടത്തുക. സമാധാനം പുനഃസ്ഥാപിക്കുന്നതിനായി സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് ഇന്നലെ ചേർന്ന യോഗത്തിൽ ഷാ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സാഹചര്യം വിലയിരുത്താൻ ഇന്നും വീണ്ടും യോഗം വിളിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ വസതിയിലേക്കടക്കം അക്രമം വ്യാപിച്ചിരിക്കുകയാണ്. അതിനാൽ തന്നെ മണിപ്പൂർ കലാപത്തിൽ ശക്തമായി ഇടപെടാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണം മാറ്റി വച്ചുകൊണ്ടാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ ഡൽഹിയിൽ അടിയന്തര യോഗം ചേർന്നത്. ഉന്നത ഉദ്യോഗസ്ഥരുമായുള്ള ഷായുടെ കൂടികാഴ്ചകൾക്ക് പിന്നാലെ സി ആർ പി എഫ് ഡിജി മണിപ്പൂരിലെത്താൻ തീരുമാനിച്ചു. സംഘർഷം രൂക്ഷമായ ജിരിബാമിലേക്കും ഇംഫാലിലേക്കും കൂടുതൽ കേന്ദ്രസേനയെ അയച്ചിട്ടുണ്ടെന്നാണ് വിവരം.

ALSO READ: സംഘ‍ർഷം ഒഴിയാതെ മണിപ്പൂർ; ഏഴ് ജില്ലകളിൽ ഇന്റർനെറ്റ് റദ്ദാക്കി, ഇംഫാൽ താഴ്വരയിൽ കർഫ്യൂ

അതേസമയം മണിപ്പൂരിൽ സംഘർഷം തുടരുന്നതിനിടെ എൻപിപി (നാഷ്ണൽ പീപ്പിൾസ് പാ‍ർട്ടി) സർക്കാരിനുള്ള പിന്തുണ പിൻവലിച്ചത് ബിജെപിക്ക് വലിയ തിരിച്ചടിയായി. സംസ്ഥാന സർക്കാരിനുള്ള പിന്തുണ പിൻവലിക്കുകയാണെന്ന് അറിയിച്ചുകൊണ്ട് എൻപിപി, ബിജെപി അധ്യക്ഷൻ ജെ പി നദ്ദയ്ക്ക് കത്ത് അയയ്ക്കുകയായിരുന്നു. സംസ്ഥാന സർക്കാർ സമ്പൂർണ പരാജയമാണെന്നും എൻപിപി അധ്യക്ഷനും മേഘാലയ മുഖ്യമന്ത്രിയുമായ കോൺറാഡ് സാങ്മ പറഞ്ഞു. 60 അംഗ മന്ത്രിസഭയിൽ ഏഴ് അംഗങ്ങളാണ് നിലവിൽ എൻ പി പിക്കുള്ളത്. 37 അംഗങ്ങളാണ് ബിജെപിക്കുള്ളത്. ‌

അതിനിടെ കാണാതായ കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും കലാപം രൂക്ഷമായത്. സായുധ സംഘങ്ങൾ തട്ടിക്കൊണ്ടുപോയവരെ കണ്ടെത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് മെയ്തെയ് വിഭാഗക്കാർ പ്രതിഷേധം രൂക്ഷമാക്കിയിരിക്കുന്നത്. ഇംഫാലിൽ മുഖ്യമന്ത്രി ബിരേൻ സിംഗിന്റെ വീട്ടിലേക്കടക്കം അതിക്രമിച്ച് കയറാൻ ശ്രമിച്ചവരെ ടിയർഗ്യാസ് പ്രയോഗിച്ചാണ് പൊലീസ് പ്രതിരോധിച്ചത്. മന്ത്രിമാരുടെയും എം എൽ എമാരുടെയും വീടുകളും വാഹനങ്ങളും വ്യാപകമായി ആക്രമിക്കപ്പെട്ടതായാണ് റിപ്പോർട്ട്.