Manipur President’s rule: മണിപ്പൂരിൽ രാഷ്ട്രപതി ഭരണം; പ്രമേയം പാസാക്കി ലോക്സഭ
Manipur President's rule: കഴിഞ്ഞ നാല് മാസമായി മണിപ്പൂരിൽ അക്രമങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും സംസ്ഥാനത്തെ സ്ഥിതി നിയന്ത്രണവിധേയമാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. അതേസമയം, പുലർച്ചെ പുലർച്ചെ 2 മണിക്ക് മണിപ്പൂർ വിഷയം ഏറ്റെടുത്തത് എന്തുകൊണ്ടാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ ചോദിച്ചു.

ന്യൂഡൽഹി: മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നത് സ്ഥിരീകരിച്ച് കൊണ്ടുള്ള പ്രമേയം പാസാക്കി ലോക്സഭ. വ്യാഴാഴ്ച പുലർച്ചെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായാണ് പ്രമേയം അവതരിപ്പിച്ചത്. വഖഫ് ബിൽ പാസാക്കിയതിന് തൊട്ട് പിന്നാലെയായിരുന്നു ആഭ്യന്തര മന്ത്രി പ്രമേയം അവതരിപ്പിച്ചത്.
കഴിഞ്ഞ നാല് മാസമായി മണിപ്പൂരിൽ അക്രമങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും സംസ്ഥാനത്തെ സ്ഥിതി നിയന്ത്രണവിധേയമാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യാഴാഴ്ച പറഞ്ഞു. അതേസമയം നേരം വൈകിയുള്ള പ്രമേയ അവതരണത്തെ പ്രതിപക്ഷ നേതാക്കൾ വിമർശിച്ചു. പുലർച്ചെ പുലർച്ചെ 2 മണിക്ക് മണിപ്പൂർ വിഷയം ഏറ്റെടുത്തത് എന്തുകൊണ്ടാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ ചോദിച്ചു.
‘മണിപ്പൂരിന് സമ്പന്നമായ സാംസ്കാരമാണ് ഉള്ളത്. എന്നാലിന്ന് നമ്മൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി സംസ്ഥാനത്തിലുള്ള പൊതുജനവിശ്വാസം നഷ്ടപ്പെട്ടു എന്നതാണ്. സാമ്പത്തികമായും സാമൂഹികമായും മണിപ്പൂർ ജനത പ്രതിസന്ധിയിലാണ്. മണിപ്പൂർ കോൺഗ്രസ് തയ്യാറാക്കിയ അവിശ്വാസ പ്രമേയത്തിന്റെ പേരിൽ മാത്രമാണ് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചത്’ എന്ന് അദ്ദേഹം പറഞ്ഞു.
ALSO READ: ‘ഞാന്‍ ദയ കാണിക്കുന്നു’; ഇന്ത്യയ്ക്ക് മേല്‍ 26% ഇറക്കുമതി തീരുവ ചുമത്തി ട്രംപ്
‘മണിപ്പൂർ വിഷയം സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷ പാർട്ടികൾ പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇന്ന് പുലർച്ചെ 2 മണിക്ക് ശേഷമുള്ള സമയമാണ് നിങ്ങൾ തിരഞ്ഞെടുത്തത്. മണിപ്പൂരിലെ ദുരിതമനുഭവിക്കുന്ന ജനങ്ങളോട് നിങ്ങൾക്ക് എത്രമാത്രം ബഹുമാനമുണ്ടെന്ന് ഇത് കാണിക്കുന്നു,’ എന്ന് ഡിഎംകെ എംപി കനിമൊഴി പറഞ്ഞു.
അതേസമയം മണിപ്പൂരിലെ സംഘർഷം പൂർണ്ണമായും കെട്ടടങ്ങിയിട്ടില്ല. 2023 മെയ് 3 ന് മണിപ്പൂർ ഓൾ ട്രൈബൽ സ്റ്റുഡന്റ്സ് യൂണിയൻ (ATSUM) നടത്തിയ റാലിയെത്തുടർന്നാണ് മണിപ്പൂരിൽ മെയ്തികളും കുക്കികളും തമ്മിൽ അക്രമം പൊട്ടിപ്പുറപ്പെട്ടത്. മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് രാജിവച്ച് അഞ്ച് ദിവസത്തിന് ശേഷം, ഫെബ്രുവരി 13 ന് മണിപ്പൂരിൽ ആർട്ടിക്കിൾ 356 പ്രകാരം രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുകയായിരുന്നു.