5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Manipur Lok Sabha Election Result 2024: മണിപ്പൂരില്‍ ബിജെപിക്ക് പൊള്ളി; കോണ്‍ഗ്രസിനെ അധികാരത്തിലേക്കയച്ച് മണിപ്പൂരികള്‍

Manipur Lok Sabha Election Result 2024 Today: രണ്ട് ഘട്ടങ്ങളിലായാണ് മണിപ്പൂരില്‍ തെരഞ്ഞെടുപ്പ് നടന്നത്. ആദ്യഘട്ടം ഏപ്രില്‍ 19നും രണ്ടാം ഘട്ടം ഏപ്രില്‍ 26നുമായിരുന്നു നടന്നത്. 2019ലെ തെരഞ്ഞെടുപ്പില്‍ ആകെ 937,464 വോട്ടര്‍മാരുള്ള ഇന്നര്‍ മണിപ്പൂരില്‍ നിന്ന് വിജയിച്ചത് ബിജെപിയുടെ ഡോ. രാജ്കുമാര്‍ രഞ്ജന്‍ സിങ് ആയിരുന്നു.

Manipur Lok Sabha Election Result 2024: മണിപ്പൂരില്‍ ബിജെപിക്ക് പൊള്ളി; കോണ്‍ഗ്രസിനെ അധികാരത്തിലേക്കയച്ച് മണിപ്പൂരികള്‍
Prime Minister Narendra Modi
shiji-mk
Shiji M K | Updated On: 04 Jun 2024 13:16 PM

ഇംഫാല്‍: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് രാജ്യം ഉറ്റുനോക്കിയ മണ്ഡലമാണ് മണിപ്പൂര്‍. ആകെ രണ്ട് ലോക്‌സഭ മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ ഇന്നര്‍ മണിപ്പൂരില്‍ കോണ്‍ഗ്രസിന്റെ അംഗോംച ബിമോര്‍ അകോയിജം വിജയത്തില്‍ എത്തിയിരിക്കുകയാണ്‌. ബിജെപിയില്‍ നിന്ന് അധികാരം തിരിച്ചുപിടിച്ച് വീണ്ടും കോണ്‍ഗ്രസിനെ ഏല്‍പ്പിക്കുകയാണ് മണിപ്പൂരികള്‍.

രണ്ട് ഘട്ടങ്ങളിലായാണ് മണിപ്പൂരില്‍ തെരഞ്ഞെടുപ്പ് നടന്നത്. ആദ്യഘട്ടം ഏപ്രില്‍ 19നും രണ്ടാം ഘട്ടം ഏപ്രില്‍ 26നുമായിരുന്നു നടന്നത്. 2019ലെ തെരഞ്ഞെടുപ്പില്‍ ആകെ 937,464 വോട്ടര്‍മാരുള്ള ഇന്നര്‍ മണിപ്പൂരില്‍ നിന്ന് വിജയിച്ചത് ബിജെപിയുടെ ഡോ. രാജ്കുമാര്‍ രഞ്ജന്‍ സിങ് ആയിരുന്നു. ഒയിനം നബകിഷോര്‍ സിങ് ആയിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. രണ്ടാമത്തെ മണ്ഡലമായ ഔട്ടര്‍ മണിപ്പൂര് പട്ടികജാതിക്കാര്‍ക്ക് സംവരണം ചെയ്തിട്ടുള്ളതാണ്.

മണിപ്പൂരില്‍ നിന്ന് മൂന്നുതവണ സിപിഐ വിജയിച്ചിട്ടുണ്ട്. 1967ലും 1980ലും ഇന്നര്‍ മണിപ്പൂരിലും 1998ല്‍ ഔട്ടര്‍ മണിപ്പൂരില്‍ നിന്നുമാണ് സിപിഐ വിജയിച്ചിരുന്നത്. ഇന്നര്‍ മണിപ്പൂരില്‍ നിന്ന് ലൈഫ്‌റാം സോതിന്‍കുമാര്‍ സിങ് ആണ് സിപിഐ സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നത്.

ഇത്തവണ രണ്ട് തവണയായിട്ടാണ് ഔട്ടര്‍ മണിപ്പൂരില്‍ തെരഞ്ഞെടുപ്പ് നടന്നത്. കലാപത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനമുണ്ടായത്. 28 നിയമസഭ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടതാണ് ഔട്ടര്‍ മണിപ്പൂര്‍. കുക്കി ആധിപത്യമുള്ള ചുരാചന്ദ്പൂര്‍, കാങ്‌പോക്പി, കാക്ചിംഗ് എന്നിവിടങ്ങളിലും മുസ്ലിം ആധിപത്യമുള്ള വാബ്ഗായിയും ഉള്‍പ്പെടെ 15 നിയമസഭാ മണ്ഡലങ്ങളില്‍ ഏപ്രില്‍ 19നായിരുന്നു വോട്ടെടുപ്പ്.

ഏപ്രില്‍ 26ന് ബാക്കിയുള്ള മണ്ഡലങ്ങളില്‍ നിന്നുള്ളവരും വോട്ട് രേഖപ്പെടുത്തി. നാഗാധിപത്യമുള്ള ഉഖ്രുല്‍, തെങ്‌നൗപാല്‍, തമെങ്‌ലോങ്, തിപൈമുഖ് എന്നിവിടങ്ങളിലായിരുന്നു അത്. ആകെ 32 മണ്ഡലങ്ങളാണ് ഇന്നര്‍ മണിപ്പൂരിലുള്ളത്. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞിരുന്നവര്‍ക്ക് പ്രത്യേക പോളിങ് ബൂത്തുകള്‍ സജ്ജമാക്കിയിരുന്നു. ആകെ 20.26 ലക്ഷം വോട്ടര്‍മാരായിരുന്നു സംസ്ഥാനത്തുണ്ടായിരുന്നത്.

കലാപം ബിജെപിയെ വെട്ടിലാക്കി

മണിപ്പൂര്‍ കലാപം ചെറുതായൊന്നുമല്ല ബിജെപിയെ പിടിച്ച് കുലുക്കിയത്. മുഖ്യമന്ത്രി ബിരേന്‍ സിങിനേയും ബിജെപിയേയും മണിപ്പൂര്‍ കലാപം വരിഞ്ഞ് മുറുക്കിയിരുന്നു. ഇത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോ എന്ന പേടി പാര്‍ട്ടിക്കുണ്ടായിരുന്നു. മണിപ്പൂരിലുണ്ടായ അക്രമങ്ങളെ കുറിച്ച് ഒരക്ഷരം പോലും പാര്‍ലമെന്റില്‍ സംസാരിക്കാതിരുന്ന എംപിയും വെട്ടിലായി. ഇതുവരേയ്ക്കും മണിപ്പൂരിനെ പഴയപടിയിലാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സാധിച്ചിട്ടില്ല.

കലാപം വഴിയാധാരമാക്കിയ അരലക്ഷത്തോളം ആളുകളാണ് വോട്ട് രേഖപ്പെടുത്തിയത്. അവര്‍ രേഖപ്പെടുത്തിയ ഓരോ വോട്ടും ബിജെപിയുടെ കരണത്തേറ്റ അടിതന്നെയാണെന്ന് പറയാം. കലാപബാധിത മേഖലയിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പിനോട് മുഖംതിരിച്ച സാഹചര്യവും ഉണ്ടായിരുന്നു. ഉറ്റവരും വീടും നഷ്ടപ്പെട്ട് പലായനം ചെയ്യേണ്ടിവന്നവരുടെ വികാരത്തെ ഏത് രീതിയില്‍ നേരിടണമെന്ന് അറിയാതെ തെരഞ്ഞെടുപ്പ് കമ്മീഷനും ബുദ്ധിമുട്ടിയിരുന്നു.

മണിപ്പൂരിലെ ജനങ്ങളുടെ വിശ്വാസം തിരിച്ചുപിടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിരവധി ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ ഫെന്‍സിങ് സ്ഥാപിക്കുകയും അയല്‍ രാജ്യത്തുനിന്നുള്ള അനധികൃത കുടിയേറ്റം പരിഹരിക്കുന്നതിന് ഫ്രീ മൂവ്‌മെന്റ് റെജിം എടുത്തുമാറ്റുമെന്നുമെല്ലാം കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനങ്ങളെല്ലാം മണിപ്പൂരിനെ തങ്ങളോടൊപ്പം കൂട്ടാന്‍ സഹായിക്കുമെന്ന് കരുതിയ പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ് ഈ ജനവിധി.

മണിപ്പൂര്‍ കലാപത്തെ വേണ്ട വിധത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉപയോഗപ്പെടുത്താന്‍ കോണ്‍ഗ്രസിന് സാധിക്കുകയും ചെയ്തു. ജനങ്ങളുടെ ജീവനും സ്വത്തിനും സര്‍ക്കാരിന് സംരക്ഷണം നല്‍കാന്‍ സാധിക്കാത്തത് കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടി. രാഹുല്‍ ഗാന്ധി കലാപ സമയത്ത് മണിപ്പൂര്‍ സന്ദര്‍ശിച്ചതും കോണ്‍ഗ്രസിന് ഗുണം ചെയ്തു. സംഘര്‍ഷ മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചിരുന്നു. കോണ്‍ഗ്രസിന്റെ കോട്ട തന്നെയായിരുന്നു ഒരുകാലത്ത് ഇന്നര്‍ മണിപ്പൂര്‍. പത്ത് തവണയാണ് മണിപ്പൂര്‍ കോണ്‍ഗ്രസിനൊപ്പം നിന്നത്.

മണിപ്പൂരില്‍ സമാധാനമെത്തിയോ?

2023 മെയ് 3നാണ് മണിപ്പൂരില്‍ സംഘര്‍ഷങ്ങള്‍ പൊട്ടിപുറപ്പെട്ടത്. മണിപ്പൂരിലെ ഗോത്രവര്‍ഗമായ മെയ്തി വിഭാഗത്തിന് പട്ടികജാതി വര്‍ഗ പദവി നല്‍കുന്നത് സംബന്ധിച്ച് പഠനം നടത്താന്‍ സമിതിയെ നിയോഗിക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണമായത്. നിരവധി ഗ്രാമങ്ങളും വീടുകളും ആരാധനാലയങ്ങളും സ്‌കൂളുകളുമാണ് അഗ്നിക്കിരയായത്. കുക്കി യുവതികളെ നഗ്നരാക്കി നടത്തി ബലാത്സംഗം ചെയ്ത് സംഭവം രാജ്യത്തിന്റെ മുഖത്തേറ്റ കറുത്തപാട് തന്നെയാണ്.

നിരവധി കുട്ടികളെയാണ് രക്ഷിതാക്കള്‍ ക്യാമ്പുകളില്‍ ഉപേക്ഷിച്ചത്. അമ്പതിനായിരത്തിലധികം പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നുണ്ട്.

മണിപ്പൂരിലെ ജനസംഖ്യയുടെ 53 ശതമാനവും മെയ്തി വിഭാഗമാണ്. ബാക്കിവരുന്ന 25 ശതമാനം കുക്കികളും 15 ശതമാനം നാഗകളുമാണ്. ഭൂരിഭാഗം വരുന്ന മെയ്തികളും ഇംഫാല്‍ താഴ്വരയിലാണ് താമസിക്കുന്നതും. കുക്കി, നാഗ വിഭാഗത്തെ തൊട്ടുകൂടാന്‍ പാടില്ലാത്തവരായി കണക്കാക്കുന്ന വിഭാഗം കൂടിയാണ് മെയ്തികള്‍. ഈ വിഭാഗത്തില്‍പ്പെട്ടവര്‍ ഭൂരിഭാഗം പേരും ക്രിസ്ത്യാനികളാണ്.

മണിപ്പൂര്‍ കലാപം ആരംഭിച്ച് ഒരു മാസത്തിന് ശേഷമായിരുന്നു വിഷയത്തില്‍ മോദി പ്രതികരിച്ചത്. സംഘര്‍ഷം രൂക്ഷമായി തുടര്‍ന്നപ്പോഴും മോദി മൗനം തുടര്‍ന്ന് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ആക്രമണം നടന്നത് മണിപ്പൂരിലാണെങ്കിലും അപമാനിക്കപ്പെടുന്നത് രാജ്യമാണെന്നാണ് മോദി പറഞ്ഞിരുന്നത്.