N Biren Singh: മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിവെച്ചു
N Biren Singh resigns as Manipur Chief Minister: മണിപ്പൂരിന്റെ നല്ല ഭാവിക്കായി ഇനിയും പ്രവര്‍ത്തിക്കുമെന്ന് രാജിക്കത്തില്‍ ബിരേന്‍ സിങ് ചൂണ്ടിക്കാട്ടി. നാര്‍ക്കോ, ടെററിസം, മയക്കുമരുന്ന് തുടങ്ങിയവയ്‌ക്കെതിരെ ശക്തമായി തന്നെ നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

ഇംഫാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് രാജിവെച്ചു. ഞായറാഴ്ച രാവിലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. ഇന്ന് (ഫെബ്രുവരി 9) വൈകുന്നേരത്തോടെ രാജ്ഭവനിലെത്തി ഗവര്‍ണര്‍ അജയ് ഭല്ലയ്ക്ക് രാജി കത്ത് സമര്‍പ്പിക്കുകയായിരുന്നു.
മണിപ്പൂരിന്റെ നല്ല ഭാവിക്കായി ഇനിയും പ്രവര്‍ത്തിക്കുമെന്ന് രാജിക്കത്തില്‍ ബിരേന്‍ സിങ് ചൂണ്ടിക്കാട്ടി. നാര്‍ക്കോ, ടെററിസം, മയക്കുമരുന്ന് തുടങ്ങിയവയ്‌ക്കെതിരെ ശക്തമായി തന്നെ നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
മണിപ്പൂര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് സഭയില്‍ തിങ്കളാഴ്ച അവിശ്വാസപ്രമേയം സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് രാജി. മണിപ്പൂരില്‍ കലാപം ആരംഭിച്ച് രണ്ട് വര്‍ഷം പിന്നിടുന്ന വേളയിലാണ് ബിരേന്‍ സിങ്ങിന്റെ രാജി എന്നതാണ് ശ്രദ്ധേയം.




പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ബിരേന്‍ സിങ്ങിന്റെ രാജി ആവശ്യപ്പെട്ടിരുന്നു. രാജി ആവശ്യം ശക്തമായതോടെ ഞായറാഴ്ച ബിരേന്‍ സിങ് ഡല്‍ഹിയിലെത്തി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഇതിന് പിന്നാലെയാണ് എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കുമൊപ്പമെത്തി രാജി സമര്‍പ്പിച്ചത്. ഭരണകക്ഷിയിലെ 12 എംഎല്‍എമാരായിരുന്നു ബിരേന്‍ സിങ്ങിന്റെ രാജി ആവശ്യപ്പെട്ടിരുന്നത്.
നേരത്തെ കോണ്‍റാഡ്‌സിങ്മയുടെ നേതൃത്വത്തിലുള്ള പീപ്പിള്‍സ് പാര്‍ട്ടി ബിരേന്‍ സിങ്ങിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. സംസ്ഥാനത്തെ ക്രമസമാധാനം പൂര്‍വസ്ഥിതിയിലാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നായിരുന്നു നടപടി.
ഏഴ് എന്‍സിപി എംഎല്‍എമാരും 37 ബിജെപി എംഎല്‍എമാകും അഞ്ച് നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്റെ എംഎല്‍എമാരും മൂന്ന് സ്വതന്ത്രരുമായിരുന്നു ബിരേന്‍ സിങ്ങിന്റെ സര്‍ക്കാരിന്റെ ഭാഗമായിരുന്നത്. ഇവരില്‍ പന്ത്രണ്ടോളം എംഎല്‍എമാര്‍ രാജി ആവശ്യപ്പെട്ടത് ബിരേന്‍ സിങ്ങിനെ തളര്‍ത്തി.
അതേസമയം, മണിപ്പൂരില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിലധികമായി സംഘര്‍ഷഭരിതമായ അന്തരീക്ഷമാണ്. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിയാതിരുന്നത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മണിപ്പൂരിലുണ്ടായ കലാപത്തില്‍ ജനങ്ങളോട് മാപ്പു ചോദിച്ച് ബിരേന്‍ സിങ് നേരത്തെ രംഗത്തെത്തിയിരുന്നു. പുതുവര്‍ഷ തലേന്നായിരുന്നു ഇത്. സംസ്ഥാനത്തുണ്ടായ സംഘര്‍ഷങ്ങളില്‍ താന്‍ ഖേദിക്കുന്നു. ഒട്ടേറെപേര്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു, പലരും മണിപ്പൂരില്‍ നിന്നും പോയി. 2025ല്‍ സംസ്ഥാന പൂര്‍വസ്ഥിതിയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു, എല്ലാവരോടും ക്ഷമചോദിക്കുന്നതായും ബിരേന്‍ സിങ് പറഞ്ഞിരുന്നു.