Mob Lynching: ‘പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപണം’; മംഗളൂരുവിൽ യുവാവിനെ തല്ലിക്കൊന്നു
Mangaluru youth beaten to death: ദീപക് കുമാർ എന്ന വ്യക്തിയുടെ പരാതിയെത്തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. പൊലീസ് സജീവമായി തെളിവുകൾ ശേഖരിക്കുന്നുണ്ടെന്നും ഇതിൽ ഉൾപ്പെട്ട എല്ലാവർക്കും പരമാവധി ശിക്ഷ നൽകുമെന്നും കമ്മീഷണര്‍ പറഞ്ഞു.

പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു. കർണാടകയിലെ മംഗളൂരുവിലാണ് സംഭവം. കുടുപ്പു എന്ന സ്ഥലത്ത് പ്രാദേശിക ക്രിക്കറ്റ് മാച്ച് നടക്കവേയായിരുന്നു ആക്രമണമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ 15 പേരെ അറസ്റ്റ് ചെയ്തു.
ഞായറാഴ്ച ഭത്ര കല്ലുർട്ടി ക്ഷേത്രത്തിന് സമീപത്തുള്ള മൈതാനത്ത് നടന്ന പ്രാദേശിക ക്രിക്കറ്റ് മാച്ചിനിടെയാണ് സംഭവം. യുവാവ് ‘പാകിസ്ഥാൻ സിന്ദാബാദ്’ എന്ന് മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് യുവാവിനെ ആക്രമിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം ഗ്രൗണ്ടിൽ ഉപേക്ഷിച്ചു. കുടുപ്പു സ്വദേശി ടി സച്ചിൻ എന്നയാളാണ് ആക്രമണത്തിന് നേതൃത്വം നൽകിയതെന്ന് പൊലീസ് പറഞ്ഞു.
ആൾക്കൂട്ട ആക്രമണത്തിന് 19 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. 15 പേരെ അറസ്റ്റ് ചെയ്തതായും മംഗളുരു കമ്മീഷണർ അനുപം അഗർവാൾ അറിയിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയതായും അദ്ദേഹം പറഞ്ഞു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മുപ്പത്തിയഞ്ചിനും നാൽപ്പതിനും ഇടയിൽ പ്രായമുള്ളയാളാണ് മരിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം.
തലയ്ക്കും ദേഹത്തും ആഴത്തിൽ മുറിവേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. ദീപക് കുമാർ എന്ന വ്യക്തിയുടെ പരാതിയെത്തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. പൊലീസ് സജീവമായി തെളിവുകൾ ശേഖരിക്കുന്നുണ്ടെന്നും ഇതിൽ ഉൾപ്പെട്ട എല്ലാവർക്കും പരമാവധി ശിക്ഷ നൽകുമെന്നും കമ്മീഷണര്‍ പറഞ്ഞു.