Lok sabha Election 2024: ഒരു വോട്ടിന് 5,000 രൂപ; വോട്ട് വിറ്റ് എസ്ഐക്ക് സസ്പെൻഷൻ
നേതാവിനെ പ്രകാശം ജില്ലാ പൊലീസ് പിടികൂടിയിട്ടുണ്ട്. മറ്റാളുകള്‍ക്ക് പണം വിതരണം ചെയ്യുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.
അമരാവതി: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് വിറ്റതിന് പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ബന്ധുക്കള്‍ മുഖേനെ പാര്‍ട്ടി നേതാവില്‍ നിന്ന് പണം വാങ്ങിയതിന് ഗുണ്ടൂര്‍ ജില്ലയിലെ മംഗളഗിരി സ്റ്റേഷന്‍ എസ്‌ഐ ഖാജാബാബു സോന്തൂറിനെ സസ്‌പെന്റ് ചെയ്യുകയായിരുന്നു.
വോട്ട് ചെയ്യുന്നതിന് 5000 രൂപ പാര്‍ട്ടി നേതാവില്‍ നിന്ന് ബന്ധുക്കള്‍ വാങ്ങിയതിന് ശേഷം ഓണ്‍ലൈനായി എസ്‌ഐയ്ക്ക് അയച്ചുകൊടുക്കുകയായിരുന്നു. ഈ നേതാവിനെ പ്രകാശം ജില്ലാ പൊലീസ് പിടികൂടിയിട്ടുണ്ട്. മറ്റാളുകള്‍ക്ക് പണം വിതരണം ചെയ്യുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ഇയാളെ പിടികൂടി നടത്തിയ ചോദ്യം ചെയ്യലിലാണ് എസ്‌ഐയെ കുറിച്ച് വിവരം ലഭിച്ചത്.
തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് എസ്‌ഐക്കെതിരെ നടപടിയെടുക്കാന്‍ പ്രകാശം ജില്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ ഗുണ്ടൂര്‍ റേഞ്ച് ഐജി സര്‍വശ്രേഷ്ഠ ത്രിപാഠിയോട് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് ഐജി ഉത്തരവിറക്കിയത്. ഇത്തവണത്തെ ലോക്‌സഭ തെരഞ്ഞെടുപ്പിനോടൊപ്പമാണ് ആന്ധ്രാപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പും നടന്നത്. ഇതിനിടെയാണ് പണം നല്‍കി വോട്ട് ലഭിക്കാന്‍ ചില പാര്‍ട്ടികള്‍ ശ്രമം നടത്തിയത്.
അതേസമയം, രാജ്യത്ത് ലോക്‌സഭയിലേക്കുള്ള അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്നാണ് നടക്കുന്നത്. രാവിലെ ഏഴ് മണി മുതലാണ് പോളിംഗ് ആരംഭിച്ചു. രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലും ആറ് സംസ്ഥാനങ്ങളിലുമായി 49 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 144 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. ബീഹാര്‍, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഒഡീഷ, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുക.
എട്ടര കോടി വോട്ടര്‍മാരാണ് പോളിങ് ബൂത്തിലേക്ക് എത്തുന്നത്. 95000 പോളിംഗ് സറ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. ജമ്മു കശ്മീരില്‍ സര്‍പഞ്ച് കൊല്ലപ്പെട്ട സാഹചര്യത്തില്‍ വോട്ടെടുപ്പിന് മുന്നോടിയായി കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
മഹാരാഷ്ട്രയിലെ പതിമൂന്ന് സീറ്റുകളിലും യുപിയിലെ പതിനാലിടത്തും വാശിയേറിയ പ്രചാരണമാണ് അഞ്ചാം ഘട്ടത്തില്‍ നടന്നത്. കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ്, സ്മൃതി ഇറാനി, പീയൂഷ് ഗോയല്‍, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എന്നിവരടക്കമുള്ള പ്രമുഖരാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്നത്.
ലഖ്നൗവില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കൈസര്‍ഗഞ്ജില്‍ ബ്രിജ് ഭൂഷന്‍ ശരണ്‍ സിങിന്റെ മകന്‍ കരണ്‍ ഭൂഷന്‍ സിങ് എന്നിവരും ഇന്ന് ജനവിധി തേടുന്നവരില്‍ ഉള്‍പ്പെടുന്നു. ലാലു പ്രസാദിന്റെ മകള്‍ രോഹിണി ആചാര്യ സരണ്‍ സീറ്റില്‍ മത്സരിക്കുന്നു. ബാരാമുള്ളയില്‍ ഒമര്‍ അബ്ദുല്ല, മുംബൈ നോര്‍ത്തില്‍ കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ എന്നിവരും ജനവിധി തേടുന്നുണ്ട്.