Man Stabbed to Death: ഉപയോഗിച്ച് ഫ്ലഷ് ചെയ്യ്തില്ല; വാടകക്കാർക്കിടയിൽ തർക്കം, 18കാരൻ കുത്തേറ്റ് മരിച്ചു
Fight over Toilet Flushing: ഇരുവീട്ടുകാരും തമ്മിൽ കയ്യേറ്റത്തിനിടെ അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചാണ് 18കാരന് കുത്തേറ്റത്. നെഞ്ചിൽ കത്തി തറച്ച നിലയിലാണ് യുവാവിനെ വെള്ളിയാഴ്ച രാത്രി 11.30 ഓടെ ആശുപത്രിയിലെത്തിച്ചത്.
ഡൽഹി: ശുചി മുറി വൃത്തിയാക്കുന്നതിനെ ചൊല്ലി വാടകക്കാർ തമ്മിലുണ്ടായ തർക്കത്തിൽ 18കാരൻ കുത്തേറ്റ് മരിച്ചു. ദക്ഷിണ ഡൽഹിയിലെ ഗോവിന്ദാപുരിക്ക് സമീപത്ത് ആക്രി കച്ചവടം ചെയ്തിരുന്ന സുധീറാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഒരേ കെട്ടിടത്തിൽ വാടകയ്ക്ക് താമസിക്കുന്നവർ തമ്മിലുണ്ടായ വാക്കേറ്റത്തിനിടെയാണ് സുധിറിനെ കുത്തേൽക്കുന്നത്.
ഗോവിന്ദാപുരിയിൽ ഒരു കെട്ടിടത്തിൽ വാടകയ്ക്ക് താമസിക്കുന്ന ഇവർക്ക് പൊതുവായി ഒറ്റ ശുചിമുറി മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാൽ ഇത് ഉപയോഗിച്ചതിനു ശേഷം ആളുകൾ ഫ്ലഷ് ചെയ്യാറില്ലെന്ന് വാടകക്കാർക്കിടയിൽ പരാതി പതിവായിരുന്നു. വെള്ളിയാഴ്ച വൈകിട്ടും അയൽവാസിയുടെ മകൻ ടൊയ്ലെറ്റ് ഉപയോഗിച്ചതിനു ശേഷം ഫ്ലഷ് ചെയ്തിരുന്നില്ല. ഇതാണ് പിന്നീട് വാക്ക് തർക്കത്തിലേക്ക് നീങ്ങുകയും ഇത് കയ്യേറ്റത്തിലും തുടർന്ന് കത്തിക്കുത്തിലും അവസാനിക്കുകയായിരുന്നു. ഉത്തർ പ്രദേശ് സ്വദേശിയായ സുധീർ മൂവായിരം രൂപ മാസ വാടക നൽകിയാണ് ഇവിടെ താമസിച്ചിരുന്നത്. ഇവിടെ ഇയാൾക്കൊപ്പം സഹോദരി ഭർത്താവാണ് താമസിച്ചിരുന്നത്. സംഭവത്തിൽ ഭികാം സിംഗ് എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ 45 ദിവസം മുൻപാണ് ഡൽഹിയിലേക്ക് എത്തിയത്. ഗോവിന്ദാപുരിയിലുള്ള കെട്ടിട നിർമ്മാണ സാധനങ്ങൾ വിൽക്കുന്ന കടയിലെ ജോലിക്കാരനാണ് ഇയാൾ. ഇരുവീട്ടുകാരും തമ്മിൽ കയ്യേറ്റത്തിനിടെ അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചാണ് 18കാരന് കുത്തേറ്റത്. നെഞ്ചിൽ കത്തി തറച്ച നിലയിലാണ് യുവാവിനെ വെള്ളിയാഴ്ച രാത്രി 11.30 ഓടെ ആശുപത്രിയിലെത്തിച്ചത്. ഇയാളുടെ കഴുത്തിലും നെറ്റിയിലും കത്തി കൊണ്ടുള്ള ആക്രമണത്തിൽ പരിക്കുകളുണ്ട്.
വാക്കുതർക്കത്തിനിടെ ഭികാം സിംഗിന്റെ വയോധികയായ അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ ഭികാം സിംഗിനേ ഭാര്യയും മൂന്ന് കുട്ടികളും അടക്കമാണ് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. സുധീറിന്റെ സഹോദരി ഭർത്താവ് പ്രേം ഇവരുടെ സുഹൃത്തായ സാഗർ എന്നിവർ ആശുപത്രിയിൽ പരിക്കേറ്റ് ചികിത്സയിലാണുള്ളത്. സംഭവത്തിൽ കൊലപാതകം അടക്കമുള്ള വകുപ്പുകളാണ് പോലീസ് എടുത്തിട്ടുള്ളത്.