Dating Scam: മോഡൽ ചമഞ്ഞ് 23കാരൻ പറ്റിച്ചത് 700 സ്ത്രീകളെ; ബംബിളും സ്നാപ്ചാറ്റും വഴി സ്വകാര്യ ദൃശ്യങ്ങളും കൈക്കലാക്കി
Man Scams 700 Woman via Social Media: ഇന്ത്യ സന്ദർശിക്കാൻ എത്തിയ യുഎസ് മോഡൽ എന്ന രീതിയിലാണ് ഇയാൾ വ്യാജ പ്രൊഫൈൽ നിർമിച്ചത്. ഈ പ്രൊഫൈലിനായി ബ്രസീലിയൻ മോഡലായ ഒരു യുവതിയുടെ ചിത്രങ്ങളാണ് ഇയാൾ ഉപയോഗിച്ചിരുന്നത്.
ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി സ്ത്രീകളുടെ സ്വകാര്യ ദൃശ്യം കൈക്കലാക്കി, അതുപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവിനെ പിടികൂടി പോലീസ്. യുഎസ് മോഡൽ എന്ന വ്യാജേന ആയിരുന്നു തട്ടിപ്പ് നടത്തിയത്. ഡൽഹി സ്വദേശിയായ തുഷാർ സിങ് ബിഷ്ത എന്ന 23കാരനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇത്തരത്തിൽ 700ലധികം സ്ത്രീകളെയാണ് ഇയാൾ കബളിപ്പിച്ചത്.
സോഷ്യൽ മീഡിയ പ്ലാറ്റഫോമായ സ്നാപ്ചാറ്റും, ഡേറ്റിംഗ് ആപ്പായ ബംബിളും വഴിയാണ് ഇയാൾ തട്ടിപ്പുകൾ നടത്തിയിരുന്നത്. ഇതിനായി വട്സാപ്പും തുഷാർ സിങ് ഉപയോഗിക്കാറുണ്ട്. ഇന്റർനാഷണൽ മൊബൈൽ നമ്പർ സംഘടിപ്പിച്ച്, അത് ഉപയോഗിച്ചാണ് ഇയാൾ വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയത്. ഇന്ത്യ സന്ദർശിക്കാൻ എത്തിയ യുഎസ് മോഡൽ എന്ന രീതിയിലാണ് പ്രൊഫൈൽ നിർമിച്ചത്. ഈ വ്യാജ പ്രൊഫൈലിനായി ബ്രസീലിയൻ മോഡലായ ഒരു യുവതിയുടെ ചിത്രങ്ങളാണ് ഇയാൾ ഉപയോഗിച്ചിരുന്നത്.
തുടർന്ന്, ഈ വ്യാജ പ്രൊഫൈലിലൂടെ ഇയാൾ സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കാൻ ആരംഭിച്ചു. ഇയാൾ പ്രധാനമായും ലക്ഷ്യം വെച്ചിരുന്നത് 18നും 30നും ഇടയിൽ പ്രായം വരുന്ന യുവതികളെ ആയിരുന്നു. ആദ്യം ഇവരിൽ നിന്ന് വിശ്വാസം നേടിയെടുക്കും. തുടർന്ന്, ഇവരുടെ മൊബൈൽ നമ്പറും, സ്വകാര്യ ചിത്രങ്ങളും, വീഡിയോകളും ഉൾപ്പടെ ഇയാൾ സംഘടിപ്പിക്കും.
ALSO READ: പഴക്കച്ചവടക്കാരന്റെ പൂച്ചയെ കാണാനില്ല; ‘ഹൂലോ’യെ കണ്ടെത്തുന്നവർക്ക് പാരിതോഷികം 10,000 രൂപ, സംഭവം വൈറൽ
സ്നാപ്ചാറ്റ് വഴിയും മറ്റും അയക്കുന്ന ചിത്രങ്ങളാണ് ഇയാൾ അവർ അറിയാതെ ഫോണിൽ സേവ് ചെയ്യുന്നത്. പിന്നീട് ഈ ചിത്രങ്ങളും, വീഡിയോകളും ഉപയോഗിച്ച് അവരെ ഭീഷണിപ്പെടുത്തും. ആവശ്യപ്പെടുന്ന പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ ഓൺലൈൻ വഴി പ്രചരിപ്പിക്കും, ഡാർക്ക് വെബ്ബിന് വിൽക്കും തുടങ്ങിയ ഭീഷണികളാണ് ഉയർത്തുക.
തുഷാർ സിങ് ബിഷ്ത ഡേറ്റിംഗ് ആപ്പായ ബംബിൾ വഴി മാത്രം 500 സ്ത്രീകളെയാണ് കബളിപ്പിച്ചത്. കൂടാതെ സ്നാപ്ചാറ്റ്, വാട്സാപ്പ് എന്നിവ വഴിയും 200ലധികം സ്ത്രീകളെ ഇയാൾ തട്ടിപ്പിനിരയാക്കി എന്നാണ് പോലീസ് പറയുന്നത്. തട്ടിപ്പിനിരയായ യുവതികളിൽ ഒരാൾ പോലീസിൽ പരാതി നൽകിയതോടെയാണ് അന്വേഷണം ആരംഭിച്ചതും, ഇയാൾ പിടിയിലാവുന്നതും.
വെസ്റ്റ് ഡൽഹി സൈബർ പോലീസ് സ്‌റ്റേഷനിലെ എസിപി അരവിന്ദ് യാദവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. ഷക്കർപൂരിൽ നടന്ന അപ്രതീക്ഷിത റെയ്ഡാണ് തുഷാർ സിങ് ബിഷ്തയുടെ അറസ്റ്റിലേക്ക് നയിച്ചത്. റെയ്‌ഡിൽ തട്ടിപ്പുമായി ബന്ധപ്പെട്ട ചില രേഖകൾ, ഇന്റർനാഷണൽ മൊബൈൽ നമ്പർ, വിവിധ ബാങ്കുകളിൽ നിന്നുള്ള 13 ക്രെഡിറ്റ് കാർഡുകൾ എന്നിവ പോലീസ് കണ്ടെടുത്തു. ഇതിന് പുറമെ, ഡൽഹിയിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുള്ള 60-ലധികം സ്ത്രീകളുമായുള്ള വാട്സാപ്പ് ചാറ്റ് റെക്കോർഡുകളും പോലീസ് കണ്ടെടുത്തു. ഇതോടെയാണ് പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.