Chhattisgarh fraud:’പേര് സണ്ണി ലിയോൺ, ഭർത്താവ് ജോണി സിൻസ്’; ഛത്തീസ്ഗഢ് സര്‍ക്കാര്‍ പദ്ധതിയില്‍ വൻ തട്ടിപ്പ്
Sunny Leone Mahtari Vandan Yojana:വീരേന്ദ്ര ജോഷി എന്നയാളാണ് സണ്ണി ലിയോണിന്റെ പേരില്‍ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് മാസങ്ങളോളം പണം തട്ടിയെടുത്തത്. ബസ്തർ മേഖലയിലെ തലൂർ എന്ന ഗ്രാമത്തിലാണ് തട്ടിപ്പ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജഗദല്‍പൂരിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയാണ് വീരേന്ദ്ര ജോഷി. ഇയാളുടെ ഭാര്യ പദ്ധതിയുടെ ഗുണഭോക്താവാണ് എന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
റായ്പൂർ: ചത്തീസ്ഗഢ് സർക്കാരിന്റെ പദ്ധതി വഴി വൻ തട്ടിപ്പ് നടത്തിയാൾ പിടിയിൽ. ബോളിവുഡ് നടി സണ്ണി ലിയോണിന്റെ ബാങ്ക് അക്കൗണ്ടെന്ന പേരിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. വിവാഹിതരായ സ്ത്രീകള്‍ക്കായുള്ള ഛത്തീസ്ഗഢ് സര്‍ക്കാർ ആരംഭിച്ച മഹാതാരി വന്ദൻ യോജന പദ്ധതിയിലൂടെയാണ് ഇയാൾ പണം തട്ടിയെടുത്തത്. ഈ പദ്ധതി വഴി 2024 മാര്‍ച്ച് മുതലുള്ള പണം ഇത്തരത്തിൽ ഇയാൾ കൈക്കലാക്കിയതായി പോലീസ് പറയുന്നു. എല്ലാ മാസവും 1000 രൂപ വച്ച് വിവാഹിതരായ സ്ത്രീകള്‍ക്ക് അക്കൗണ്ടിലേക്ക് പണം ലഭിക്കുന്ന പദ്ധതിയാണ് മഹാതാരി വന്ദൻ യോജന.
ഈ വർഷം മാർച്ചിൽ ആരംഭിച്ച് തട്ടിപ്പിൽ ഇതുവരെ 9000 രൂപയാണ് ഇയാൾ തട്ടിയെടുത്തത്. എന്നാൽ ഇതിനിടെ ഇയാൾക്ക് പറ്റിയ ഒരു കൈയബദ്ധമാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം. സണ്ണി ലിയോണിന്റെ ഭര്‍ത്താവിന്റെ പേരായി ഇയാള്‍ നല്‍കിയിരിക്കുന്നത് ജോണി സിന്‍സിന്റെ പേരാണ്. വീരേന്ദ്ര ജോഷി എന്നയാളാണ് സണ്ണി ലിയോണിന്റെ പേരില്‍ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് മാസങ്ങളോളം പണം തട്ടിയെടുത്തത്. ബസ്തർ മേഖലയിലെ തലൂർ എന്ന ഗ്രാമത്തിലാണ് തട്ടിപ്പ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജഗദല്‍പൂരിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയാണ് വീരേന്ദ്ര ജോഷി. ഇയാളുടെ ഭാര്യ പദ്ധതിയുടെ ഗുണഭോക്താവാണ് എന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇയാൾക്കെതിരെ തുടർ നടപടികൾക്കായി കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനും ബാങ്ക് അക്കൗണ്ട് കണ്ടുകെട്ടാനും വനിതാ ശിശുവികസന വകുപ്പിന് ജില്ലാ കളക്ടർ ഹാരിസ് ഉത്തരവിട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പദ്ധതിയുടെ അര്‍ഹരായ ഗുണഭോക്താക്കളുടെ പരിശോധനയില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. അതേസമയം വൻ തട്ടിപ്പ് വാർത്ത പുറത്തുവന്നതോടെ സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. മഹ്താരി വന്ദന്‍ യോജനയുടെ 50 ശതമാനത്തിലധികം ഗുണഭോക്താക്കളും വ്യാജമാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ദീപക് ബൈജ് ആരോപിച്ചു. രാഷ്ട്രിയ വിഷയമാക്കാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ്. കോൺഗ്രസിന് നൽകാൻ കഴിയാതിരുന്ന സഹായം ഇപ്പോൾ സംസ്ഥാനത്തെ സ്ത്രീകൾക്ക് ലഭിക്കുന്നതാണ് കോൺഗ്രസിന് വേദനയുണ്ടാക്കുന്നതെന്നും ഉപമുഖ്യമന്ത്രി അരുൺ സാവോയും പ്രതികരിച്ചു.
2023-ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ബിജെപിയുടെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു വിവാഹിതരായ സ്ത്രീകള്‍ക്ക് സാമ്പത്തിക സഹായം നല്‍കും എന്നത്. പദ്ധതിയുടെ കീഴില്‍ ആനുകൂല്യം ലഭിക്കാന്‍ അങ്കണവാടി വര്‍ക്കര്‍ക്ക് ഒരു അപേക്ഷ സമര്‍പ്പിക്കണം. അവര്‍ അപേക്ഷകരുടെ വെരിഫിക്കേഷന്‍ നേരിട്ട് നടത്തുകയും വിശദാംശങ്ങള്‍ സൂപ്പര്‍വൈസര്‍ക്ക് കൈമാറുകയും ചെയ്യണം. എന്നാൽ തട്ടിപ്പ് റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ അങ്കണവാടി വര്‍ക്കറും സൂപ്പര്‍വൈസറും നിരീക്ഷണത്തിലാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ജോഷി ഒരു പ്രത്യേക സെലിബ്രിറ്റിയുടെ പേര് ഉപയോഗിച്ചത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കുകയാണെന്നും കളക്ടര്‍ പറഞ്ഞു.
പദ്ധതിയിൽ 70 ലക്ഷം വിവാഹിതരായ സ്ത്രീകളാണുള്ളത്. ഇതിന്റെ പത്താം ഗഡുവായി ഈ മാസം ആദ്യം വിഷ്ണു ദേവ് സായ് സര്‍ക്കാര്‍ 652.04 കോടി രൂപ വിതരണം ചെയ്തിരുന്നു. നാളിതുവരെ, 5000 കോടി രൂപയിലധികം ഈ സ്‌കീമിന് കീഴില്‍ സംസ്ഥാനത്തെ സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട് എന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.