Crime News: ബിസിനസ് പങ്കാളിയുടെ മക്കളെ കൊലപ്പെടുത്തി മൃതദേഹങ്ങൾ കെട്ടിത്തൂക്കി; 70 വയസുകാരനെ തിരഞ്ഞ് പോലീസ്
Man Kills Business Partenrs Children : കച്ചവടത്തിൽ ചതിച്ചെന്നാരോപിച്ച് ബിസിനസ് പങ്കാളിയുടെ മക്കളെ കൊലപ്പെടുത്തി 70 വയസുകാരൻ. 12ഉം എട്ടും വയസുള്ള കുട്ടികളെ കൊലപ്പെടുത്തി മൃതദേഹങ്ങൾ കെട്ടിത്തൂക്കിയ ഇയാളെ പോലീസ് തിരയുകയാണ്.
ബിസിനസ് പങ്കാളിയുടെ മക്കളെ കൊലപ്പെടുത്തി മൃതദേഹങ്ങൾ കെട്ടിത്തൂക്കിയ കേസിൽ 70 വയസുകാരനെ തിരഞ്ഞ് പോലീസ്. 12ഉം എട്ടും വയസുള്ള കുട്ടികളെ ഇയാൾ സ്കൂളിൽ നിന്ന് വീട്ടിൽ വിളിച്ചുകൊണ്ട് വന്ന് കൊലപ്പെടുത്തി മൃതദേഹങ്ങൾ കെട്ടിത്തൂക്കുകയായിരുന്നു എന്നാണ് പോലീസിൻ്റെ ഭാഷ്യം. ബിസിനസ് പങ്കാളി തന്നെ ചതിച്ചെന്നാരോപിച്ചായിരുന്നു ഇയാൾ കുട്ടികളെ കൊലപ്പെടുത്തിയത്.
രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം. ബോറനദയിൽ കുട്ടികളെ കാണാനില്ലെന്ന് കാട്ടി വെള്ളിയാഴ്ച മാതാപിതാക്കൾ പോലീസിൽ പരാതിനൽകിയിരുന്നു. തിരച്ചിൽ പുരോഗമിക്കവെ ഞായറാഴ്ച കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. കുട്ടികളുടെ മൃതദേഹത്തിനൊപ്പം ഒരു കുറിപ്പും കിട്ടിയതായി പോലീസ് അറിയിച്ചു. വളക്കമ്പനിയുമായി ബന്ധപ്പെട്ട് പങ്കാളി തന്നെ ചതിച്ചതിൽ പ്രതികാരമായി അയാളുടെ മക്കളെ താൻ കൊലപ്പെടുത്തുകയാണെന്ന് പ്രതി കുറിപ്പിൽ എഴുതിയിരുന്നതായി പോലീസ് പറയുന്നു. കുട്ടികളെ കൊലപ്പെടുത്തിയതിന് ശേഷം ജീവനൊടുക്കാനായിരുന്നു ശ്രമം എന്നും ഇയാൾ കുറിച്ചിരുന്നു.
തമന്ന (12), ശിവ്പാൽ (8) എന്നീ രണ്ട് വിദ്യാർത്ഥികൾ വെള്ളിയാഴ്ച സ്കൂളിലേക്ക് പോയിട്ട് തിരികെവന്നില്ല. ആദ്യം കുടുംബം തന്നെ പല സ്ഥലങ്ങളിൽ ഇവരെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പിന്നീടാണ് ഇവർ ബോറനദ പോലീസ് സ്റ്റേഷനിൽ പരാതിനൽകിയത്. പരാതിയിൽ അന്വേഷണം നടത്തിവരവെ മൃതദേഹങ്ങൾ കണ്ടെടുക്കുകയായിരുന്നു.
പ്രതി ചേർക്കപ്പെട്ട ശ്യാം സിംഗ് ഭട്ടി എന്നയാൾ പരാതിക്കാരനായ പ്രദീപ് ദേവസായിയുമായിച്ചേർന്ന് 9 മാസങ്ങൾക്ക് മുൻപാണ് വളകൾ ഉണ്ടാക്കുന്ന കമ്പനി ആരംഭിച്ചതെന്ന് പോലീസ് പറയുന്നു. 20 വർഷമായി പരിചയക്കാരായിരുന്നു ഇവർ. കൂട്ടുകച്ചവടം ആരംഭിച്ച് 9 മാസങ്ങൾക്ക് ശേഷം ദേവസായ് പങ്കാളിത്തം ഒഴിഞ്ഞു. ഇത് ശ്യാം സിംഗ് ഭട്ടിയെ പ്രകോപിപ്പിച്ചു. ദേവസായിയെ പാഠം പഠിപ്പിക്കണമെന്ന് ഇയാൾ തീരുമാനിച്ചു. ഒരു അവസരത്തിനായി കാത്തിരുന്ന ഭട്ടി ദേവസായിയുടെ മക്കളെ കൊലപ്പെടുത്തുകയായിരുന്നു. ഫാക്ടറിയ്ക്കടുത്ത് ഭട്ടി വാടകയ്ക്കെടുത്ത വീട്ടിൽ നിന്നാണ് മൃതദേഹങ്ങൾ ലഭിച്ചതെന്നും പോലീസ് അറിയിച്ചു. ഭട്ടി ഒളിവിലാണ്. ഇയാൾക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു.
Also Read: Sanitary Pad: പരീക്ഷയ്ക്കിടെ പിരീഡ്‌സായി, പാഡ് ചോദിച്ച വിദ്യാർഥിയെ ഒരു മണിക്കൂർ പുറത്തുനിർത്തി
പാലിലെ സ്കൂളിലാണ് രണ്ട് കുട്ടികളും പഠിക്കുന്നത്. വെള്ളിയാഴ്ച, ഭട്ടി ഇവരെ സ്കൂളിൽ നിന്ന് കൂട്ടിക്കൊണ്ടുവന്നു. വീട്ടിൽ കൊണ്ടാക്കാമെന്ന് പറഞ്ഞാണ് ഇയാൾ കുട്ടികളെ കൂട്ടിയത്. എന്നാൽ, കുട്ടികളെ ഇയാൾ വാടകവീട്ടിലേക്ക് കൊണ്ടുപോയതിന് ശേഷം കൊലപ്പെടുത്തി മൃതദേഹങ്ങൾ കെട്ടിത്തൂക്കുകയായിരുന്നു. കമ്പനിയിൽ ഭട്ടി പണം മുടക്കിയിരുന്നു എന്നാണ് പ്രാധമിക കണ്ടെത്തൽ. ദേവസായ് ഡിസൈനറായിരുന്നു. പരസ്പരമുണ്ടായ അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ദേവസായ് പങ്കാളിത്തം അവസാനിപ്പിക്കുകയായിരുന്നു. ഇത് ഭട്ടിയ്ക്ക് സാമ്പത്തികനഷ്ടമുണ്ടാക്കി. ഇതോടെയാണ് പ്രതികാരം വീട്ടാൻ ഭട്ടി തീരുമാനിച്ചത്. പങ്കാളി തന്നെ ചതിച്ചതിനാൽ താൻ പ്രതികാരം ചെയ്യുകയാണെന്ന് ഭട്ടി കുറിപ്പിലെഴുതിയിരുന്നതായി പോലീസ് പറയുന്നു. ഉത്തർ പ്രദേശുകാരനാണ് ദേവസായ്. ഉത്തർ പ്രദേശിൽ നിന്നെത്തി ഇയാൾ കുടുംബസമേതം രാജസ്ഥാനിൽ താമസിച്ചിവരികയായിരുന്നു. വള ഡിസൈനറും നിർമ്മാതാവുമാണ് ദേവസായ്. രാജസ്ഥാനിലെ ഫലോദി സ്വദേശിയാണ് ശ്യാം സിംഗ് ഭട്ടി. ഈ രണ്ട് പേരും ചേർന്നാണ് ഒരുമിച്ച് വള കമ്പനി തുടങ്ങിയത്.