Hyderabad Biryani : ഹൈദരാബാദിലെ റെസ്റ്റോറൻ്റിൽ വിളമ്പിയ ബിരിയാണിയിൽ ബ്ലേഡ്; പോലീസിൽ പരാതിനൽകി യുവാവ്
Blade In Chicken Biryani Hyderabad Restaurant : ഹൈദരാബാദിലെ ഒരു റെസ്റ്റോറൻ്റിൽ വിളമ്പിയ ചിക്കൻ ബിരിയാണിയിൽ ബ്ലേഡ്. ബ്ലേഡ് കണ്ടെത്തിയ യുവാവ് പോലീസിൽ പരാതിനൽകി. ഹൈദരാബാദിൽ ഇത്തരം സംഭവങ്ങൾ തുടർക്കഥയാവുകയാണ്.
ഹൈദരാബാദിലെ റെസ്റ്റോറൻ്റിൽ വിളമ്പിയ ബിരിയാണിയിൽ ബ്ലേഡ്. ഘട്കേസറിലെ ഒരു റെസ്റ്റോറൻ്റിൽ നിന്ന് കഴിച്ച ബിരിയാണിയിലാണ് യുവാവ് ബ്ലേഡ് കണ്ടെത്തിയത്. പിന്നാലെ ഇയാൾ പോലീസിൽ പരാതിനൽകി. ഹൈദരാബാദിൽ ഇത്തരം സംഭവങ്ങൾ തുടർക്കഥയാവുകയാണ്. അടുത്തിടെ നടന്ന പരിശോധനകളിൽ പല ഹോട്ടലുകളിലും നിയമലംഘനങ്ങൾ കണ്ടത്തിയിരുന്നു.
ഘട്കേസറില ആദർശ് ബാർ ആൻഡ് റെസ്റ്റോറൻ്റ് ആണ് പ്രതിക്കൂട്ടിലുള്ളത്. പ്രദേശവാസിയായ ബിംഗി അയ്‌ലയ്യ എന്ന യുവാവ് സുഹൃത്തുക്കൾക്കൊപ്പം ആഹാരം കഴിക്കാൻ റെസ്റ്റോറൻ്റിലേക്ക് പോയി. ബിബി നഗർ സ്വദേശിയാണ് അയ്‌ലയ്യ. റെസ്റ്റോറൻ്റിലെത്തിയ സംഘം ചിക്കൻ ബിരിയാണിയാണ് ഓർഡർ ചെയ്തു. കഴിച്ചുകൊണ്ടിരിക്കെ ബിരിയാണിയിൽ നിന്ന് ബ്ലേഡ് കണ്ടെത്തുകയായിരുന്നു. ഇതോടെ കാര്യം ഇവർ റെസ്റ്റോറൻ്റ് മാനേജരെ അറിയിച്ചു. എന്നാൽ, അതൊരു വലിയ സംഭവമല്ലെന്ന രീതിയിലായിരുന്നു മാനേജരുടെ പ്രതികരണം. സംഭവത്തിൽ നടപടിയെടുക്കുന്നതിന് പകരം നിസ്സാരമായി കാണാനാണ് മാനേജർ ശ്രമിച്ചത്. ഇതോടെ സമീപത്തെ പോലീസ് സ്റ്റേഷനിൽ സംഘം പരാതിനൽകുകയായിരുന്നു. ഇതിന് ശേഷം സംഘം ആശുപത്രിയിലെത്തി ടിടി കുത്തിവെപ്പെടുത്തു. ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഹൈദരാബാദിലെ റെസ്റ്റോറൻ്റുകളിൽ നിന്ന് പലതരത്തിലുള്ള നിയമലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഭക്ഷണത്തിൽ നിന്ന് സിഗരറ്റ് കുറ്റികൾ വരെ ഈയിടെ കണ്ടെത്തിയിരുന്നു. അധികൃതർ പലതരത്തിലുള്ള പരിശോധനകൾ നടത്തുന്നുണ്ടെങ്കിലും ഇത്തരം നിയമലംഘനങ്ങൾ ആവർത്തിക്കപ്പെടുകയാണ്. നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് പല റെസ്റ്റോറൻ്റുകൾക്കെതിരെയും നിയമനടപടി ഉൾപ്പെടെയുള്ളവ സ്വീകരിച്ചിരുന്നു. എന്നിട്ടും ഹൈദരാബാദിൽ സമാനമായ നിയമലംഘനങ്ങൾ വീണ്ടും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത് അധികൃതർക്ക് വലിയ സമ്മർദ്ദമാണ്.
തിരുവനന്തപുരത്തെ ബ്ലേഡ് വട
ഇക്കഴിഞ്ഞ സെപ്തംബറിൽ തിരുവനന്തപുരത്തെ ഒരു കടയിൽ നിന്ന് കഴിച്ച ഉഴുന്നുവടയിൽ ബ്ലേഡ് കണ്ടെത്തിയിരുന്നു. തിരുവനന്തപുരം വെൺപാലവട്ടം കുമാർ ടിഫിൻ സെന്ററിൽ നിന്ന് കഴിച്ച ഉഴുന്നുവടയിൽ നിന്നാണ് ബ്ലേഡ് കണ്ടെത്തിയത്. ഹോട്ടലിൽ പ്രഭാതഭക്ഷണം കഴിക്കാനെത്തിയ പാലോട് സ്വദേശിയായ അനീഷ്, 17 വയസ്സുള്ള മകൾ സനുഷ എന്നിവർക്കാണ് ബ്ലേഡടങ്ങിയ വട ലഭിച്ചത്.
വട കഴിച്ചുകൊണ്ടിരിക്കെ സനുഷയുടെ പല്ലിലെ കമ്പിയിൽ ബ്ലേഡിൻ്റെ പകുതി കഷ്ണം കുടുങ്ങുകയായിരുന്നു. തുടർന്ന് ഹോട്ടൽ അധികൃതരോട് പരാതിപ്പെട്ട ഇവർ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെയും വിവരമറിയിച്ചു. പേട്ട പൊലീസും ഭക്ഷ്യ സൗരക്ഷാ ഉദ്യോഗസ്ഥരും പരിശോധന നടത്തി ഹോട്ടൽ അടപ്പിക്കുകയും ചെയ്തു.