Mamata Banerjee: രാജിവെക്കാന്‍ ഞാന്‍ തയാര്‍, ഡോക്ടര്‍മാര്‍ തിരിച്ച് ജോലിയില്‍ പ്രവേശിക്കണം: മമത
Mamata Banerjee Says She is Ready to Resign: കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ച് മണിക്കാണ് ജൂനിയര്‍ ഡോക്ടര്‍മാരുമായി കൂടിക്കാഴ്ച നടത്താന്‍ മമത തീരുമാനിച്ചിരുന്നത്. എന്നാല്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ ഡോക്ടര്‍മാര്‍ വിസമ്മതിച്ചു. ഡോക്ടര്‍മാരുമായി സംസാരിക്കാനായി മമത ബാനര്‍ജി കാത്തുനില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ താന്‍ തയാറാണെന്ന് മമത ബാനര്‍ജി. യുവ ഡോക്ടറുടെ കൊലപാതകത്തെ തുടര്‍ന്ന് പ്രതിഷേധിക്കുന്ന ഡോക്ടര്‍മാരുമായുള്ള കൂടിക്കാഴ്ച മുടങ്ങിയതോടെയാണ് മമത രാജി സന്നദ്ധത അറിയിച്ചത്. ഡോക്ടര്‍മാര്‍ തിരിച്ച് ജോലിയില്‍ പ്രവേശിക്കണമെന്നും മമത ബാനര്‍ജി അഭ്യര്‍ത്ഥിച്ചു. താന്‍ രാജിവെക്കാന്‍ തയാറാണെന്നും പ്രതിഷേധിക്കുന്ന ഡോക്ടര്‍മാര്‍ തിരികെ ജോലിയില്‍ പ്രവേശിക്കണമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.
‘ആര്‍ജി കര്‍ ആശുപത്രിയില്‍ തുടരുന്ന സമരം ഈ ദിവസം അവസാനിക്കുമെന്ന് പ്രതീക്ഷിച്ച ജനങ്ങളോട് ഞാന്‍ മാപ്പ് ചോദിക്കുകയാണ്. ജനങ്ങളുടെ താത്പര്യത്തിനായി രാജിവെക്കാന്‍ ഞാന്‍ തയാറാണ്. എനിക്ക് മുഖ്യമന്ത്രി പദം ആവശ്യമില്ല. സാധാരണക്കാര്‍ക്ക് ചികിത്സ ലഭിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ജൂനിയര്‍ ഡോക്ടര്‍മാര്‍ നബന്നയില്‍ വന്നിരുന്നുവെങ്കിലും യോഗത്തില്‍ പങ്കെടുത്തില്ല. രണ്ട് മണിക്കൂര്‍ കാത്തിരുത്തി എങ്കിലും അവര്‍ക്കെതിരെ ഞാന്‍ നടപടി സ്വീകരിക്കില്ല. ചെറുപ്പക്കാരായതിനാല്‍ ക്ഷമിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ജോലിയിലേക്ക് മടങ്ങാന്‍ ഞാന്‍ അവരോട് അഭ്യര്‍ത്ഥിക്കുകയാണ്,’ മമത പറഞ്ഞു. പ്രതിഷേധിക്കുന്ന ഡോക്ടര്‍മാര്‍ക്ക് പ്രത്യേക അജണ്ടയുണ്ടെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ച് മണിക്കാണ് ജൂനിയര്‍ ഡോക്ടര്‍മാരുമായി കൂടിക്കാഴ്ച നടത്താന്‍ മമത തീരുമാനിച്ചിരുന്നത്. എന്നാല്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ ഡോക്ടര്‍മാര്‍ വിസമ്മതിച്ചു. ഡോക്ടര്‍മാരുമായി സംസാരിക്കാനായി മമത ബാനര്‍ജി കാത്തുനില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രതിഷേധക്കാര്‍ യോഗത്തിനായി 25 മിനിറ്റോളം വൈകിയെത്തി എന്നും ഒരു മണിക്കൂറിലേറെ ഗേറ്റില്‍ നിന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
അതേസമയം, യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം കടുക്കുകയാണ്. മമതയ്ക്കും അവരുടെ സര്‍ക്കാരിനും വിഷയം വേണ്ട വിധത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിച്ചില്ലെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.
അതേസമയം, ആര്‍ജി കര്‍ ആശുപത്രിയിലെ വനിതാ ഡോക്ടറുടെ കൊലപാതത്തില്‍ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭ എംപി ജവഹര്‍ സിര്‍കാര്‍ നേരത്തെ രാജിവെച്ചിരുന്നു. ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട വിഷയത്തെ പാര്‍ട്ടിയും സര്‍ക്കാരും കൈകാര്യം ചെയ്തതിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സിര്‍കാറിന്റെ രാജി. സര്‍ക്കാരില്‍ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടുവെന്നും അതിനാല്‍ രാജ്യസഭാംഗത്വം രാജിക്കുന്നതായും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് അയച്ച കത്തില്‍ അദ്ദേഹം പറഞ്ഞു.
രാജിക്ക് ശേഷം താന്‍ രാഷ്ട്രീയത്തില്‍ നിന്നും പൂര്‍ണമായും വിട്ടുനില്‍ക്കും. പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ വിഷയം തെറ്റായ രീതിയില്‍ കൈകാര്യം ചെയ്തതിനാലാണ് രാജി, രാഷ്ട്രീയം ഉപേക്ഷിക്കുന്നു. എങ്കിലും നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ജനങ്ങളോടൊപ്പം ഉണ്ടായിരിക്കും. മൂല്യങ്ങളോടുള്ള തന്റെ പ്രതിബദ്ധതയില്‍ മാറ്റമില്ലെന്നും സിര്‍കാര്‍ എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.
ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ദാരുണമായ സംഭവത്തില്‍ ഒരു മാസത്തോളം താന്‍ കാത്തിരുന്നു. മുഖ്യമന്ത്രിയായ മമത ബാനര്‍ജി പഴയ ശൈലിയില്‍ നേരിട്ടുള്ള ഇടപെടല്‍ നടത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിക്കുന്ന ശിക്ഷാ നടപടികളെല്ലാം പരിമിതമാണ്. വളരെ വൈകിയിരിക്കുന്നു. കുറ്റവാളികളെ ശരിയായ രീതിയില്‍ ശിക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ സംസ്ഥാനം സാധാരണ നിലയിലേക്ക് മടങ്ങുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങളും അഴിമതികളും മുതിര്‍ന്ന അംഗങ്ങളോട് ചര്‍ച്ച ചെയ്തു. പക്ഷെ വിമര്‍ശനങ്ങള്‍ നേരിടേണ്ടതായി വന്നു. വിഷയത്തില്‍ പാര്‍ട്ടി നടപടി സ്വീകരിക്കുമെന്നാണ് കരുതിയതെന്നും അത് സംഭവിച്ചില്ലെന്നും സിര്‍കാര്‍ കൂട്ടിച്ചേര്‍ത്തു.
Also Read: Sitaram Yechuri: യെച്ചൂരി ‘ഇന്ത്യ’ എന്ന ആശയത്തിന്റെ സംരക്ഷകൻ – രാഹുൽ ഗാന്ധി
സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ നന്ദിയുണ്ട്. 2022ല്‍ മുന്‍ വിദ്യാഭ്യാസമന്ത്രിക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്നപ്പോള്‍ പാര്‍ട്ടിയും സര്‍ക്കാരും വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ അത് തടസപ്പെടുത്തുകയാണ് ഉണ്ടായതെന്നും കത്തില്‍ ആരോപിക്കുന്നു.
അതേസമയം, ഓഗസ്റ്റ് 31നാണ് ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ പിജി വിഭാഗം ഡോക്ടരായ യുവതിയെ ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. യുവതി ക്രൂരമായ പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി. പിന്നീട് കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം കേസ് സിബിഐ ഏറ്റെടുക്കുകയായിരുന്നു.