Mamata Banerjee: 25,000 അധ്യാപകർക്കെതിരായ സുപ്രീം കോടതി വിധി; ‘വ്യക്തിപരമായി അംഗീകരിക്കുന്നില്ല, എങ്കിലും ഉത്തരവ് നടപ്പാക്കും’; മമത ബാനർജി
Mamata Banerjee on Dismissal of 25,000 Teachers: 2016ൽ പശ്ചിമ ബംഗാൾ സ്‌കൂൾ സർവീസ് കമ്മീഷൻ നടത്തിയ 25,000ത്തിൽ അധികം അധ്യാപക - അനധ്യാപക ജീവനക്കാരുടെ നിയമനം റദ്ധാക്കികൊണ്ടുള്ള കൊൽക്കത്ത ഹൈക്കോടതി വിധിയാണ് സുപ്രീം കോടതി ശരിവെച്ചത്.

കൊൽക്കത്ത: ബംഗാളിലെ സ്‌കൂൾ നിയമന അഴിമതി കേസിലെ സുപ്രീം കോടതി വിധിയിൽ പ്രതികരിച്ച് പശ്ചിമ ബംഗാൾ മുഖ്യമത്രി മമത ബാനർജി. കോടതി വിധി വ്യക്തിപരമായി അംഗീകരിക്കുന്നില്ലെന്ന് മമത ബാനർജി പറഞ്ഞു. എന്നാൽ, കോടതി വിധി പ്രകാരം തന്റെ സർക്കാർ വീണ്ടും നിയമന പ്രക്രിയ നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബംഗാളിന്റെ വിദ്യാഭ്യാസ വ്യവസ്ഥയെ തകർക്കാനാണോ ബിജെപി ആഗ്രഹിക്കുന്നതെന്നും അവർ ചോദിച്ചു.
ഈ രാജ്യത്തെ ഒരു പൗരനെന്ന നിലയിൽ തനിക്ക് എല്ലാവിധ അവകാശങ്ങളുമുണ്ടെന്നും, ഈ വിധി സ്വീകരിക്കാൻ കഴിയില്ലെന്ന് ജഡ്ജിമാരോട് പൂർണ ബഹുമാനം പുലർത്തി കൊണ്ടുതന്നെ പറയുകയാണെന്നും സുപ്രീം കോടതി വിധിക്ക് പിന്നാലെ മാധ്യമങ്ങളോട് മമത ബാനർജി പ്രതികരിച്ചു. മാനുഷിക വീക്ഷണകോണിൽ നിന്നാണ് ഈ അഭിപ്രായം പറയുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
2016ൽ പശ്ചിമ ബംഗാൾ സ്‌കൂൾ സർവീസ് കമ്മീഷൻ നടത്തിയ 25,000ത്തിൽ അധികം അധ്യാപക – അനധ്യാപക ജീവനക്കാരുടെ നിയമനം റദ്ധാക്കികൊണ്ടുള്ള കൊൽക്കത്ത ഹൈക്കോടതി വിധിയാണ് സുപ്രീം കോടതി ശരിവെച്ചത്. നിയമന നടപടികൾ വഞ്ചനാപരമാണെന്നും, അധ്യാപകരുടെ നിയമനവും സേവനവും അവസാനിപ്പിക്കണമെന്ന ഹൈക്കോടതിയുടെ തീരുമാനത്തിൽ ഇടപെടാൻ ഒരു കാരണവും ഞങ്ങൾ കാണുന്നില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് പി വി സഞ്ജയ് കുമാർ എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് വിധി. നിയമനം ലഭിച്ചവർ ഇതുവരെ വാങ്ങിയ ശമ്പളം തിരികെ നൽകേണ്ടതില്ലെന്നും കോടതി അറിയിച്ചു.
ALSO READ: മണ്ഡല പുനർനിർണയം; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം തേടി എം.കെ. സ്റ്റാലിന്‍
2024 ഏപ്രിലിലായിരുന്നു 25,000ത്തിൽ അധികം അധ്യാപക – അനധ്യാപക ജീവനക്കാരുടെ നിയമനം റദ്ധാക്കികൊണ്ട് കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടത്. നിയമനം ലഭിച്ചവർ അതുവരെ വാങ്ങിയ ശമ്പളവും അതിന്റെ 12 ശതമാനം പലിശയും മടക്കി നൽകണമെന്നും ഉത്തരവിട്ടിരുന്നു. എന്നാൽ, സുപ്രീം കോടതി ഈ ഉത്തരവ് തടഞ്ഞുവെക്കാൻ ഉത്തരവിടുകയായിരുന്നു. കൂടാതെ, സംഭവത്തിൽ സിബിഐ അന്വേഷണത്തിന് അനുവാദം നൽകുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന പാർഥ ചാറ്റർജിയെ ഇഡി അറസ്റ്റ് ചെയുകയും, പാർഥയുടെ സഹായി അർപ്പിത ബാനർജിയുടെ വീട്ടിൽ നിന്ന് 22 കോടിയുടെ നോട്ടുകെട്ടുകളും ഒരു കോടിയുടെ സ്വർണവും കണ്ടെടുക്കുകയും ചെയ്തിരുന്നു.