5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Mamata Banerjee: കൊൽക്കത്തയിലെ ആശുപത്രി തകര്‍ത്തതിന് പിന്നില്‍ ബിജെപിയും ഇടത് പാര്‍ട്ടികളും; മമത ബാനർജി

Mamata Banerjee: ആർജി കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിൽ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. അതിനിടെയാണ് ഇന്നലെ മെഡിക്കൽ കോളേജിന് നേരെ ആൾകൂട്ട ആക്രമണത്തെ ഉണ്ടായത്.

Mamata Banerjee: കൊൽക്കത്തയിലെ ആശുപത്രി തകര്‍ത്തതിന് പിന്നില്‍ ബിജെപിയും ഇടത് പാര്‍ട്ടികളും; മമത ബാനർജി
(Image Courtesy: Pinterest)
Follow Us
nandha-das
Nandha Das | Updated On: 15 Aug 2024 21:53 PM

കൊൽക്കത്തയിൽ ഡോക്ടർമാരുടെ സമരം നടക്കുന്ന ആർജി കർ മെഡിക്കൽ കോളേജിന് നേരെ ഉണ്ടായ സംഘം ചേർന്നുള്ള ആക്രമണത്തിന് പിന്നിൽ ബിജെപിയും ഇടത് പാർട്ടികളും ആണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ആശുപത്രിയിൽ വച്ച് വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിൽ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. അതിനിടെയാണ് ആൾകൂട്ട ആക്രമം ഉണ്ടായത്.

ഇന്നലെ അർദ്ധരാത്രിയോടെ പ്രതിഷേധക്കാരെന്ന വ്യാജേന ഒരു സംഘം ആളുകൾ ആശുപത്രിയിൽ പ്രവേശിച്ച് അത്യാഹിത വിഭാഗവും, നേഴ്‌സിങ് സ്റ്റേഷനും, മെഡിസിൻ സ്റ്റോറും ഉൾപ്പടെ അടിച്ച് തകർക്കുകയായിരുന്നു. സംഭവത്തിൽ ഒമ്പത് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

“പോലീസ് വിഷയം അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. വിദ്യാർത്ഥികൾക്കെതിരെയോ സമരം ചെയ്യുന്ന ഡോക്ടർമാർക്കെതിരെയോ എനിക്ക് പരാതിയില്ല. എന്നാൽ ചില രാഷ്ട്രീയ പാർട്ടികളാണ് പ്രശ്‌നം ഉണ്ടാക്കാൻ ശ്രമിക്കുന്നത്. സംഭവത്തിന്റെ വീഡിയോ കണ്ടാൽ എന്താണ് ശെരിക്കും സംഭവിച്ചതെന്ന് നിങ്ങൾക്ക് മനസിലാകും” മമത പറഞ്ഞു.

“പോലീസിനെ ആക്രമിച്ച രീതി കണ്ടാൽ മനസിലാകും അത് ബിജെപിയും ഇടത് പാർട്ടികളും ആണെന്നുള്ളത്. തന്റെ ചുമതലയുള്ള ഒരാളെ ഒരുമണിക്കൂറോളം കാണാതാവുകയും, പിന്നീട് പരിക്കേറ്റ നിലയിൽ കണ്ടെത്തുകയും ചെയ്തു. പോലീസ് ബലപ്രയോഗം നടത്തിയിട്ടില്ല. തങ്ങൾ ഒരുപാടു പ്രതിഷേധങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും, ഇതുപോലെ ആശുപത്രിയിൽ കയറി ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്തിട്ടില്ല” എന്നും മമത കൂട്ടിച്ചേർത്തു.

READ MORE: ഡോക്ടറുടെ കൊലപാതകം: രാജ്യവ്യാപക പ്രതിഷേധം, അന്വേഷണം കേന്ദ്ര ഏജൻസിക്ക് വിടണമെന്ന് സംഘടന

കൊൽക്കത്തയിലെ ആർജി കർ ആശുപത്രിയിൽ ഓഗസ്റ്റ് 9ന് പുലർച്ചെയാണ് ജൂനിയർ ഡോക്ടറെ കൊലപ്പെടുത്തിയ സംഭവം നടന്നത്. ആശുപത്രിയിലെ സെമിനാർ ഹാളിൽ സിവിൽ പോലീസ് വോളണ്ടിയറായ സഞ്ജയ് റോയിയാണ് കൊല നടത്തിയതെന്നാണ് പോലീസ് പറയുന്നത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും അന്വേഷണം തൃപ്തികരമല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഡോക്ടർമാരുടെ സംഘടന പ്രതിഷേധം ആരംഭിച്ചത്.

അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ലെന്ന് ചൂണ്ടിക്കാട്ടി കൊൽക്കത്ത ഹൈക്കോടതി ഓഗസ്റ്റ് 13നാണ് അന്വേഷണം കൊൽക്കത്ത പോലീസിൽ നിന്ന് സിബിഐക്ക് കൈമാറിയത്. ഇപ്പോഴും അന്വേഷണം തുടർന്ന് വരുന്നു.

 

 

Latest News