Election Commission and Kharge: വിദ്വേഷ പരാമര്‍ശങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മൗനം തുടരുന്നത് ദുരൂഹം; കമ്മീഷനെതിരെ ഖാര്‍ഗെ
മറ്റ് പരാതികള്‍ക്കൊന്നും മറുപടി നല്‍കാത്ത കമ്മീഷന്‍ ഒരു തുറന്നകത്തിന് മറുപടിയുമായി എത്തിയത് ആശ്ചര്യപ്പെടുത്തുന്നതാണെന്ന് ഖാര്‍ഗെ പറഞ്ഞു
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഇന്ത്യ മുന്നണിയിലെ നേതാക്കള്‍ക്ക് അയച്ച കത്തിനുനേരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനെതിരെയാണ് ഖാര്‍ഗെ രംഗത്തെത്തിയത്. മറ്റ് പരാതികള്‍ക്കൊന്നും മറുപടി നല്‍കാത്ത കമ്മീഷന്‍ ഒരു തുറന്നകത്തിന് മറുപടിയുമായി എത്തിയത് ആശ്ചര്യപ്പെടുത്തുന്നതാണെന്ന് ഖാര്‍ഗെ പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് അയച്ച കത്തിലാണ് ഖാര്‍ഗെയുടെ പരാമര്‍ശം.
‘നിങ്ങളനുഭവിക്കുന്ന സമ്മര്‍ദ്ദം എനിക്ക് മനസിലാകും. എല്ലാവരുടെയും ചോദിക്കാനുള്ള അവകാശത്തെ ബഹുമാനിക്കുന്നുവെന്ന് പറയുന്ന കമ്മീഷന്‍ മറുവശത്ത് ജാഗ്രത പാലിക്കണമെന്ന രീതിയില്‍ പൗരന്മാരെ ഭീഷണിപ്പെടുത്തുകയാണ്. ഭരണഘടന അനുസരിച്ച് സുഗമവും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്താന്‍ അധികാരമുണ്ടെന്ന് കമ്മീഷന്‍ മനസിലാക്കുന്നതില്‍ സന്തോഷമുണ്ട്.
എന്നാല്‍ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കും വിധത്തില്‍ ഭരണകക്ഷി നേതാക്കള്‍ നടത്തുന്ന നഗ്നമായ വര്‍ഗീയ പ്രസ്താവനകള്‍ക്കെതിരെ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാണിക്കുന്ന താത്പര്യക്കുറവ് ദുരൂഹമായി തുടരുന്നു,’ ഖാര്‍ഗെ കത്തില്‍ പറയുന്നു.
ലോക് സഭാ തെരഞ്ഞെടുപ്പിലെ അന്തിമ പോളിങ് കണക്കുകള്‍ നല്‍കിയത് വൈകിയാണെന്നടക്കമുള്ള കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയിരുന്നു. പോളിങ് വിവരങ്ങള്‍ തത്സമയം ലഭ്യമാണ് എന്നതിനാല്‍, അതിന്റെ റിലീസ് വൈകിയെന്ന കോണ്‍ഗ്രസ് ആരോപണം അസംബന്ധമാണെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് കമ്മീഷന്‍ നല്‍കിയ മറുപടി.
വോട്ടര്‍മാരുടെ കണക്കുകള്‍ പുറത്തുവിട്ടതിനെക്കുറിച്ചുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പരാമര്‍ശം ആശയക്കുഴപ്പം സൃഷ്ടിക്കാനും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന് തടസം സൃഷ്ടിക്കാനും ഉദ്ദേശിച്ചുള്ളതാണ്. തെരഞ്ഞെടുപ്പ് നടപടികളുടെ വിശ്വാസ്യതയില്‍ ആശയക്കുഴപ്പം പരത്താനുള്ള പക്ഷപാതപരവും ആസൂത്രിതവുമായ ശ്രമത്തിന്റെ പ്രതിഫലനമാണ് ഈ പ്രസ്താവനകള്‍ എന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഖാര്‍ഗെയ്ക്ക് അയച്ച കത്തില്‍ പറഞ്ഞു.
മൂന്നാംഘട്ട ലോക്‌സഭ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ ആദ്യ രണ്ട് ഘട്ടങ്ങളിലെ പോളിങ് വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൃത്യമായി നല്‍കിയില്ലെന്നായിരുന്നു കോണ്‍ഗ്രസ് ആരോപിച്ചിരുന്നത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞ് 11 ദിവസത്തിന് ശേഷമാണ് അന്തിമ പോളിങ് കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയത്. രണ്ടാംഘട്ടം കഴിഞ്ഞ് നാല് ദിവസത്തിന് ശേഷം മാത്രവുമാണ് പോളിങ് കണക്കുകള്‍ നല്‍കിയത്. ഇത് ഫലം അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വൈകി വിവരങ്ങള്‍ കൈമാറുന്നതെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തിയിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി ഖാര്‍ഗെ ഇന്ത്യ മുന്നണിയിലെ നേതാക്കള്‍ക്കയച്ച കത്തില്‍ ചരിത്രത്തിലെ ഏറ്റവുംമോശമായ അവസ്ഥയിലാണ് കമ്മിഷനെന്ന് വിമര്‍ശനം ഉന്നയിച്ചിരുന്നു. വോട്ടിങ് ശതമാനത്തിലുള്ള വ്യത്യാസം ക്രമക്കേടിനുകാരണമാവുമെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി. ഇതോടെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സീനിയര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഖാര്‍ഗെയ്ക്ക് കത്തയച്ചത്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ വിശ്വാസ്യത ഉയര്‍ത്തിപ്പിടിക്കാന്‍ ഇത്തരം പരാമര്‍ശങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.