Maharashtra Jharkhand Election 2024: ഇന്ത്യ സഖ്യത്തിന് ഇടം നല്‍കാതെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍; മഹരാഷ്ട്രയും ജാര്‍ഖണ്ഡും വിധി മാറ്റുമോ?
Maharashtra- Jharkhand Exit Poll Results: എന്‍ഡിഎയ്ക്കാണ് ഭൂരിഭാഗം എക്‌സിറ്റ് പോള്‍ ഫലങ്ങളും മുന്‍ഗണന പ്രവചിക്കപ്പെട്ടിരിക്കുന്നത്. മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തുമോ ഇല്ലയോ എന്നറിയാന്‍ നവംബര്‍ 23 വരെ കാത്തിരുന്നേ മതിയാകൂ.
ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. ആറരയോടെയാണ് ഫലങ്ങള്‍ പുറത്തുവന്നത്. രണ്ട് സംസ്ഥാനങ്ങളിലും എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ബിജെപി നേതൃത്വം നല്‍കുന്ന മഹായുതി സര്‍ക്കാരിനാണ് അധികാര സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്. പോള്‍ ഡയറി, പി മാര്‍ക്ക്, പീപ്പിള്‍സ് പള്‍സ്, മെട്രീസ്, ചാണക്യ സ്‌ട്രോറ്റജീസ് തുടങ്ങിയവര്‍ നടത്തിയ സര്‍വേയാണ് എന്‍ഡിഎയ്ക്ക് അധികാരം പ്രവചിക്കുന്നത്.
ഇന്ത്യ സഖ്യത്തിനൊപ്പം ആക്‌സിസ് മൈ ഇന്ത്യ
ആക്‌സിസ് മൈ ഇന്ത്യ പുറത്തുവിട്ട ഫലം പ്രകാരം ആദിവാസി ഗോത്ര മേഖലയായ സന്താള്‍ പര്‍ഗാനയിലെ 18 സീറ്റില്‍ പതിനഞ്ചിലും ഇന്ത്യ സഖ്യത്തിന് വിജയിക്കാന്‍ സാധിക്കുമെന്നാണ് പറയപ്പെടുന്നത്.
ചാണക്യ എക്‌സിറ്റ് പോള്‍
മഹാരാഷ്ട്രയില്‍ എന്‍ഡിഎ സഖ്യം അധികാരം നേടുമെന്നാണ് ചാണക്യ എക്‌സിറ്റ് പോള്‍ പറയുന്നത്. 152 മുതല്‍ 160 സീറ്റ് വരെ എന്‍ഡിഎ സഖ്യത്തിന് ലഭിക്കുമെന്നും 130 മുതല്‍ 138 വരെ സീറ്റുകള്‍ ഇന്ത്യ സഖ്യത്തിന് ലഭിക്കുമെന്നാണ് ചാണക്യ സര്‍വ്വേ ഫലം പ്രവചിക്കുന്നത്.
ജാര്‍ഖണ്ഡില്‍ എന്‍ഡിഎ എന്ന് ടൈംസ് നൗ
ടൈംസ് നൗ പ്രവചിക്കുന്നത് അനുസരിച്ച് എന്‍ഡിഎയ്ക്ക് ജാര്‍ഖണ്ഡില്‍ 40 മുതല്‍ 44 സീറ്റ് വരെ നേടുമെന്നാണ്. ഇന്ത്യ സഖ്യത്തിന് 30 മുതല്‍ 40 വരെ സീറ്റുകളും ലഭിക്കും.
ചാണക്യ സ്ട്രാറ്റജീസില്‍ ജാര്‍ഖണ്ഡില്‍ എന്‍ഡിഎ
ചാണക്യ സ്ട്രാറ്റജീസിന്റെ എക്‌സിറ്റ് പോള്‍ ഫലം പറയുന്നത് ജാര്‍ഖണ്ഡില്‍ എന്‍ഡിഎ അധികാരത്തിലെത്തുമെന്നാണ്. എന്‍ഡിഎയ്ക്ക് 45 മുതല്‍ 50 വരെ സീറ്റുകള്‍ ലഭിക്കുമെന്നും ഇന്ത്യ സഖ്യത്തിന് 35 മുതല്‍ 38 വരെ സീറ്റുകള്‍ ലഭിക്കുമെന്നുമാണ് ചാണക്യ സ്ട്രാറ്റജീസ് പറയുന്നത്.
ജാര്‍ഖണ്ഡില്‍ എന്‍ഡിഎ
പീപ്പിള്‍സ് പള്‍സ് സര്‍വ്വേ ഫല പ്രകാരം ജാര്‍ഖണ്ഡില്‍ എന്‍ഡിഎയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുന്നത്. എന്‍ഡിഎയ്ക്ക് 44 മുതല്‍ 53 വരെ സീറ്റാണ് ജാര്‍ഖണ്ഡില്‍ എന്‍ഡിഎ നേടുക എന്നാണ് പ്രവചനം. ഇന്ത്യ സഖ്യത്തിന് 25 മുതല്‍ 37 വരെ സീറ്റുകള്‍ ലഭിക്കുമെന്നും പ്രവചനമുണ്ട്.
Also Read: Palakkad By-Election 2024 Live: കിതച്ച് പാലക്കാട്; ജനം വിധിയെഴുതി, ഇനി കാത്തിരിപ്പ്
മെട്രിസും എന്‍ഡിഎയ്ക്ക്
മെട്രിസിന്റെ സര്‍വ്വേ ഫലവും ജാര്‍ഖണ്ഡില്‍ എന്‍ഡിഎയ്ക്കാണ് അധികാരം പ്രവചിച്ചിരിക്കുന്നത്. എന്‍ഡിഎയ്ക്ക് 42 മുതല്‍ 47 വരെ സീറ്റും ഇന്ത്യ സഖ്യത്തിന് 25 മുതല്‍ 30 വരെ സീറ്റും ജാര്‍ഖണ്ഡില്‍ ലഭിക്കുമെന്ന് മെട്രിസ് പറയുന്നു.
മഹാരാഷ്ട്രയിലെ മെട്രിസ് ഫലം
മഹാരാഷ്ട്രയിലും എന്‍ഡിഎ തന്നെ അധികാരം നേടുമെന്നാണ് മെട്രിസ് പറയുന്നത്. എന്‍ഡിഎ 150 മുതല്‍ 170 വരെ സീറ്റുകള്‍ നേടിയാകും അധികാരം ഉറപ്പിക്കുക എന്നും ഇന്ത്യ സഖ്യം 110 മുതല്‍ 130 വരെ സീറ്റുകള്‍ നേടുമെന്നും മെട്രിസ് പറയുന്നു.
മഹാരാഷ്ട്രയിലെ പള്‍സ് അറിഞ്ഞ് ഫലം
മഹാരാഷ്ട്രയില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നാണ് പീപ്പിള്‍സ് പള്‍സ് എക്‌സിറ്റ് പോള്‍ പറയുന്നത്. എന്‍ഡിഎയ്ക്ക് 182 സീറ്റും ഇന്ത്യ സഖ്യത്തിന് 97 സീറ്റുമാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
അതേസമയം, എന്‍ഡിഎയ്ക്കാണ് ഭൂരിഭാഗം എക്‌സിറ്റ് പോള്‍ ഫലങ്ങളും മുന്‍ഗണന പ്രവചിക്കപ്പെട്ടിരിക്കുന്നത്. മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തുമോ ഇല്ലയോ എന്നറിയാന്‍ നവംബര്‍ 23 വരെ കാത്തിരുന്നേ മതിയാകൂ.
അതേസമയം, മഹാരാഷ്ട്രയിലെ 288 നിയമസഭ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. മഹായുതി സഖ്യം- ബിജെപി, ശിവസേന (അജിത് പവാര്‍), എന്‍സിപി, മഹാ വികാസ് അഘാഡി- കോണ്‍ഗ്രസ്, ശിവസേന (യുബിടി), എന്‍സിപി (ശരദ് പവാര്‍) എന്നിവര്‍ തമ്മിലാണ് മഹാരാഷ്ട്രയില്‍ മത്സരം നടക്കുന്നത്. 2019ലെ തിരഞ്ഞെടുപ്പില്‍ 105 സീറ്റുകള്‍ നേടിയാണ് ബിജെപി സംസ്ഥാനത്ത് അധികാരമുറപ്പിച്ചത്. ശിവസനേ 56 ഉം, കോണ്‍ഗ്രസ് 44 ഉം സീറ്റുകളാണ് ആ വര്‍ഷം നേടിയത്.
ജാര്‍ഖണ്ഡില്‍ രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടന്നത്. നവംബര്‍ 13നായിരുന്നു ആദ്യ ഘട്ടം. ജെഎംഎം നേതൃത്വത്തിലുള്ള ഇന്ത്യാ ബ്ലോക്കും ബിജെപിയുടെ നേതൃത്വത്തിലുള്ള നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സും തമ്മിലാണ് സംസ്ഥാനത്ത് പോരാട്ടം നടക്കുന്നത്.