Ex Minister Baba Siddique Dies: മഹാരാഷ്ട്ര മുൻ മന്ത്രിയും എൻസിപി നേതാവുമായ ബാബ സിദ്ധിഖി വെടിയേറ്റ് മരിച്ചു
Maharashtra Ex Minister Baba Siddique Got Shot at Mumbai: മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ധിഖി വെടിയേറ്റ് മരിച്ചു. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം.
മഹാരാഷ്ട്ര മുൻ മന്ത്രിയും എൻസിപി മുതിർന്ന നേതാവുമായ ബാബ സിദ്ധിഖി വെടിയേറ്റ് മരിച്ചു. മുംബൈയിലെ ബാന്ദ്രയിൽ വെച്ച് ശനിയാഴ്ച വൈകുന്നേരമാണ് അദ്ദേഹത്തിന് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനിയില്ല.
മൂന്ന് തവണയാണ് അദ്ദേഹത്തിന് വെടിയേറ്റതെന്നാണ് വിവരം. നെഞ്ചിലും വയറ്റിലുമാണ് വെടിയുണ്ടകൾ തറച്ചത്. ബാന്ദ്ര ഈസ്റ്റിൽ നിന്നുള്ള എംഎൽഎയായ ബാബയുടെ മകൻ സീഷന്റെ ഓഫീസിൽ വെച്ചാണ് സംഭവം. രാത്രി 9.30-ഓടെയായിരുന്നു സംഭവം നടന്നത്. വെടിവെപ്പുമായി ബന്ധപ്പെട്ട് മൂന്ന് പേരെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
1958-ൽ ജനിച്ച സിദ്ധിഖി, തന്റെ 19-ാം വയസിലാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. നാഷണൽ സ്റ്റുഡൻ്റ്സ് യൂണിയൻ ഓഫ് ഇന്ത്യയുടെ മുംബൈ ചാപ്റ്റർ അംഗമെന്ന നിലയിൽ അദ്ദേഹം അക്കാലത്തെ വിവിധ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ ഭാഗമായി. അങ്ങനെ, 1988-ൽ മുംബൈ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന്, നാല് വർഷത്തിന് ശേഷം മുംബൈ മുനിസിപ്പൽ കോർപ്പറേഷനിൽ മുനിസിപ്പൽ കൗൺസിലറായ അദ്ദേഹം, 1999-ൽ ബാന്ദ്ര വെസ്റ്റ് അസംബ്ലി മണ്ഡലത്തിൽ നിന്ന് മത്സരിച്ച് എംഎൽഎയായി.
ബാന്ദ്ര ഈസ്റ്റിൽ മൂന്ന് തവണ (1999, 2004, 2009) ബാബ സിദ്ധിഖി എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നേരത്തെ കോൺഗ്രസിലായിരുന്ന അദ്ദേഹം കുറച്ച് മാസങ്ങൾക്ക് മുൻപാണ് എൻസിപിയിലെ അജിത് പവാർ പക്ഷത്തിൽ ചേരുന്നത്. 2004-2008 കാലഘട്ടത്തിൽ ഭക്ഷ്യവിതരണ വകുപ്പ് മന്ത്രി കൂടിയായിരുന്നു അദ്ദേഹം.