Mahakumbh fire: മഹാകുംഭമേളയ്ക്കിടെ തീപിടിത്തം; നിരവധി കൂടാരങ്ങള്‍ കത്തിനശിച്ചു; സ്ഥിതിഗതികള്‍ വിലയിരുത്തി പ്രധാനമന്ത്രി
Mahakumbh Prayagraj fire Updates : മഹാകുംഭ് ടെന്റ് സിറ്റിയിലെ സെക്ടര്‍ 19ലാണ് തീപിടിത്തമുണ്ടായത്. പാചക സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്ന് സംശയിക്കുന്നു. തീപിടിത്തം നിയന്ത്രണവിധേയമാക്കാന്‍ പതിനഞ്ച് ഫയര്‍ ടെന്‍ഡറുകള്‍ എത്തിച്ചു. വൈകുന്നേരം 4.30-ഓടെയാണ് തീപിടിത്തമുണ്ടായത്
പ്രയാഗ്‌രാജില്‍ മഹാകുംഭമേളയ്ക്കിടെ വന്‍തീപിടിത്തം. പതിനെട്ടോളം കൂടാരങ്ങള്‍ കത്തിനശിച്ചെന്നാണ് റിപ്പോര്‍ട്ട്. ആളപമായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആളുകള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്ല. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്താനായി. മഹാകുംഭ് ടെന്റ് സിറ്റിയിലെ സെക്ടര്‍ 19ലാണ് തീപിടിത്തമുണ്ടായത്. പാചക സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്ന് സംശയിക്കുന്നു. തീപിടിത്തം നിയന്ത്രണവിധേയമാക്കാന്‍ പതിനഞ്ച് ഫയര്‍ ടെന്‍ഡറുകള്‍ എത്തിച്ചതായി കുംഭമേള ചീഫ് ഫയർ ഓഫീസർ പ്രമോദ് ശർമ്മ പറഞ്ഞു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അദ്ദേഹം സംസാരിച്ചെന്ന് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
“വളരെ ദുഃഖകരം. മഹാ കുംഭത്തിലെ തീപിടിത്തം ഏവരെയും ഞെട്ടിച്ചു. ഭരണകൂടം അടിയന്തര ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ ഉറപ്പാക്കുന്നുണ്ട്. എല്ലാവരുടെയും രക്ഷയ്ക്കായി ഞങ്ങൾ ഗംഗാ മാതാവിനോട് പ്രാർത്ഥിക്കുന്നു”-മഹാകുംഭമേളയുടെ ഔദ്യോഗിക ‘എക്‌സ്’ ഹാന്‍ഡിലില്‍ കുറിച്ചു. സംഭവസ്ഥലത്തിന് ചുറ്റുമുള്ള ടെന്റുകളില്‍ ഉണ്ടായിരുന്നവരെ ഒഴിപ്പിച്ചു.
മഹാകുംഭമേളയില്‍ പങ്കെടുക്കുന്ന സന്യാസിമാരെയും ഭക്തരെയും സഹായിക്കുന്നതിനായി സര്‍ക്കാരിന്റെയും, ആരോഗ്യവകുപ്പിന്റെ ഒരു സംഘം അവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് പറഞ്ഞു. സ്ഥിതിഗതികള്‍ പൂര്‍ണമായും നിയന്ത്രണവിധേയമായെന്നും, സംഭവം സര്‍ക്കാര്‍ നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
#UPCM @myogiadityanath ने आज जनपद प्रयागराज में महाकुम्भ मेला क्षेत्र में आगजनी की घटना को संज्ञान में लेकर स्थलीय निरीक्षण किया एवं स्थिति का जायजा लिया।
मुख्यमंत्री जी ने संबंधित अधिकारियों को राहत कार्य युद्धस्तर पर संचालित करने के निर्देश दिए। pic.twitter.com/tiaAFNRMwm
— CM Office, GoUP (@CMOfficeUP) January 19, 2025
ഗീതാ പ്രസ് ടെന്റിലെ രണ്ട് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതോടെയാണ് സംഭവത്തിന്റെ തുടക്കം. തുടര്‍ന്ന് അത് സമീപ ടെന്റുകളിലേക്ക് വേഗത്തില്‍ പടരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വൈകുന്നേരം 4.30-ഓടെയാണ് തീപിടിത്തമുണ്ടായത്.
ഗീതാ പ്രസ്സിന്റെ ടെന്റിലെ സെക്ടർ 19 ൽ വൈകുന്നേരം 4.30 നാണ് തീപിടുത്തമുണ്ടായതെന്ന് പ്രയാഗ്‌രാജ് ഡിഎം രവീന്ദ്ര കുമാർ പറഞ്ഞു. തുടര്‍ന്ന് സമീപത്തുള്ള പത്ത് ടെന്റുകളിലേക്കും തീ പടര്‍ന്നു. പൊലീസും അധികൃതരും ഉടന്‍ സ്ഥലത്തെത്തി. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും അദ്ദേഹം വ്യക്തമാക്കി.
തീപിടിത്തം മൂലമുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി അറിയാന്‍ വിവരശേഖരണം നടത്തുകയാണെന്ന് മഹാകുംഭമേള ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (ഡിഐജി) വൈഭവ് കൃഷ്ണൻ പറഞ്ഞു. ടെന്റുകളും ചില വസ്തുക്കളും മാത്രമേ കത്തിനശിച്ചിട്ടുള്ളൂവെന്നും, തീപിടിത്തം നിയന്ത്രണവിധേയമായതായും അദ്ദേഹം അറിയിച്ചു.
ജനുവരി 13ന് ആരംഭിച്ച മഹാകുംഭമേള ഫെബ്രുവരി 26നാണ് അവസാനിക്കുന്നത്. ജനുവരി 18 വരെയുള്ള കണക്കുകള്‍ പ്രകാരം 77.2 മില്യണിലധികം ഭക്തര്‍ ത്രിവേണി സംഗമത്തില്‍ സ്‌നാനം നടത്തി. ഞായറാഴ്ച 46.95 ലക്ഷത്തിലധികം ഭക്തര്‍ പുണ്യസ്‌നാനം നടത്തിയതായാണ് റിപ്പോര്‍ട്ട്. ഇത്തവണ 45 കോടിയിലധികം ആളുകൾ മഹാകുംഭത്തിൽ പങ്കെടുക്കുമെന്നാണ് യുപി സര്‍ക്കാര്‍ വിലയിരുത്തുന്നത്. മഹാ കുംഭമേളയിലെ ആദ്യത്തെ അമൃത് സ്നാൻ (ഷാഹി സ്നാൻ) ജനുവരി 15ന് പുലര്‍ച്ചെയാണ് തുടങ്ങിയത്.