Maha Kumbh Mela 2025: മഹാ കുംഭമേളയിൽ 3 ലക്ഷം കോടി വരുമാനം , എല്ലാ മേഖലയിലും നേട്ടം
2013-ൽ 1,017 കോടി രൂപ ചെലവഴിച്ചാണ് കുംഭമേള സർക്കാർ നടത്തിയത് വരുമാനമായി 12,000 കോടി രൂപയാണ് ലഭിച്ചത്. 2019 ആയപ്പോഴേക്കും വരുമാനം 1.2 ലക്ഷം കോടി രൂപയായും, ചെലവ് 2,112 കോടി രൂപയായി

അങ്ങനെ കുംഭമേളക്ക് പ്രയാഗ് രാജിൽ സമാപനം കുറിക്കുകയാണ്. 144 വർഷത്തിലൊരിക്കൽ നടക്കുന്ന കുംഭമേള എന്നതിനാൽ തന്നെ ഭക്തരുടെ പ്രതിനിധ്യം കൊണ്ട് വ്യത്യസ്തമായിരുന്നു ഇത്തവണ. 2025 ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെയായിരുന്നു മഹാ കുംഭമേള നടന്നത്. 65 കോടിയിലധികം ഭക്തർ പ്രയാഗ് രാജിലെ ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തിയെന്നാണ് കണക്ക്. ആത്മീയ വളർച്ച മാത്രമല്ല സംസ്ഥാനത്തിന് സാമ്പത്തികമായും വളർച്ച ഇക്കാലയളവിൽ ഉണ്ടായതായാണ് കണക്ക്. 2025ലെ മഹാ കുംഭമേള വഴി 3 ലക്ഷം കോടി രൂപയുടെ വരുമാനമെങ്കിലും എത്തിയെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തൻ്റെ പ്രതീക്ഷ പങ്ക് വെച്ചത്. രണ്ട് ലക്ഷം കോടി രൂപയുടെ ബിസിനസാണ് വിവിധ മേഖലകളില് നിന്നുള്ള സംരംഭകർ ലക്ഷ്യമിട്ടതെങ്കിലും അതിലും കൂടുതലാണ് വരുമാനം.
2013-ൽ 1,017 കോടി രൂപ ചെലവഴിച്ചാണ് കുംഭമേള സർക്കാർ നടത്തിയത് വരുമാനമായി 12,000 കോടി രൂപയാണ് ലഭിച്ചത്. 2019 ആയപ്പോഴേക്കും വരുമാനം 1.2 ലക്ഷം കോടി രൂപയായും, ചെലവ് 2,112 കോടി രൂപയായും ഉയർന്നു. ടൂറിസം, ഹോട്ടൽ ബിസിനസ്, ഭക്ഷണ പാനീയ വ്യവസായം, ഗതാഗതം ലോജിസ്റ്റിക്സ്, പൂജാ സാമഗ്രികൾ, കരകൗശല വസ്തുക്കൾ, ആരോഗ്യ-ക്ഷേമ സേവനങ്ങൾ, വിനോദ വ്യവസായം, സ്മാർട്ട് ടെക്നോളജി, സിസിടിവി, ടെലികോം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സേവനങ്ങൾ എന്നീ വ്യവസായ മേഖലകളിലെല്ലാം വലിയ നേട്ടങ്ങളാണ് ഇത്തവണയുണ്ടായത്.
മഹാ കുംഭമേള വഴി 150 കിലോമീറ്റർ ചുറ്റളവിലുള്ള നഗരങ്ങളിലും പട്ടണങ്ങളിലും വ്യാപാരത്തിൽ വൻ വർധനയുണ്ടായി. കൂടാതെ, അയോധ്യ, വാരണാസി, മറ്റ് ആരാധനാലയങ്ങൾ എന്നിവിടങ്ങളിലും ഭക്തരുടെ വരവ് വർദ്ധിച്ചു. ഇത് വഴിയും വരുമാനം സർക്കാരിലേക്ക് എത്തി. കുറഞ്ഞത് 12 ലക്ഷത്തിലധികം പേർക്കെങ്കിലും പ്രത്യക്ഷത്തിലും അല്ലാതെയും തൊഴിൽ ലഭിച്ചിട്ടുണ്ട്. കണക്കുകൾ പ്രകാരം ചായ വിൽക്കുന്നവർ മുതൽ ഹെലികോപ്റ്റർ കമ്പനികൾക്ക് വരെയും വരുമാനം ലഭിച്ച സമയമാണിത്. രാജ്യത്തിൻ്റെ ജിഡിപിയിലും ഇതുവഴി വർധനയുണ്ടായി.
അടിസ്ഥാന സൗകര്യ വികസനം
മഹാ കുംഭമേളയുടെ ഭാഗമായി പ്രയാഗ് രാജിലെ റോഡുകൾ, മേൽപ്പാലങ്ങൾ, അണ്ടർപാസുകൾ എന്നിവയുടെ നിർമ്മാണത്തിനും നവീകരണത്തിനുമായി ഉത്തർപ്രദേശ് സർക്കാർ 7,500 കോടി രൂപയാണ് ചെലവഴിച്ചത്. 1,500 കോടി രൂപ മഹാ കുംഭമേളയുടെ ക്രമീകരണങ്ങൾക്കായി മാത്രമാണ് അനുവദിച്ചത്.
ഇത് പ്രയാഗ് രാജിൽ മാത്രമല്ല, സമീപ പ്രദേശങ്ങളിലും ഗതാഗതവും അടക്കം മെച്ചപ്പെടുത്തിയിട്ടുണ്ട്. 140 വർഷങ്ങൾക്ക് ശേഷം നടക്കുന്ന കുംഭമേള ആയതിനാൽ തന്നെ ആത്മീയപരമായും മതപരമായും വളരെ അധികം പ്രാധാന്യം ഇത്തവണത്തെ പ്രയാഗ് രാജിലെ മഹാകുംഭമേളക്കുണ്ട്.