Madras High Court: ‘ഭാര്യ സ്വയംഭോഗം ചെയ്യുന്നത് വിവാഹമോചനത്തിനുള്ള കാരണമല്ല, അതിനുള്ള അവകാശമുണ്ട്’; മദ്രാസ് ഹൈക്കോടതി
Madras High Court on Watching Sensitive Videos and Self Stimulation: വിവാഹമോചനം നിഷേധിച്ച കീഴ്ക്കോടതി വിധിക്കെതിരെ ഭർത്താവ് മദ്രാസ് ഹൈക്കോടതിയിൽ നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് ഹൈക്കോടതി വിധി.

ഭാര്യ അശ്ലീല വീഡിയോകൾ കാണുന്നതും സ്വയംഭോഗം ചെയ്യുന്നതും വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി മദ്രാസ് ഹൈക്കോടതി. വിവാഹമോചനം നിഷേധിച്ച കീഴ്ക്കോടതി വിധിക്കെതിരെ ഭർത്താവ് മദ്രാസ് ഹൈക്കോടതിയിൽ നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് ഹൈക്കോടതി വിധി. ജസ്റ്റിസുമാരായ ജി ആർ സ്വാമിനാഥൻ, ആർ പൂർണിമ എന്നിവരടങ്ങിയ ബെഞ്ചായിരുന്നു അപ്പീൽ പരിഗണിച്ചത്.
ഭാര്യയുടെ ക്രൂരതകൾ കാരണം തനിക്ക് വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് ഭർത്താവ് കോടതിയെ സമീപിച്ചിരുന്നത്. ഭാര്യ പണം ധൂർത്തടിക്കുന്നു, അശ്ലീല ചിത്രങ്ങൾക്ക് അടിമയാണ്, സ്വയംഭോഗം ചെയ്യാറുണ്ട്, വീട്ടുജോലികൾ ചെയ്യുന്നില്ല, തന്റെ മാതാപിതാക്കളോട് മോശമായി പെരുമാറുകയാണ്, ദീർഘ നേരം ഫോണിൽ സംസാരിച്ചിരിക്കുന്നത് പതിവാണ് തുടങ്ങിയ കാര്യങ്ങൾ ഹർജിയിൽ ആരോപിച്ചിരുന്നു.
എന്നാൽ, ഹർജിയിൽ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾ ഒന്നും ഭാര്യയുടെ ക്രൂരതകൾ ആയി കണക്കാക്കാൻ കഴിയില്ലെന്ന് കോടതി അറിയിച്ചു. കൂടാതെ, അശ്ലീല വീഡിയോകൾ കാണുന്നതും സ്വയംഭോഗം ചെയ്യുന്നതും വിവാഹമോചത്തിനുള്ള കാരണമല്ലെന്നും കോടതി വ്യക്തമാക്കി. ഇത്തരം വീഡിയോകൾ സ്വകാര്യമായി കാണുന്നത് കുറ്റകരമല്ലെന്നും കോടതി പറഞ്ഞു.
സ്വയംഭോഗം ചെയ്യാനുള്ള അവകാശം സ്ത്രീകൾക്കുമുണ്ടെന്നും വിവാഹം കഴിഞ്ഞെന്ന് കരുതി അവരുടെ ലൈംഗിക സ്വാതന്ത്ര്യം അടിയറ വെക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു. സ്വയം ആനന്ദം കണ്ടെത്തുന്നത് വിലക്കപ്പെട്ട കനിയല്ല. പുരുഷന്മാർ സ്വയംഭോഗം ചെയ്യുന്നത് അംഗീകരിക്കപ്പെടുമ്പോൾ സ്ത്രീകളുടെ ഇത്തരം പ്രവർത്തികളെയും തെറ്റായി കാണാൻ കഴിയില്ല. സ്ത്രീകൾ വിവാഹത്തിന് ശേഷവും അവരുടെ വ്യക്തിത്വം നിലനിർത്തുന്നു. സ്ത്രീ എന്ന നിലയിലുള്ള അവളുടെ വ്യക്തിത്വം ഒരാളുടെ പങ്കാളിയെന്ന പദവിയിൽ മാത്രം ഒതുങ്ങേണ്ടതല്ലേന്നും കോടതി വ്യക്തമാക്കി.
അശ്ലീല വീഡിയോകളോടുള്ള അമിതമായ ആസക്തി മോശമായ കാര്യമാണെന്നും ധാർമികമായി അത് അംഗീകരിക്കാൻ കഴിയില്ലെന്നും പറഞ്ഞ കോടതി ഇത് വിവാഹമോചനത്തിനുള്ള നിയമപരമായ കാരണമായി കണക്കാക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി.