Madras High Court: ‘വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജാതിപ്പേരുകൾ വേണ്ട, ലൈസൻസ് റദ്ദാക്കും’; തമിഴ്‍നാട് സർക്കാരിന് നിർദേശവുമായി ഹൈക്കോടതി
Madras HC Orders Removal of Caste Names from Educational Institutions: അടുത്ത അധ്യയന വർഷം മുതൽ ജാതി വെളിപ്പെടുത്തുന്ന പേരുകൾ നൽകുന്ന സ്‌കൂളുകൾക്കും കോളേജുകൾക്കും അംഗീകാരം നൽകരുതെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. നിലവിൽ ജാതിപ്പേരുകൾ ഉള്ള സ്കൂളുകൾ നാല് ആഴ്ചയ്ക്കുള്ളിൽ അത്തരം പരാമർശങ്ങൾ നീക്കം ചെയ്യണമെന്നും കോടതി വ്യക്തമാക്കി.

ചെന്നൈ: തമിഴ്നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജാതിപ്പേരുകൾ നൽകുന്നത് വിലക്കി മദ്രാസ് ഹൈക്കോടതി. അടുത്ത അധ്യയന വർഷം മുതൽ ജാതി വെളിപ്പെടുത്തുന്ന പേരുകൾ നൽകുന്ന സ്‌കൂളുകൾക്കും കോളേജുകൾക്കും അംഗീകാരം നൽകരുതെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. ജസ്റ്റിസ് ഡി ഭരത ചക്രവർത്തിയുടേതാണ് ഉത്തരവ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സംഭാവന നൽകുന്നവരുടെ ജാതി പേരുകളും പ്രദർശിപ്പിക്കരുതെന്നും നിലവിൽ ജാതിപ്പേരുകൾ ഉള്ള സ്കൂളുകൾ നാല് ആഴ്ചയ്ക്കുള്ളിൽ അത്തരം പരാമർശങ്ങൾ നീക്കം ചെയ്യണമെന്നും കോടതി വ്യക്തമാക്കി.
ഈ നിർദേശം നടപ്പാക്കുന്നതിൽ ഏതെങ്കിലും സ്‌കൂളിനോ കോളേജിനോ വീഴ്ചപറ്റിയാൽ അവയുടെ ലൈസൻസ് റദ്ദാക്കണമെന്നും വിദ്യാർത്ഥികളെ അടുത്ത വർഷം സമീപത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മാറ്റണമെന്നും ഹൈകോടതി ഉത്തരവിൽ പറയുന്നു. ദക്ഷിണേന്ത്യൻ സെൻഗുന്ത മഹാജന സംഘത്തിന്റെ നടത്തിപ്പിനായി ഒരു സ്പെഷ്യൽ ഓഫീസറെ നിയമിച്ചതിനെതിരെ ഫയൽ ചെയ്ത കേസിൽ വാദം കേൾക്കുന്നതിനിടെയാണ് ഹൈക്കോടതി ഉത്തരവ്.
ജാതി പ്രോത്സാഹിപ്പിക്കുന്ന സംഘടനകൾക്ക് സൊസൈറ്റി രജിസ്ട്രേഷൻ നിയമപ്രകാരം രജിസ്റ്റർ ചെയ്യാൻ കഴിയുമോ, സ്കൂളുകളുടെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പേരുകളിൽ നിന്ന് ജാതിപ്പേരുകൾ നീക്കം ചെയ്യാൻ കഴിയുമോ തുടങ്ങിയ വിഷയങ്ങളിൽ വിശദീകരണം നൽകാൻ മദ്രാസ് ഹൈക്കോടതി നേരത്തെ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ALSO READ: ‘വികസനം പറന്നുയരുമ്പോൾ പൈലറ്റ് ഞാനായിരുന്നു; ഇപ്പോഴത് പറത്തുന്നത് ഫഡ്‌നാവിസാണ്’: ഏക്‌നാഥ് ഷിൻഡെ
തുടർന്ന്, ബുധനാഴ്ച കേസ് പരിഗണിച്ച ജസ്റ്റിസ് ഭരത ചക്രവർത്തി, സ്ഥാപനങ്ങളുടെ പേരുകളിൽ നിന്ന് ജാതിപ്പേരുകൾ നീക്കം ചെയ്യാനും ബന്ധപ്പെട്ട നിയമങ്ങളിൽ ഭേദഗതി വരുത്താനും തമിഴ്‌നാട് സർക്കാരിനോട് ഉത്തരവിട്ടു. ഇത് പാലിക്കാത്ത സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കണമെന്ന് സർക്കാരിന് ഉത്തരവ് നൽകി. കൂടാതെ, ജാതിപ്പേരിൽ സംഘടനകൾ രജിസ്റ്റർ ചെയ്യരുതെന്ന് എല്ലാ രജിസ്ട്രാർമാർക്കും ഒരു സർക്കുലർ അയയ്ക്കാൻ രജിസ്ട്രേഷൻ ഐജിയോട് ജഡ്ജി ഉത്തരവിട്ടു. ജാതി സംഘടനകളിൽ നിന്ന് ജാതിനാമം നീക്കം ചെയ്യുന്നതിനും അസോസിയേഷൻ രജിസ്ട്രേഷൻ നിയമം ഭേദഗതി ചെയ്യുന്നതിനുമുള്ള നടപടികൾ മൂന്ന് മാസത്തിനുള്ളിൽ ആരംഭിച്ച് അടുത്ത ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും ജസ്റ്റിസ് ഭരത ചക്രവർത്തി നിർദ്ദേശിച്ചു.