Madhya Pradesh Board: നാല് കുട്ടികള്‍ക്ക് ജന്മം നല്‍കിയാല്‍ ഒരു ലക്ഷം രൂപ തരാം; ബ്രാഹ്‌മണ ദമ്പതികള്‍ക്ക് ഓഫറുമായി മന്ത്രി
1 Lakh Rupees For Brahmin Parents of Four Children:നിരീശ്വരവാദികളുടെയും മതത്തെ നിന്ദിക്കുന്നവരുടെയും എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. ഭാവി തലമുറയെ സംരക്ഷിക്കുന്നതില്‍ നിങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്. യുവാക്കള്‍ ഒരു കുട്ടി മാത്രം മതിയെന്ന് ചിന്തിക്കുന്നത് വലിയ പ്രശ്‌നമാണ്. കുറഞ്ഞത് നാല് മക്കളെങ്കിലും വേണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഭോപ്പാല്‍: നാല് കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ തയാറുള്ള ബ്രാഹ്‌മിണ ദമ്പതികള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍ ബോര്‍ഡ്. മധ്യപ്രദേശിലെ ബ്രാഹ്‌മണരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ബോര്‍ഡായ പരശുറാം കല്യാണ്‍ ബോര്‍ഡ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ബോര്‍ഡ് പ്രസിഡന്റും സംസ്ഥാന കാബിനറ്റ് മന്ത്രിയുമായ പണ്ഡിറ്റ് വിഷ്ണു രജോരിയുടേതാണ് പ്രഖ്യാപനം.
കുടുംബങ്ങളിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുന്നത് അവസാനിപ്പിച്ചതോടെ മതനിഷേധികളുടെ എണ്ണം കൂടുകയാണ്. മുതിര്‍ന്നവരില്‍ നിന്നും താന്‍ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ യുവാക്കളില്‍ തനിക്ക് പ്രതീക്ഷയുണ്ടെന്നും രജോരിയ പറഞ്ഞു.
നിരീശ്വരവാദികളുടെയും മതത്തെ നിന്ദിക്കുന്നവരുടെയും എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. ഭാവി തലമുറയെ സംരക്ഷിക്കുന്നതില്‍ നിങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്. യുവാക്കള്‍ ഒരു കുട്ടി മാത്രം മതിയെന്ന് ചിന്തിക്കുന്നത് വലിയ പ്രശ്‌നമാണ്. കുറഞ്ഞത് നാല് മക്കളെങ്കിലും വേണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നാല് കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ തയാറുള്ള ദമ്പതിമാര്‍ക്ക് പരശുറാം കല്യാണ്‍ ബോര്‍ഡ് ഒരു ലക്ഷം നല്‍കും. ബോര്‍ഡിന്റെ പ്രസിഡന്റ് താനാണെങ്കിലും അല്ലെങ്കിലും ഈ പാരിതോഷികം നല്‍കുന്നതാണ്. കുട്ടികള്‍ക്ക് നല്‍കുന്ന വിദ്യാഭ്യാസം ഏറെ ചിലവേറിയതാണെന്നാണ് യുവാക്കള്‍ തന്നോട് പറഞ്ഞിട്ടുള്ളത്. ആ ചിലവ് നിങ്ങള്‍ എങ്ങനെയങ്കിലും കണ്ടെത്തൂ, പക്ഷെ കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ ഒരിക്കലും മടി കാണിക്കരുത്. ഇല്ലെങ്കില്‍ ദൈവനിഷേധികള്‍ രാജ്യം പിടിച്ചെടുക്കുമെന്നും രജോരിയ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഇത് സര്‍ക്കാര്‍ പദ്ധതിയല്ലെന്നും വ്യക്തിഗതമായ പദ്ധതിയാണെന്നുമാണ് പിന്നീട് രജോരിയ മാധ്യമങ്ങളോട് പ്രതികരിച്ചത്. സമുദായ പരിപാടിയില്‍ താന്‍ നടത്തിയ സാമൂഹിക പ്രസ്താവനയാണത്. കുട്ടികള്‍ക്ക് വിദ്യാഭ്യാസവും അവരെ ഉയര്‍ന്ന സ്ഥാനങ്ങളിലെത്തിക്കാനുള്ള പരിശീലനവും നല്‍കുന്നത് ഉള്‍പ്പെടെയുള്ള പ്രതിബദ്ധതകള്‍ ബ്രാഹ്‌മണ സമൂഹത്തിന് നിറവേറ്റാന്‍ സാധിക്കുമെന്നും രജോരിയ എന്‍ഡിടിവിയോട് പറഞ്ഞു.
അതേസമയം, രജോരിയക്കെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നു. രജോരിയ നടത്തിയ പരാമര്‍ശം പുനപരിശോധിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് മുകേഷ് നായക് പറഞ്ഞു. തന്റെ സുഹൃത്തായ രജോരിയ പണ്ഡിതനാണ്. ജനസംഖ്യാ വര്‍ധനവ് ഇന്ന് ലോകം നേരിടുന്ന വലിയ വെല്ലുവിളിയാണെന്ന് അദ്ദേഹത്തോട് പറയാന്‍ താന്‍ ആഗ്രഹിക്കുന്നു.
കുട്ടികളുടെ എണ്ണം കുറവാണെങ്കില്‍ അവര്‍ക്ക് മികച്ച വിദ്യാഭ്യാസം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ഉറപ്പുവരുത്താന്‍ സാധിക്കും. മുസ്ലീങ്ങള്‍ ഹിന്ദുക്കളേക്കാള്‍ എണ്ണത്തില്‍ വര്‍ധിക്കുമെന്നും അവര്‍ ഹിന്ദുക്കളെ വിഴുങ്ങുമെന്നുമുള്ള പരിഭ്രാന്തിയാണ് സൃഷ്ടിക്കപ്പെടുന്നത്. ഇതെല്ലാം വെറും സാങ്കല്‍പ്പികമാണ്. ഒന്നിച്ച് നിന്നെങ്കില്‍ മാത്രമേ രാജ്യം ശക്തമാകൂവെന്നും മുകേഷ് നായക് കൂട്ടിച്ചേര്‍ത്തു.