Bhopal Infant Assualt: മന്ത്രവാദം, കൈക്കുഞ്ഞിനെ തീയുടെ മുകളിൽ തലകീഴായി കെട്ടിത്തൂക്കി; കാഴ്ച്ച നഷ്ടമായി
Madhya Pradesh Bhopal Infant Assualt Case: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുഞ്ഞിന് ചില ശാരീരിക അസ്വസ്ഥത പ്രകടമായിരുന്നു. ഇതേ തുടർന്നാണ് രക്ഷിതാക്കൾ കുഞ്ഞിനെ സമീപത്തുള്ള മന്ത്രവാദിയുടെ അടുത്ത് കൊണ്ടുപോയത്. മന്ത്രവാദത്തിന്റെ ഭാഗമായി കുഞ്ഞിനെ കലകീഴായി തീയ്ക്ക് മുകളിൽ കെട്ടിത്തൂക്കുകയായിരുന്നു.

ഭോപ്പാൽ: മധ്യപ്രദേശിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ (Bhopal Infant Assualt) തീയുടെ മുകളിൽ തലകീഴായി കെട്ടിത്തൂക്കിയതായി പരാതി. ദുർമന്ത്രവാദത്തിൻ്റെ ഭാഗമായാണ് കുഞ്ഞിനെ ഇത്തരത്തിൽ തീയുടെ മുകളിൽ കെട്ടിത്തൂക്കിയതെന്നാണ് പ്രാഥമിക വിവരം. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലാണ് സംഭവം. മന്ത്രവാദി നടത്തിയ ‘ഭൂതോച്ചാടന’ ചടങ്ങിലാണ് കുഞ്ഞിന് നേരെ അതിക്രൂരമായ പീഡനം.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുഞ്ഞിന് ചില ശാരീരിക അസ്വസ്ഥത പ്രകടമായിരുന്നു. ഇതേ തുടർന്നാണ് രക്ഷിതാക്കൾ കുഞ്ഞിനെ സമീപത്തുള്ള മന്ത്രവാദിയുടെ അടുത്ത് കൊണ്ടുപോയത്. മന്ത്രവാദത്തിന്റെ ഭാഗമായി കുഞ്ഞിനെ കലകീഴായി തീയ്ക്ക് മുകളിൽ കെട്ടിത്തൂക്കുകയായിരുന്നു. ഇതിന് പിന്നാലെ കുഞ്ഞിന്റെ കാഴ്ച ശക്തി നഷ്ടമായതായും പരാതിയിൽ പറയുന്നു.
കുട്ടിയെ അദൃശ്യശക്തികൾ വേട്ടയാടുന്നുണ്ടെന്ന് മന്ത്രവാദി പറഞ്ഞതായി മാതാപിതാക്കൾ പറഞ്ഞു. ഇതിന് പരിഹാരം കാണണമെങ്കിൽ തീയുടെ മുകളിൽ തലകീഴായി കെട്ടിത്തൂക്കണമെന്നായിരുന്നു ഉപദേശം. എന്നാൽ കുഞ്ഞ് നിലവിളിച്ച് കരയുമ്പോഴും രക്ഷിതാക്കൾ നോക്കിനിൽക്കുകയായിരുന്നു. സുഖംപ്രാപിക്കുമെന്ന് കരുതിയാണ് നോക്കിനിന്നതെന്നാണ് പറയുന്നത്. കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്നാണ് വിവരം പുറത്തറിയുന്നത്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
കുട്ടിയുടെ കണ്ണുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും നിലവിൽ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ശിവപുരി ജില്ലാ ആശുപത്രിയിലെ നേത്രരോഗവിദഗ്ദ്ധൻ ഡോ. ഗിരീഷ് ചതുർവേദി പറഞ്ഞു. 72 മണിക്കൂറിനു ശേഷമേ അവന്റെ കാഴ്ചശക്തി തിരിച്ചു കിട്ടുമോ എന്ന കാര്യത്തിൽ ഉറപ്പ് പറയാൻ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.