Mpox in India: ഇന്ത്യയില്‍ എംപോക്‌സ് സ്ഥിരീകരിച്ചു; അതീവ ജാഗ്രത
Mpox: വിദേശത്ത് നിന്നെത്തിയ യുവാവ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. അവിടെ നിന്നും നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആദ്യമായി എംപോക്‌സ് ബാധ സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇതുമായി ബന്ധപ്പെട്ട വിവരം വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എംപോക്‌സ് വകഭേദമായ ക്ലേഡ് 2 ആണ് യുവാവില്‍ കണ്ടെത്തിയിരിക്കുന്നത്. ഇത് എംപോക്‌സിന്റെ പഴയ വകഭേദമാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ നിലവില്‍ ലോകാരോഗ്യ സംഘടന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ള വകഭേദം ക്ലേഡ് 2 അല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
Man who recently travelled from country experiencing mpox transmission tests positive for disease: Govt
— Press Trust of India (@PTI_News) September 9, 2024
വിദേശത്ത് നിന്നെത്തിയ യുവാവ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. അവിടെ നിന്നും നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. എംപോക്‌സ് സ്ഥിരീകരിച്ചിട്ടുള്ള ആഫ്രിക്കന്‍ രാജ്യത്ത് നിന്ന് നിന്നാണ് ഇയാള്‍ ഇന്ത്യയിലെത്തിയത്. എന്നാല്‍ നാട്ടിലെത്തിയ ശേഷം നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നു.
Also Read: Mpox in India: കുരങ്ങുപനിയെ ഇന്ത്യക്കാർ പേടിക്കണോ? രാജ്യത്തിന്റെ പ്രതിരോധം ഇങ്ങനെ…
അതേസമയം, ഒറ്റപ്പെട്ട കേസാണിതെന്നും 2022 ജൂലൈ മുതല്‍ ഇതുവരെ ഇന്ത്യയില്‍ 30 പേര്‍ക്ക് സമാന രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. സമ്പര്‍ക്കപ്പട്ടിക തയാറാക്കാനുള്ള നടപടി സ്വീകരിച്ചതായും സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരുന്നതായും അധികൃതര്‍ അറിയിച്ചു.
അതേസമയം, എംപോക്‌സ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ ആശുപത്രികളില്‍ പ്രവേശിപ്പിക്കണമെന്നും നിരീക്ഷിക്കണമെന്നും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കും ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യ ഉള്‍പ്പെടെ 117 രാജ്യങ്ങളിലാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ എംപോക്‌സിനെ ഗ്രേഡ് 3 അടിയന്തര വിഭാഗത്തിലാണ് ലോകാരോഗ്യ സംഘടന ഉള്‍പ്പെടുത്തിയിരിക്കുന്നത്.
രോഗ ലക്ഷണങ്ങള്‍
- സ്ഥിരമായ ഉയര്‍ന്ന പനി
- പേശി വേദന
- തലവേദന
- വീര്‍ത്ത ലിംഫ് നോഡുകള്‍
- തണുപ്പ്
- നടുവേദന
- ക്ഷീണം
ചികിത്സ
വൈറല്‍ രോഗമായതിനാല്‍ എം പോക്‌സിന് പ്രത്യേക ചികിത്സയില്ല. രോഗ ലക്ഷണങ്ങള്‍ ലഘൂകരിക്കുക, രോഗം മൂലമുള്ള സങ്കീര്‍ണ്ണതകള്‍ കൈകാര്യം ചെയ്യുക എന്നതിലൂടെ വലിയ പ്രശ്‌നങ്ങള്‍ ഒഴിവാക്കാം. എംപോക്‌സ് ലക്ഷണമുള്ളയാളെ മറ്റുള്ളവരില്‍ നിന്ന് ഒറ്റപ്പെടുത്തുകയും നിരീക്ഷണത്തില്‍ വയ്ക്കുകയും വേണം. എംപോക്‌സ് ബാധിതനാണെങ്കില്‍ വ്രണങ്ങളും തടിപ്പുകളും പൂര്‍ണ്ണമായും ഇല്ലാതാകുന്നത് വരെ മറ്റുള്ളവരില്‍ നിന്ന് അകല്‍ച്ച പാലിക്കണം. രോഗം ഭേദമാകാന്‍ രണ്ട് മുതല്‍ നാല് ആഴ്ച വരെ സമയമെടുക്കും.
വാക്‌സിന്‍
എംപോക്‌സിനെതിരെ ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ചിട്ടുള്ള വാക്‌സിനുകള്‍ ഉണ്ട്. എംവിബിഎന്‍, എല്‍ സി 16, എസി എഎം2000 എന്നീ മൂന്ന് വാക്‌സിനുകളാണ് എം പോക്‌സിനെതിരെ ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്നത്. എം പോക്‌സുള്ള ആളുമായി സമ്പര്‍ക്കം പുലര്‍ത്തിയാല്‍ നാല് ദിവസത്തിനുള്ളില്‍ വാക്‌സിന്‍ നല്‍കണം. വാക്‌സിനേഷനിലൂടെ രോഗം കുറയ്ക്കാനാകും. 2022-ല്‍ ക്ലേഡ് ടു ബി വൈറസ് വകഭേദമാണ് രോഗ വ്യാപനത്തിന് കാരണമായതെങ്കില്‍ ഇപ്പോള്‍ കൂടുതല്‍ വ്യാപന ശേഷിയുള്ള ക്ലേഡ് വണ്‍ ബി വകഭേദമാണ് വ്യാപിക്കുന്നത്. ഇപ്പോഴത്തെ വകഭേദത്തിന് മരണസാധ്യത പഴയ വകഭേദത്തിനേക്കാള്‍ 10 ശതമാനം കൂടുതലാണ്.
പ്രതിരോധ നടപടികള്‍
ഐസൊലേഷന്‍
ഒരു വ്യക്തിക്ക് എംപോക്‌സ് വൈറസ് ഉണ്ടെന്ന് സംശയിച്ചാല്‍, രോഗം പടരാനുള്ള സാധ്യത കുറയ്ക്കുന്നതിന് അവരെ ഉടന്‍ ഐസൊലേറ്റ് ചെയ്യണം.
ഉടനടി വൈദ്യസഹായം
വ്യക്തിയെ ഉടനടി ഡോക്ടറുടെ അടുത്തെത്തിക്കണം. കൃത്യമായ രോഗനിര്‍ണ്ണയത്തിന് ശേഷം സാമ്പിളുകള്‍ പൂര്‍ണ്ണമായ സ്ഥിരീകരണത്തിനായി ലാബ് ടെസ്റ്റുകളിലേക്ക് അയയ്ക്കും.
ശുചിത്വം
പോക്‌സ് വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട വശങ്ങളിലൊന്നാണ് ശുചിത്വം. രോഗബാധിതനായ വ്യക്തിയില്‍ നിന്നോ വ്യക്തി സ്പര്‍ശിക്കുന്ന വസ്തുക്കളില്‍ നിന്നോ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് പടരുന്നത്. അതിനാല്‍, കൈകള്‍ കഴുകുക, അകലം പാലിക്കുക, ശരിയായ വ്യക്തി ശുചിത്വം പാലിക്കുക എന്നിവ നിര്‍ബന്ധമായും പിന്തുടരണം. രോഗിക്കും പരിചരണം നല്‍കുന്നവര്‍ക്കും ഇത് ബാധകമാണ്.
Also Read: Monkeypox: രാജ്യത്ത് കുരങ്ങുപനി ബാധയോ? ലക്ഷണങ്ങളും പ്രതിരോധ മാർഗങ്ങളുമറിയാം
ആരോഗ്യകരമായ ഭക്ഷണക്രമം
ഏതെങ്കിലും രോഗത്തില്‍ നിന്നോ ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്നോ വീണ്ടെടുക്കുന്നതില്‍ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഭക്ഷണക്രമത്തില്‍ ആരോഗ്യകരമായ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം ഉള്‍പ്പെടുത്തുന്നത് ഉറപ്പാക്കുക. പ്രോട്ടീന്‍, വിറ്റാമിന്‍ സി, പ്രോബയോട്ടിക്‌സ്, ഫ്രഷ് ഫ്യൂരിറ്റുകളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
വിശ്രമവും ജലാംശവും
ക്ഷീണവും മറ്റും രോഗത്തിന്റെ പ്രധാന ലക്ഷണമാണ്. ആരോഗ്യം വേഗത്തില്‍ വീണ്ടെടുക്കാന്‍ ശരീരത്തിന് നല്ല വിശ്രമം ആവശ്യമാണ്. കൂടാതെ, ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നത് ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുന്നു.