L&T SN Subrahmanyan Controversy : ‘അദ്ദേഹമൊരു തങ്കപ്പെട്ട മനുഷ്യൻ; ഉദ്ദേശിച്ചത് അതല്ല’; ചെയർമാനെ പ്രതിരോധിച്ച് എൽആൻഡ്ടി എച്ച്ആർ ഹെഡ്
HR Head Defends L&T Chairman SN Subrahmanyan: എൽആൻഡ്ടി ചെയർമാൻ എസ്എൻ സുബ്രഹ്മണ്യനെ പ്രതിരോധിച്ച് കമ്പനി എച്ച് ആർ ഹെഡ് സോണിക മുരളീധരൻ. ചെയർമാൻ പറഞ്ഞ കാര്യങ്ങൾ തെറ്റിദ്ധരിക്കപ്പെടുകയാണെന്നും അദ്ദേഹം അത്തരമൊരു ആളല്ല എന്നും എച്ച്ആർ ഹെഡ് തൻ്റെ ലിങ്ക്ഡ്ഇൻ പ്രൊഫൈലിൽ കുറിച്ചു.
ജീവനക്കാർ ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്യണമെന്ന എൽആൻഡ് ടി ചെയർമാൻ എസ്എൻ സുബ്രഹ്മണ്യന്റെ പരാമർശത്തിൽ വിശദീകരണവുമായി എച്ച്ആർ ഹെഡ്. കമ്പനി എച്ച്ആർ ഹെഡ് സോണിക മുരളീധരനാണ് സമൂഹമാധ്യമമായ ലിങ്ക്ഡ് ഇനിലൂടെ എസ്എൻ സുബ്രഹ്മണ്യനെ പ്രതിരോധിച്ച് രംഗത്തുവന്നത്. ചെയർമാൻ ഉദ്ദേശിച്ചത് മറ്റൊരു തരത്തിലാണെന്നും ആളുകൾ പരാമർശത്തെ തെറ്റായി കാണുകയാണെന്നും എച്ച്ആർ ഹെഡ് കുറിച്ചു.
‘ഞങ്ങളുടെ ചെയർമാനും എംഡിയുമായ എസ്എൻ സുബ്രഹ്മണ്യൻ്റെ (എസ്എൻഎസ്) വാക്കുകൾ വളച്ചൊടിക്കുന്നത് കാണുമ്പോൾ സങ്കടമുണ്ട്. ഇത് അനാവശ്യ വിമർശനങ്ങൾക്കും തെറ്റിദ്ധാരണകൾക്കും വഴിതെളിച്ചു. ആഭ്യന്തര ചർച്ചകളിൽ അംഗമായ ആളെന്ന നിലയിൽ ഞാനുറപ്പിച്ച് പറയുന്നു, എസ്എൻഎസ് ഇതുവരെ 90 മണിക്കൂർ ജോലി ആഴ്ച നടപ്പിലാക്കിയിട്ടില്ല. എല്ലാ തൊഴിലാളിയെയും കുടുംബാംഗമെന്ന നിലയിലാണ് അദ്ദേഹം കാണുന്നത്. ഇന്നത്തെ കോർപ്പറേറ്റ് ലോകത്ത് കാണാത്ത ഏകത്വമാണ് അദ്ദേഹം പരിപോഷിപ്പിക്കുന്നത്. അദ്ദേഹത്തിന് കീഴിൽ ജോലി ചെയ്യുക എന്നത് വെറുമൊരു ജോലിയല്ല, പരിണാമകരമായ ഒരു അനുഭവമാണ്. എസ്എൻഎസ് പോലുള്ള നേതാക്കൾ പോസിറ്റീവായ മാറ്റത്തെയും വളർച്ചയെയുമാണ് പ്രചോദിപ്പിക്കുന്നത്. അദ്ദേഹത്തിൻ്റെ ശ്രമങ്ങൾ തെറ്റിദ്ധരിക്കപ്പെടരുത്. വിവാദങ്ങളിൽ ശ്രദ്ധിക്കുന്നതിന് പകരം സ്വന്തം തൊഴിലാളികളെ പ്രചോദിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ഇദ്ദേഹത്തെപ്പോലുള്ളവരെ പിന്തുണയ്ക്കുകയും ആഘോഷിക്കുകയുമാണ് വേണ്ടത്.’- എച്ച്ആർ ഹെഡ് സോണിക മുരളീധരൻ ലിൻഡ് ഇനിൽ കുറിച്ചു.
ജീവനക്കാർ ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്യണമെന്ന എസ്എൻ സുബ്രഹ്മണ്യത്തിൻ്റെ അഭിപ്രായം വിവാദമായിരുന്നു. ആവശ്യമെങ്കിൽ ഞായറാഴ്ചത്തെ അവധി ഉപേക്ഷിച്ചും ജോലിക്കെത്തണമെന്ന് ജീവനക്കാരോട് അദ്ദേഹം പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഇതോടെ ഇക്കാര്യത്തിൽ വലിയ ചർച്ചകളുണ്ടായി.
ഞായറാഴ്ചകളിൽ നിങ്ങളെ ജോലി ചെയ്യിക്കാൻ സാധിക്കാത്തതിൽ താൻ ഖേദിക്കുന്നു എന്നാണ് വിഡിയോയിൽ അദ്ദേഹം പറഞ്ഞത്. അതിന് സാധിച്ചാൽ താൻ കൂടുതൽ സന്തോഷവാനായിരിക്കും. ഞായറാഴ്ചകളിൽ താനും ജോലി ചെയ്യുന്നുണ്ട്. ഞായറാഴ്ചകളിലൊക്കെ വീട്ടിലിരുന്ന് നിങ്ങൾ എന്താണ് ചെയ്യുന്നത്? വീട്ടിലിരുന്ന് എത്രനേരമാണ് നിങ്ങൾ ഭാര്യയെ നോക്കിയിരിക്കുക? എത്രനേരം ഭർത്താവിനെ നോക്കിയിരിക്കും? ആ സമയത്ത് ഓഫീസിൽ വന്ന് ജോലിയെടുക്കൂ. ലോകത്തിൻ്റെ നെറുകയിലെത്തണമെങ്കിൽ ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്യണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എസ്എൻ സുബ്രഹ്മണ്യത്തിൻ്റെ അഭിപ്രായത്തിൽ വിമർശനവുമായി മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയും സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദർ പൂനെവാലയും അടക്കമുള്ളവർ രംഗത്തുവന്നു. ജോലിയുടെ ഗുണനിലവാരമാണ്, സമയമല്ല പരിശോധിക്കപ്പെടേണ്ടതെന്നായിരുന്നു ആനന്ദ് മഹീന്ദ്രയുടെ വിമർശനം. തന്‍റെ ഭാര്യ വിസ്മയമാണെന്നും അവളെ എത്രനേരം വേണമെങ്കിലും നോക്കിനിൽക്കുന്നത് തനിക്ക് ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. തന്റെ ഭാര്യക്ക് താൻ വണ്ടർഫുൾ ആണെന്നും ഞായറാഴ്ചകളിൽ തന്നെ നോക്കിയിരിക്കാൻ ഭാര്യ ഇഷ്ടപ്പെടുന്നുവെന്നും അദർ പൂനെവാലയും പ്രതികരിച്ചു. ജോലിയുടെ ഗുണനിലവാരമാണ് എത്ര നേരം ജോലി ചെയ്യുന്നു എന്നതിനേക്കാൾ പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ തൊഴിലാളി സംഘടനയായ സിഐടിയുവും എസ്എൻ സുബ്രഹ്മണ്യത്തെ വിമർശിച്ച് രംഗത്തുവന്നു.