5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

NIA probe against Arvind Kejriwal: അരവിന്ദ് കെജ്‌രിവാളിനെതിരെ എൻഐഎ അന്വേഷണം നിർദേശിച്ച് ലഫ്. ​ഗവർണർ

വേൾഡ് ഹിന്ദു ഫെഡറേഷന്റെ ദേശീയ ജനറൽ സെക്രട്ടറി അഷൂ മൊംഗിയ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

NIA probe against Arvind Kejriwal: അരവിന്ദ് കെജ്‌രിവാളിനെതിരെ എൻഐഎ അന്വേഷണം നിർദേശിച്ച് ലഫ്. ​ഗവർണർ
Lt. Governor ordered NIA investigation against Kejriwal
neethu-vijayan
Neethu Vijayan | Published: 06 May 2024 20:05 PM

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ദേശീയ അന്വേഷണഏജൻസി (എൻഐഎ) യുടെ അന്വേഷണത്തിന് ഉത്തരവിട്ട് ലഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേന. നിരോധിത സിഖ് സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസിൽ നിന്ന് പണം കൈപ്പറ്റിയെന്ന പരാതിയെ തുടർന്നാണ് നടപടി. 134 കോടി രൂപ കൈപ്പറ്റിയെന്നാണ് ആരോപണം. ഖലിസ്താൻ വിഘടനവാദി നേതാവ് ഗുർപത്‌വന്ത് സിങ് പന്നൂനിന്റെ സംഘടനയാണ് സിഖ്‌സ് ഫോർ ജസ്റ്റിസ്.

വേൾഡ് ഹിന്ദു ഫെഡറേഷന്റെ ദേശീയ ജനറൽ സെക്രട്ടറി അഷൂ മൊംഗിയ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. പരാതി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിക്കൊണ്ടുള്ള കത്തിലാണ് എൻഐഎ അന്വേഷണത്തിന് നിർദേശിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് നേരത്തെ സിഖ്‌സ് ഫോർ ജസ്റ്റിസ് തലവൻ പന്നൂൻ വീഡിയോസന്ദേശം പുറത്തുവിട്ടിരുന്നു.

2014 മുതൽ 2022 വരെയുള്ള കാലത്ത് വിദേശത്തുള്ള ഖലിസ്താൻ സംഘടനകളിൽ നിന്ന് ആം ആദ്മി പാർട്ടി പണം സ്വീകരിച്ചുവെന്ന് ആരോപിച്ചാണ് പന്നൂൻ വീഡിയോസന്ദേശം പുറത്തുവിട്ടത്. ഇതടക്കം ലഫ്റ്റനന്റ് ഗവർണർക്കുള്ള പരാതിയിൽ ചേർത്തിട്ടുണ്ട്. 1993-ലെ ഡൽഹി ബോംബ് സ്‌ഫോടനക്കേസിൽ അറസ്റ്റിലായി ജയിലിൽക്കഴിയുന്ന ഖലിസ്താൻ ഭീകരവാദി ദേവീന്ദർപാർ സിങ് ഭുള്ളറെ മോചിപ്പിക്കാമെന്ന് കെജ്‌രിവാൾ ഉറപ്പു നൽകിയതായും പന്നൂൻ പുറത്തുവിട്ട വീഡിയോയിൽ പറഞ്ഞിരുന്നു.

മുൻ എഎപി പ്രവർത്തകനായ ഡോ. മുനിഷ് കുമാർ സിങ് റെയ്‌സാദയുടെ എക്‌സ് പോസ്റ്റും പാരാതിക്കൊപ്പമുണ്ട്. ന്യൂയോർക്കിൽ വെച്ച് കെജ്‌രിവാളും സിഖ് നേതാക്കളും ചർച്ച നടത്തിയെന്ന് അവകാശപ്പെടുന്ന ചിത്രങ്ങളുള്ള പോസ്റ്റാണിത്. ഭുള്ളറിന്റെ മോചനത്തിനായി സർക്കാർ ഇടപെട്ടുവെന്ന് കാണിച്ച്, ജന്തർമന്തറിൽ സമരമിരുന്ന ഇക്ബാൽ സിങ്ങിന് കെജ്‌രിവാൾ നൽകിയെന്ന് അവകാശപ്പെടുന്ന കത്തും ഇതിനൊപ്പമുണ്ട്. ഇതടക്കം ലഫ്റ്റനന്റ് ഗവർണർ കേന്ദ്ര ആഭ്യന്തരമന്ത്രാലയ സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്.

പരാതിയുടെ ഭാഗമായി കൈമാറിയ ഇലക്ട്രോണിക് തെളിവുകളിൽ ഫൊറൻസിക് പരിശോധനയടക്കം വി കെ സക്‌സേന ആവശ്യപ്പെട്ടു. ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്ത് ആഭ്യന്തരമന്ത്രാലയം എൻഐഎ അന്വേഷണത്തിന് റഫർ ചെയ്യണമെന്നാണ് കത്തിലെ ആവശ്യം. ലഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേനയ്ക്കുവേണ്ടി പ്രിൻസിപ്പൽ സെക്രട്ടറിയാണ് കത്ത് നൽകിയത്.

ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാർച്ച് 21ന് അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ തിഹാർ ജയിലിലാണ് അദ്ദേഹം. 2021 നവംബർ മുതലാണ് പുതിയ മദ്യനയം ദില്ലി സർക്കാർ നടപ്പാക്കിയത്. പുതുക്കിയ മദ്യനയം അനുസരിച്ച് സർക്കാർ മദ്യ വിൽപ്പനയിൽ നിന്ന് പൂർണമായും പിന്മാറുകയും 32 സോണുകളാക്കി ഡൽഹിയെ തിരിച്ച് ഓരോ സോണിലും 27 കടകൾ വീതം 864 ഔട്ട്‍ലെറ്റുകൾക്ക് ടെൻഡർ വിളിച്ച് അനുമതി നൽകുകയുമായിരുന്നു.

സ്വകാര്യ ഔട്ട്‍ലെറ്റിലൂടെ മത്സരിച്ച് മദ്യ വിൽപ്പന തുടങ്ങിയതോടെ മദ്യത്തിൽ ഗുണനിലവാര വിഷയത്തിൽ പരാതികൾ ഉയർന്നു. മദ്യനയം നടപ്പാക്കിയ രീതിയിൽ അഴിമതിയുണ്ടെന്ന സംശയവും ഇതോടെ ശക്തമായി.

തുടർന്ന് അന്വേഷണമാവശ്യപ്പെട്ട് ബിജെപി എം.പിയും ആയിരുന്ന മനോജ് തിവാരി ലഫ്. ഗവർണർക്കും സിബിഐക്കും കത്ത് നൽകി. പിന്നീട് ചീഫ് സെക്രട്ടറി തല അന്വേഷണത്തിൽ കള്ളം തെളിയുകയായിരുന്നു. ലൈസൻസ് ഫീ ഇനത്തിൽ നൽകിയ 144.36 കോടിയുടെ ഇളവ് സർക്കാരിന് നഷ്ടമുണ്ടാക്കിയെന്നായിരുന്നു അന്വേഷണത്തിൽ കണ്ടെത്തിയത്.