Loksabha election 2024: ലോക്സഭ തെരഞ്ഞെടുപ്പ്; അഞ്ചാം ഘട്ടം ഇന്ന്, 49 മണ്ഡലങ്ങൾ ഇന്ന് ജനവിധി തേടും
ബീഹാർ, ജാർഖണ്ഡ്, മഹാരാഷ്ട്ര, ഒഡീഷ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലുമാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുക.
ന്യൂഡൽഹി: രാജ്യത്ത് ലോക്സഭയിലേക്കുള്ള അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. രാവിലെ ഏഴ് മണി മുതലാണ് പോളിംഗ് ആരംഭിക്കുക. തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലും ആറ് സംസ്ഥാനങ്ങളിലുമായി 49 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ്. 144 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. ബീഹാർ, ജാർഖണ്ഡ്, മഹാരാഷ്ട്ര, ഒഡീഷ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലുമാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുക.
എട്ടര കോടി വോട്ടർമാരാണ് ഇന്ന് പോളിങ് ബൂത്തിലേക്ക് എത്തുന്നത്. 95000 പോളിംഗ് സറ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. ജമ്മു കശ്മീരിൽ സർപഞ്ച് കൊല്ലപ്പെട്ട സാഹചര്യത്തിൽ വോട്ടെടുപ്പിന് മുന്നോടിയായി കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
മഹാരാഷ്ട്രയിലെ പതിമൂന്ന് സീറ്റുകളിലും യുപിയിലെ പതിനാലിടത്തും വാശിയേറിയ പ്രചാരണമാണ് അഞ്ചാം ഘട്ടത്തിൽ നടന്നത്. കേന്ദ്ര മന്ത്രിമാരായ രാജ്നാഥ്, സ്മൃതി ഇറാനി, പീയൂഷ് ഗോയൽ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവരടക്കമുള്ള പ്രമുഖരാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്നത്.
ലഖ്‌നൗവിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കൈസർഗഞ്ജിൽ ബ്രിജ് ഭൂഷൻ ശരൺ സിങിന്റെ മകൻ കരൺ ഭൂഷൻ സിങ് എന്നിവരും ഇന്ന് ജനവിധി തേടുന്നവരിൽ ഉൾപ്പെടുന്നു. ലാലു പ്രസാദിന്റെ മകൾ രോഹിണി ആചാര്യ സരൺ സീറ്റിൽ മത്സരിക്കുന്നു. ബാരാമുള്ളയിൽ ഒമർ അബ്ദുല്ല, മുംബൈ നോർത്തിൽ കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ എന്നിവരും ഇന്ന് ജനവിധി തേടുന്നുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ അഞ്ചാം ഘട്ട പ്രചാരണം മെയ് 18 ശനിയാഴ്ചയാണ് അവസാനിച്ചത്. മെയ് മൂന്നിന് ആയിരുന്നു ഈ ഘട്ടത്തിലേക്കുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.
അഞ്ചാം ഘട്ടം പൂർത്തിയാകുന്നതോടെ ആകെയുള്ള 543 സീറ്റിൽ 428 ലും പോളിംഗും ഇതോടെ പൂർത്തിയാവും. ബാക്കി 115 സീറ്റുകൾ മാത്രമായിരിക്കും അവസാന രണ്ട് ഘട്ടങ്ങളിലായി ഉണ്ടാവുക.
ആകെ 695 സ്ഥാനാർത്ഥികളാണ് അഞ്ചാം ഘട്ടത്തിൽ മത്സരിക്കുന്നത്. 46 സ്ഥാനാർത്ഥികളുള്ള ബി എസ് പിയിൽ നിന്നാണ് കൂടുതൽ സ്ഥാനാർത്ഥികൾ മത്സരരംഗത്തുള്ളത്. ബിജെപി 40 സ്ഥാനാർത്ഥികളെയും കോൺഗ്രസ് 18 സ്ഥാനാർത്ഥികളെയും മത്സരിപ്പിക്കുന്നുണ്ട്.