ലോക്‌സഭ സ്പീക്കറെ തിരഞ്ഞെടുക്കുന്നത് എങ്ങനെ? അധികാരങ്ങള്‍ എന്തെല്ലാം... | lok sabha speaker election process What are the powers of him article 93 in the Constitution deals with the election of the Speaker Malayalam news - Malayalam Tv9

Lok Sabha Speaker Election: ലോക്‌സഭ സ്പീക്കറെ തിരഞ്ഞെടുക്കുന്നത് എങ്ങനെ? അധികാരങ്ങള്‍ എന്തെല്ലാം…

Updated On: 

25 Jun 2024 16:05 PM

How Lok Sabha Speaker is elected: അധികാരത്തിലേറിയ എന്‍ഡിഎയുടെ പ്രതിനിധിയായി ബിജെപി അംഗം ഓം ബിര്‍ളയും ലോക്‌സഭയിലെ ഏറ്റവും മുതിര്‍ന്ന കോണ്‍ഗ്രസ് അംഗമായ കൊടിക്കുന്നില്‍ സുരേഷുമാണ് മത്സരരംഗത്തുള്ളത്. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പ്രതിപക്ഷത്തിന് നല്‍കാത്തതുകൊണ്ടാണ് കോണ്‍ഗ്രസ് സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നത്.

Lok Sabha Speaker Election: ലോക്‌സഭ സ്പീക്കറെ തിരഞ്ഞെടുക്കുന്നത് എങ്ങനെ? അധികാരങ്ങള്‍ എന്തെല്ലാം...

Lok Sabha

Follow Us On

സ്വതന്ത്ര ഇന്ത്യയുടെ സ്വതന്ത്ര ചരിത്രത്തില്‍ ഇത് മൂന്നാം തവണയാണ്‌ ലോക്‌സഭ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരം നടക്കാന്‍ പോവുന്നത്. സമവായത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇതുവരെ സ്പീക്കറെ തിരഞ്ഞെടുത്തിരുന്നത്. അധികാരത്തിലേറിയ എന്‍ഡിഎയുടെ പ്രതിനിധിയായി ബിജെപി അംഗം ഓം ബിര്‍ളയും ലോക്‌സഭയിലെ ഏറ്റവും മുതിര്‍ന്ന കോണ്‍ഗ്രസ് അംഗമായ കൊടിക്കുന്നില്‍ സുരേഷുമാണ് മത്സരരംഗത്തുള്ളത്. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പ്രതിപക്ഷത്തിന് നല്‍കാത്തതുകൊണ്ടാണ് കോണ്‍ഗ്രസ് സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ബിജെപിക്ക് സ്പീക്കര്‍ പദവി കൂടി നല്‍കുന്നതില്‍ സഖ്യകക്ഷികള്‍ക്ക് ആശങ്കയുണ്ട്. എന്നാല്‍ ആ പദവി വിട്ടുകൊടുക്കാന്‍ ബിജെപിക്ക് താത്പര്യവുമില്ല. എങ്ങനെയാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കുന്നതെന്ന് പരിശോധിക്കാം.

സ്പീക്കറെ തിരഞ്ഞെടുക്കുന്നത് എങ്ങനെ?

ഭരണഘടനയുടെ 93ാം അനുച്ഛദത്തിലാണ് ലോക്‌സഭ സ്പീക്കര്‍ തെരഞ്ഞെടുപ്പിനെ കുറിച്ച് പരാമര്‍ശിക്കുന്നത്. ഇതുപ്രകാരം ലോക്‌സഭ സ്പീക്കര്‍ തെരഞ്ഞെടുപ്പിനുള്ള തീയതി ആദ്യം രാഷ്ട്രപതി അംഗീകരിക്കണം. അംഗീകാരം ലഭിച്ചതിന് ശേഷം ലോക്‌സഭ സെക്രട്ടറിയേറ്റ് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും. പുതിയ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നതിന് പ്രോടേം സ്പീക്കറെ രാഷ്ട്രപതിയാണ് നിയമിക്കുക. ലോക്‌സഭ സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിന് ഒരു ദിവസം മുമ്പാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ടത്. സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗം അല്ലെങ്കില്‍ പ്രോടേം സ്പീക്കറാണ് തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് നേതൃത്വം കൊടുക്കുക. രഹസ്യബാലറ്റ് വഴിയാണ് വോട്ടെടുപ്പ് നടക്കുക.

Also Read: Artificial colours in Kebabs: ഇനി കബാബിൽ നിറം ചേർത്താൽ പിടിവീഴും; നടപടി കടുപ്പിച്ച് കർണാടക

മത്സരിക്കാനുള്ള യോഗ്യത

സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ പ്രത്യേക യോഗ്യതകള്‍ ഒന്നുമില്ല. ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഏതൊരു അംഗത്തിനും സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കാവുന്നതാണ്. മത്സരിക്കുന്ന വ്യക്തിക്ക്, സഭയുടെ പ്രവര്‍ത്തനം, നിയമങ്ങള്‍, ഭരണഘടന എന്നിവയില്‍ അറിവുണ്ടായിരിക്കണം.

വിജയിച്ചാല്‍

തിരഞ്ഞെടുപ്പില്‍ വിജയിച്ച വ്യക്തിയെ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്ന് ഇരിപ്പിടത്തിലേക്ക് കൊണ്ടുപോകും. സഭയിലെ എല്ലാ അംഗങ്ങളും സ്പീക്കറെ അഭനന്ദിക്കുകയും സ്പീക്കര്‍ നന്ദി പ്രസംഗം നടത്തുകയും ചെയ്യും. പാര്‍ലമെന്ററി യോഗങ്ങളുടെ അജണ്ട സ്പീക്കറാണ് തീരുമാനിക്കുക. മാത്രമല്ല സഭയില്‍ തര്‍ക്കമുണ്ടായാല്‍ ചട്ടങ്ങള്‍ അനുസരിച്ച് സ്പീക്കര്‍ നടപടിയെടുക്കും.

അധികാരങ്ങള്‍

  1. സഭാസമ്മേളനം വിളിക്കുക
  2. ആരൊക്കെ സഭയില്‍ സംസാരിക്കണമെന്ന് സ്പീക്കര്‍ തീരുമാനിക്കും.
  3. പാര്‍ട്ടി മാറുന്ന അംഗങ്ങള്‍ക്കെതിരെ നടപടി വേണോ എന്ന് സ്പീക്കര്‍ തീരുമാനിക്കും.
  4. സഭയിലെ ചര്‍ച്ചകള്‍ നിയന്ത്രിക്കുകയും അംഗങ്ങളുടെ പെരുമാറ്റം നിയന്ത്രിക്കുകയും ചെയ്യുന്നു.
  5. സഭയ്ക്ക് യോജിക്കാത്ത വിധത്തില്‍ പെരുമാറുന്ന അംഗത്തിനെതിരെ നടപടി സ്വീകരിക്കാം.
  6. ബില്ലുകള്‍ അവതരിപ്പിക്കുമ്പോള്‍ അത് ചര്‍ച്ച ചെയ്യുന്നതിനും വോട്ട് ചെയ്യുന്നതിനുമുള്ള നടപടി ക്രമങ്ങള്‍ സ്പീക്കര്‍ നിശ്ചയിക്കും.
  7. സഭയില്‍ ഏത് കക്ഷിക്കാണ് ഭൂരിപക്ഷമുള്ളതെന്ന് നിര്‍ണയിക്കാന്‍ സ്പീക്കര്‍ക്ക് അധികാരമുണ്ട്.
  8. ലോക്‌സഭയിലെ വിവിധ സമിതികളുടെ അംഗങ്ങളെ സ്പീക്കര്‍ നിയമിക്കുന്നു.
  9. രാഷ്ട്രപതി, ഉപരാഷ്ട്രപതി, രാജ്യസഭ സ്പീക്കര്‍ എന്നിവരുമായി സ്പീക്കര്‍ക്ക് ആശയവിനിമയം നടത്താം.
  10. ലോക്‌സഭയെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ പങ്കെടുക്കുക.
  11. സഭയില്‍ അവതരിപ്പിക്കുന്ന പ്രമേയങ്ങള്‍ക്ക് സ്പീക്കറുടെ അനുമതി വേണം.
  12. അവതരിപ്പിക്കപ്പെടുന്ന ബില്‍ ധന ബില്ലാണോ അല്ലയോ എന്ന് സ്പീക്കര്‍ക്ക് നിര്‍ണയിക്കാം.
  13. ലോക്‌സഭയുടെയും അതിനോട് അനുബന്ധിച്ച കെട്ടിടങ്ങളുടെയും പരിപാലനം സ്പീക്കറുടെ ഉത്തരവാദിത്തമാണ്.
  14. ക്രിമിനല്‍ കേസില്‍പ്പെടുന്ന അംഗങ്ങള്‍ക്കെതിരെ പോലീസ് നടപടി എടുക്കുന്നതിന് സ്പീക്കറുടെ അനുമതി വേണം.

തുടങ്ങിയവയാണ് സ്പീക്കറുടെ അധികാരങ്ങള്‍.

Exit mobile version