Lok Sabha Speaker Election : രണ്ടും കൽപ്പിച്ച് പ്രതിപക്ഷം; ലോക്സഭ സ്പീക്കർ സ്ഥാനത്തേക്ക് മത്സരം അരങ്ങൊരുങ്ങി, 1976ന് ശേഷം ഇതാദ്യം
Lok Sabha Speaker Election 2024 Updates : സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് ലോക്സഭ സ്പീക്കർ സ്ഥാനത്തേക്ക് ഒരു മത്സരം നടക്കുന്നത്. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം പ്രധാന എതിർ കക്ഷിക്ക് നൽകാൻ സമവായത്തിൽ എത്താതെ വന്നതോടെയാണ് ഇൻഡ്യ മുന്നണി സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കാൻ രംഗത്തെത്തിയിരിക്കുന്നത്.
ന്യൂ ഡൽഹി : 18-ാം ലോക്സഭയുടെ സ്പീക്കർ സ്ഥാനത്തേക്ക് മത്സരത്തിന് (Lok Sabha Speaker Election) വേദിയൊരുക്കി എൻഡിഎ-ഇൻഡ്യ മുന്നണികൾ. ഭരണകക്ഷിയായ എൻഡിഎയ്ക്ക് വേണ്ടി ബിജെപി എംപി ഓം ബിർള (Om Birla) സ്പീക്കർ സ്ഥാനത്തേക്ക് നാമനിർദ്ദേശം നൽകിയപ്പോൾ എതിർ സ്ഥാനാർഥിയായി ഇൻഡ്യ മുന്നണിക്ക് വേണ്ടി കോൺഗ്രസ് എം.പിയും മലയാളിയുമായ കൊടിക്കുന്നിൽ സുരേഷും (Kodikunnil Suresh) പത്രിക നൽകി. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് ലോക്സഭ സ്പീക്കറെ കണ്ടെത്തുന്നതിനായി വോട്ടെടുപ്പ് നടത്താൻ പോകുന്നത്. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം പ്രധാന എതിർ കക്ഷിയായ കോൺഗ്രസിന് വിട്ട് നൽകാത്തതിനെ തുടർന്നാണ് ഇൻഡ്യ മുന്നണി മത്സരത്തിനായി രംഗത്തെത്തിയത്.
നാളെ ജൂൺ 26-ാം തീയതി ബുധനാഴ്ച രാവിലെ 11 മണിക്കാണ് ലോക്സഭ സ്പീക്കറെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി വോട്ടെടുപ്പ് നടക്കുക. 17-ാം ലോക്സഭയുടെ സ്പീക്കറും ഓം ബിർള തന്നെയായിരുന്നു. രാജസ്ഥാനിലെ കോട്ടയിൽ നിന്നുള്ള ബിജെപി എം.പിയാണ് ഓം ബിർള. കൊടിക്കുന്നിലാകട്ടെ നിലവിൽ ലോക്സഭയിലെ ഏറ്റവു സീനിയറായിട്ടുള്ള എം.പിയാണ്. എട്ട് തവണയാണ് കൊടിക്കുന്നിൽ സുരേഷ് ലോക്സഭ എം.പിയായിട്ടുള്ളത്. കോൺഗ്രസിൻ്റെ മാവേലിക്കരയിൽ നിന്നുള്ള ജനപ്രതിനിധിയാണ് കൊടിക്കുന്നിൽ സുരേഷ്. സീനിയർ മെമ്പറായ കൊടിക്കുന്നിലിനെ 18-ാം ലോക്സഭയുടെ പ്രോടേം സ്പീക്കറാക്കാതിരുന്നത് വലിയ വിവാദമായിരുന്നു. ഇതെ തുടർന്ന് പ്രോടേം സ്പീക്കറെ സഹായിക്കാനുള്ള പാനലിൽ നിന്നും പ്രതിപക്ഷ പാർട്ടികൾ പിൻമാറിയിരുന്നു.
എന്തുകൊണ്ട് സ്പീക്കർ സ്ഥാനത്തേക്ക് മത്സരം നടക്കുന്നു?
ലോക്സഭയുടെ കീഴ്വഴക്കമനുസരിച്ച് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം മുഖ്യ പ്രതിപക്ഷ പാർട്ടിക്ക് നൽകേണ്ടതാണ്. കഴിഞ്ഞ രണ്ട് തവണ ഈ സ്ഥാനം അംഗബലം കുറഞ്ഞതിൻ്റെ പേരിൽ കോൺഗ്രസിന് നിഷേധിച്ചിരുന്നു. ഇത്തവണ വ്യക്തമായ അംഗബലമുള്ളതിനാൽ കോൺഗ്രസിനായി ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ഇൻഡ്യ മുന്നണി ആവശ്യപ്പെട്ടു. എന്നാൽ ബിജെപി ഈ ആവശ്യം നിഷേധിച്ചു.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇക്കാര്യം ആദ്യം ചർച്ച ചെയ്യമെന്നും സ്പീക്കർ സ്ഥാനത്തേക്ക് ഓം ബിർളയെ പിന്തുണയ്ക്കണമെന്നും പ്രതിപക്ഷത്തോടെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്ത് തീരുമാനമാകാതെ വന്നതോടെ ഓം ബിർളയ്ക്ക് പിന്തുണ നൽകില്ലയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ ഉൾപ്പെടെയുള്ള നേതാക്കൾ നിലാപാടെടുത്തു. വീണ്ടും ചർച്ച നടത്തിയെങ്കിലും ഇക്കാര്യത്തിൽ സമവായത്തിൽ എത്താതെ വന്നതോടെയാണ് ഇൻഡ്യ മുന്നണി സ്പീക്കർ സ്ഥാനത്തേക്കുള്ള മത്സരത്തിനായി രംഗത്തിറങ്ങിയത്.
ഇതിന് മുമ്പ് ലോക്സഭ സ്പീക്കറെ വോട്ടെടുപ്പിലൂടെ കണ്ടെത്തിട്ടുണ്ടോ?
ലോക്സഭ സെക്രട്ടറിയേറ്റ് പ്രകാരം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ മൂന്ന് തവണയാണ് സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനായി വോട്ടെടുപ്പ് നടത്തിട്ടുള്ളത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ലോക്സഭ സ്പീക്കർക്കായി വോട്ടെടുപ്പ് നടക്കുന്നത് 1952ലാണ്. രാജ്യത്തെ ആദ്യ ലോക്സഭ സ്പീക്കറായ ജി വി മാവലങ്കറാണ് ആദ്യമായി വോട്ടെടുപ്പിലൂടെ ലോക്സഭ സ്പീക്കർ സ്ഥാനത്തേക്കെത്തുന്നതും. ശങ്കർ ശാന്തറാമാണ് മാവലങ്കർക്കെതിരെ അന്ന് മത്സരിച്ചത്. 55 വോട്ടിനെതിരെ 394 വോട്ടുകൾ നേടിയാണ് മാവലങ്കർ ജയിക്കുന്നത്.
പിന്നീട് 1976ലാണ് ലോക്സഭ സ്പീക്കർ സ്ഥാനത്തേക്ക് ഒരു മത്സരം ഉണ്ടാകുന്നത്. കോൺഗ്രസിൻ്റെ ബലിറാം ഭഗത്തും ജഗന്നാഥ് റാവുമാണ് ലോക്സഭ സ്പീക്കർ സ്ഥാനത്തേക്ക് അന്ന് നേർക്കുനേരെയെത്തിയത്. 58 വോട്ടുകൾക്കെതിരെ 344 വോട്ടുകൾ നേടിയാണ് കോൺഗ്രസ് നേതാവ് ലോക്സഭയുടെ ആറാം സ്പീക്കറാകുന്നത്. 1976ന് ശേഷം ഇതാദ്യമായിട്ടാണ് ലോക്സഭ സ്പീക്കർക്കായി വോട്ടെടുപ്പ് ഇത്തവണ നടക്കാൻ പോകുന്നത്.