Lok Sabha Election Result 2024: എതിർ സ്ഥാനാർഥികൾ ആരുമില്ല, വോട്ടെണ്ണലിന് മുൻപെ ബിജെപിക്ക് ആദ്യ വിജയം
Lok Sabha Election Results: നിലേഷ് കുംഭാനിയുടെ നിർദ്ദേശകരുടെ ഒപ്പുകൾ വ്യാജമാണെന്ന് അവർ തന്നെ വ്യക്തമാക്കിയതോടൊണ് നാമനിർദ്ദേശ പത്രിക തള്ളിയത്
ഗുജറാത്ത്: വോട്ടെണ്ണൽ തുടങ്ങും മുൻപ് ബിജെപി ലീഡിൽ തന്നെയാണ്. സൂറത്തിലെ ബിജെപി സ്ഥാനാർഥിയാണ് എതിരില്ലാതെ ജയിച്ചത്. മുകേഷ് ദലാലാണ് ഇവിടെ ജയിച്ചത്. എതിർ സ്ഥാനാർഥിയായിരുന്ന കോൺഗ്രസ്സിൻ്റെ നിലേഷ് കുംഭാനിയുടെ നാമനിർദ്ദേശ പത്രിക അസാധുവാക്കിയതിനെ തുടർന്നാണ് മുകേഷ് ദലാൽ വിജയം ഉറപ്പിച്ചത്.
നിലേഷ് കുംഭാനിയുടെ നിർദ്ദേശകരുടെ ഒപ്പുകൾ വ്യാജമാണെന്ന് അവർ തന്നെ വ്യക്തമാക്കിയതോടൊണ് നാമനിർദ്ദേശ പത്രിക തള്ളിയത്. കോൺഗ്രസ്സിൻ്റെ ഡമ്മി സ്ഥാനാർഥിയുടെ പത്രികയും ഇവിടെ ഇതേ കാരണങ്ങളാൽ തള്ളിയതോടെയാണ് ബിജെപി ആധികാരികമായ വിജയം ഉറപ്പിച്ചത്.
ALSO READ: Lok Sabha Election Result 2024: സംശയകരമായി എന്ത് കണ്ടാലും വീഡിയോ എടുത്തയക്കണം; നിര്‍ദേശവുമായി കോണ്‍ഗ്രസ്
2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ദർശന വിക്രം ജർദോഷ് കോൺഗ്രസ്സിൻ്റെ അശോക് പട്ടേലിനെതിരെ 5,48,230 വോട്ടുകൾ നേടിയാണ് വിജയിച്ചത്. 51.31% ആയിരുന്നു ഇവിടുത്തെ ബിജെപിയുടെ വോട്ട് ശതമാനം. 2019-ൽ ബിജെപിക്ക് 74.41 ശതമാനം വോട്ടാണ് ഈ മണ്ഡലത്തിൽ ഉണ്ടായിരുന്നത്.
2014-ലും ബിജെപിയുടെ ദർശന വിക്രം ജർദോഷ് തന്നെയാണ് 5,33,190 വോട്ടുകൾക്ക് കോൺഗ്രസ്സിൻ്റെ ദേശായി നൈഷാദ്ഭായി ഭൂപത്ഭായിയെ പരാജയപ്പെടുത്തിയത്. 2009-ലെ തിരഞ്ഞെടുപ്പിലും ദർശന വിക്രം തന്നെയാണ് ഇവിടെ നിന്നും വിജയിച്ചത്. 74,798 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കോൺഗ്രസ്സിൻ്റെ ഗജേര ധീരുഭായ് ഹരിഭായിയെയാണ് അന്ന് തോൽപ്പിച്ചത്. മണ്ഡലത്തിൽ ആകെ പോൾ ചെയ്ത വോട്ടിൻ്റെ 10.74% ആയിരുന്നു ഇത്. ബിജെപിക്ക് 52.41 ശതമാനം വോട്ടാണ് അന്ന് ഇവിടെ ലഭിച്ചത്.
ആരാണ് മുകേഷ് ദലാൽ
ഗുജറാത്തിലെ സൂറത്തിൽ ജനിച്ച മുകേഷ് ദലാൽ കൊമേഴ്സിലും, നിയമത്തിലും ബിരുദവും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. സൂറത്ത് ക്രിക്കറ്റ് അസോസിയേഷൻ അംഗം, സൂറത്ത് മുനിസിപ്പൽ കോർപ്പറേഷൻ അംഗം, സ്ഥിരം സമിതി അധ്യക്ഷൻ, സൂറത്തിലെ ബിജെപി സെക്രട്ടറി, പീപ്പിൾസ്-കോ-ഓപ്പറേറ്റീവ് ബാങ്ക് അധ്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.