Narendra Modi oath : യോഗം സക്സെസ്…: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ, പിന്തുണ പ്രഖ്യാപിച്ച് ചന്ദ്രബാബുവും നിതീഷും
Narendra Modi oath Date: ജവഹർലാൽ നെഹ്‌റുവിന് ശേഷം മൂന്നാം തവണയും അധികാരം നിലനിർത്തുന്ന രണ്ടാമത്തെ നേതാവാകുകയാണ് മോദി.
ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ). ഇതോടെ ജവഹർലാൽ നെഹ്‌റുവിന് ശേഷം മൂന്നാം തവണയും അധികാരം നിലനിർത്തുന്ന രണ്ടാമത്തെ നേതാവാകും മോദി. ചൊവ്വാഴ്ച പ്രഖ്യാപിച്ച ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിൽ 543ൽ 293 സീറ്റുകൾ മാത്രമാണ് എൻഡിഎയ്ക്ക് നേടാൻ കഴിഞ്ഞത്. 234 സീറ്റുകളാണ് ഇന്ത്യ സഖ്യം നേടിയത്.
ജെഡിയു അധ്യക്ഷൻ നിതീഷ് കുമാറും ടിഡിപിയുടെ എൻ ചന്ദ്രബാബു നായിഡുവും ഉൾപ്പടെയുള്ള എൻഡിഎ സഖ്യകക്ഷികൾ ഇന്ന് ഉച്ചയ്ക്ക് ഡൽഹിയിലെ മോദിയുടെ വസതിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പിന്തുണ അറിയിച്ചുള്ള പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. മോദിയുടെ നേതൃത്വത്തിനും അദ്ദേഹത്തിൻ്റെ ഭരണത്തിൻ കീഴിൽ ഇന്ത്യ കൈവരിച്ച മുന്നേറ്റങ്ങൾക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും ലക്ഷ്യം കൈവരിക്കുന്നതിൽ തങ്ങൾ പങ്കാളികളാകുമെന്നും യോഗത്തിൽ എൻഡിഎ നേതാക്കൾ പറഞ്ഞു.
ALSO READ: സത്യ പ്രതിഞ്ജ എപ്പോൾ? രാജി കൈമാറി പ്രധാനമന്ത്രി
സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ബിജെപിയുടെ ഉന്നതരും എൻഡിഎയിലെ മുതിർന്ന നേതാക്കളും വെള്ളിയാഴ്ച്ച രാഷ്ട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച്ച നടത്തുമെന്നും യോഗത്തിന് ശേഷം അധികൃതർ അറിയിച്ചു. പ്രതിസന്ധികൾ ഒന്നും തന്നെ വന്നില്ലെങ്കിൽ ജൂൺ എട്ടിന് തന്നെ നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന.
543 അംഗ ലോക്‌സഭയിൽ എൻഡിഎയ്ക്ക് വേണ്ടുന്ന കേവല ഭൂരിപക്ഷം 272 ആണ്. 2014-ന് ശേഷം ബിജെപി ആദ്യമായാണ് കേവല ഭൂരിപക്ഷത്തിൽ നിന്നും താഴേക്ക് വീഴുന്നത്. ഇതു കൊണ്ട് തന്നെ മുന്നണിയിലെ സഖ്യകക്ഷികളെ കൊണ്ട് മാത്രമെ സർക്കാർ രൂപീകരിക്കാനാകു.
നായിഡുവിൻ്റെ ടിഡിപി ആന്ധ്രാപ്രദേശിൽ 16 ലോക്‌സഭാ സീറ്റുകളാണ് നേടിയത്. അതേസമയം ബിഹാറിൽ നിതീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള ജെഡിയു 12 സീറ്റുകളാണ് സ്വന്തമാക്കിയത്. 232 സീറ്റുകൾ നേടിയ പ്രതിപക്ഷ ഇന്ത്യാ സഖ്യം നായിഡുവിനെയും നിതീഷിനെയും സമീപിച്ചേക്കുമെന്ന് ഊഹാപോഹങ്ങൾ ഉയർന്നിരുന്നു.