Lok Sabha Election Result 2024 : സിപിഎമ്മിന് കേരളത്തിൽ ഒരു സീറ്റ്, തമിഴ്നാട്ടിൽ രണ്ട് സീറ്റ്; അയൽനാട്ടിൽ കൂടുതൽ കനലെരിയും
Lok Sabha Election Result 2024 CPM Won Seats : തമിഴ്നാട്ടിൽ ഡിഎംകെ നയിക്കുന്ന ഇന്ത്യ മുന്നണിയുടെ ഭാഗമായി രണ്ട് സീറ്റിലാണ് സിപിഎം മത്സരിച്ചത്. രണ്ടിലും സിപിഎമ്മിന് ജയിക്കാൻ സാധിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചപ്പോൾ എക്സിറ്റ് പോൾ ഫലങ്ങളിൽ ഭൂരിഭാഗവും പ്രവചിച്ചതുപോലെ കേരളത്തിൽ ഇടതുപക്ഷത്തിന് ആകെ ലഭിച്ചത് ഒരു സീറ്റ്. ആലത്തൂരിൽ കോൺഗ്രസിൻ്റെ സിറ്റിങ് എംപിയായ രമ്യ ഹരിദാസിനെ പരാജയപ്പെടുത്തി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ 2019ൽ ആലപ്പുഴയിലുണ്ടായിരുന്ന ഒരു തരി കനൽ കെടാതെ ആലത്തൂരിലേക്കെത്തിച്ചു.
2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒന്നരലക്ഷത്തിലധികം വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് രമ്യാ ഹരിദാസ് ആലത്തൂരിൽ വിജയിച്ചത്. 2009ലും 2014ലും ഒപ്പം നിന്ന ആലത്തൂരിൽ അപ്രതീക്ഷിത തിരിച്ചടിയാണ് കഴിഞ്ഞ തവണ സിപിഎമ്മിന് ലഭിച്ചത്. ഹാട്രിക് വിജയം തേടിയിറങ്ങിയ ഇടതുപക്ഷത്തിൻ്റെ പികെ ബിജുവിനെ പാട്ടുംപാടി തോല്പിച്ച രമ്യ ഇക്കുറി വിജയിക്കാൻ സാധ്യത കല്പിക്കപ്പെട്ടിരുന്ന സ്ഥാനാർഥിയായിരുന്നു. ശക്തമായ മത്സരമാണ് മണ്ഡലത്തിൽ നടന്നതും. ഒടുവിൽ 20,111 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ രാധാകൃഷ്ണൻ ആലത്തൂർ തിരിച്ചുപിടിച്ചു.
രാജ്യത്ത് കമ്മ്യൂണിസം പ്രബലശക്തിയായി അവശേഷിക്കുന്ന ഒരേയൊരു സംസ്ഥാനത്ത് സിപിഎമ്മിന് വെറും ഒരു സീറ്റ് ലഭിച്ചപ്പോൾ അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ രണ്ട് സീറ്റുകളിൽ സിപിഎം വിജയിച്ചു. സിപിഐയും തമിഴ്നാട്ടിൽ രണ്ട് സീറ്റിൽ വിജയിച്ചു. ദിണ്ടിഗലിലും മധുരയിലുമാണ് സിപിഎം വിജയിച്ചത്. ദിണ്ടിഗലിൽ സിപിഎമ്മിൻ്റെ സച്ചിദാനന്ദൻ ആർ എഐഎഡിഎംകെയുടെ മുഹമ്മദ് മുബാറക് എംകെ തോല്പിച്ചു. 4,43,821 വോട്ടിൻ്റെ ഭൂരിപക്ഷത്തിനായിരുന്നു സച്ചിദാനന്ദൻ്റെ ജയം. ഇടത് സ്ഥാനാർഥിക്ക് ആകെ 6,70,149 വോട്ടും മുബാറക്കിന് 2,26,328 വോട്ടും ലഭിച്ചു.
മധുരയിൽ സിപിഎം സ്ഥാനാർത്ഥി വെങ്കടേശൻ എസ് 2,09,409 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ബിജെപിയുടെ രാമ ശ്രീനിവാസനെ തോല്പിച്ചു. വെങ്കടേശന് 4,30,323 വോട്ടും ബിജെപിക്ക് 2,20,914 വോട്ടുമാണ് മധുരയിൽ ലഭിച്ചത്. തിരുപ്പൂരിലും നാഗപട്ടിണത്തിലുമാണ് സിപിഐ വിജയിച്ചത്. തിരുപ്പൂരിൽ സുബ്ബരായൻ കെ 1,25,928 വോട്ടിൻ്റെ ഭൂരിപക്ഷത്തിനും നാഗപട്ടിണത്തിൽ സെൽവരാജ് വി 2,08,957 വോട്ടിൻ്റെ ഭൂരിപക്ഷത്തിലും വിജയിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ ആകെ ചിത്രം പരിശോധിക്കുമ്പോൾ എൻഡിഎ മുന്നണിക്ക് ഇൻഡ്യാ മുന്നണി കനത്ത വെല്ലുവിളിയാണ് ഉയർത്തിയത്. കഴിഞ്ഞ തവണ ഒറ്റക്ക് കേവല ഭൂരിപക്ഷം കടന്ന ബിജെപിക്ക് ഇത്തവണ അതിനു സാധിച്ചിട്ടില്ല. 292 സീറ്റുകളാണ് എൻഡിഎ നേടിയിരിക്കുന്നത്. 233 സീറ്റുകളുമായി ഇൻഡ്യ സഖ്യം തൊട്ടുപിന്നിൽ തന്നെയുണ്ട്. നിതീഷ് കുമാറിൻ്റെ ജെഡിയുവും ചന്ദ്രബാബു നായിഡുവിൻ്റെ ടിഡിപിയും എൻഡിഎയിൽ തുടരുമോ ഇൻഡ്യാ മുന്നണിയിൽ ചേരുമോ എന്നതനുസരിച്ചാവും വരുന്ന സർക്കാർ രൂപപ്പെടുക.
നിതീഷിനെയും ചന്ദ്രബാബുവിനെയും ഇൻഡ്യാ മുന്നണിയിലെത്തിക്കാനായാൽ എൻഡിഎയ്ക്ക് കേവലഭൂരിപക്ഷം നഷ്ടമാവും. ഇരുവരെയും സ്വന്തം പാളയത്തിലാക്കാൻ ഇരു മുന്നണികളും ചരടുവലികൾ ആരംഭിച്ചിട്ടുണ്ട്. നിതീഷ് കുമാറിന് ഇൻഡ്യാ മുന്നണി ഉപപ്രധാനമന്ത്രി സ്ഥാനം വാഗ്ധാനം ചെയ്തപ്പോൾ ചന്ദ്രബാബു നായിഡുവിന് എൻഡിഎ കൺവീനർ സ്ഥാനമാണ് വാഗ്ധാനം. രണ്ട് പാർട്ടികളും ഇതുവരെ പരസ്യമായി ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.