Lok Sabha Election Result 2024: ലീഡ് തിരിച്ചുപിടിച്ച് മോദി; കോണ്‍ഗ്രസ് പിന്നിലേക്ക്
Lok Sabha Election Result 2024 Today: 2019ല്‍ 4.80 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മോദി മണ്ഡലം നിലനിര്‍ത്തിയത്. പോളിങ് കണക്കുകള്‍ പ്രകാരം 479,505 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം തന്റെ തൊട്ടടുത്ത എതിരാളി സമാജ്വാദി പാര്‍ട്ടിയുടെ ശാലിനി യാദവിനെ പരാജയപ്പെടുത്തിയത്.
ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ വരാണസി മണ്ഡലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ലീഡ് തിരിച്ചുപിടിച്ചു.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് റായ് പിന്നോട്ട് പോയിരിക്കുകയാണ്.
2019ല്‍ 4.80 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മോദി മണ്ഡലം നിലനിര്‍ത്തിയത്. പോളിങ് കണക്കുകള്‍ പ്രകാരം 479,505 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം തന്റെ തൊട്ടടുത്ത എതിരാളി സമാജ്വാദി പാര്‍ട്ടിയുടെ ശാലിനി യാദവിനെ പരാജയപ്പെടുത്തിയത്.
മോദിക്കെതിരെ ആരാകും സ്ഥാനാര്‍ഥിയെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് തുടക്കം മുതല്‍ തന്നെ കാര്യമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എസ്പിയുമായി സഖ്യത്തിലായ കോണ്‍ഗ്രസ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അജയ് റായിയെ തന്നെ രംഗത്തിറക്കാന്‍ ഒടുവില്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ശക്തനായ സ്ഥാനാര്‍ഥി വേണമെന്ന ചര്‍ച്ചകള്‍ നടന്നെങ്കിലും രണ്ടുതവണയും മോദിക്കെതിരെ പരാജയപ്പെട്ട അജയ് റായിയെ തന്നെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് കോണ്‍ഗ്രസ് ഒടുവില്‍ എത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന മണ്ഡലം കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വോട്ടുനില വര്‍ധിപ്പിച്ച് കൊടുത്തിരുന്നു. 2014ലെ തെരഞ്ഞെടുപ്പില്‍ 581,022 വോട്ടുകള്‍ നേടിയായിരുന്നു മോദിയുടെ വിജയം. ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാളായിരുന്നു മോദിയുടെ അന്നത്തെ പ്രധാന എതിരാളിയായിരുന്നത്. 209,238 വോട്ടുകള്‍ കെജ്രിവാള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് റായ്ക്ക് 75,614 വോട്ടുകള്‍ മാത്രമാണ് വരാണസിയില്‍ നേടാനായത്.
2014ലെ വിജയത്തോടെ ഇന്ത്യന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്കാണ് മോദി എത്തിയത്. 2019ലും ഇതേ ട്രെന്റ് തുടരാന്‍ മോദിക്ക് സാധിച്ചു. 674,664 വോട്ടുകളാണ് മോദി അന്ന് നേടിയിരുന്നത്. സമാജ് വാദി സ്ഥാനാര്‍ഥി ശാലിനി യാദവ് 195,159 വോട്ടുകള്‍ നേടി രണ്ടാമതെത്തിയപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് റായ് മൂന്നാംസ്ഥാനത്തേക്ക് മാറി. അന്ന് 152,548 വോട്ടുകള്‍ മാത്രമാണ് അജയ് റായ്ക്ക് നേടാനായത്.