Lok Sabha Election Result 2024: മോദി ഗ്യാരണ്ടി ഏറ്റില്ലെ? 400 കടക്കാനാകുമോ ബിജെപിക്ക്?
Lok Sabha Election Result 2024 Modi's Guarantee: എക്‌സിറ്റ് പോളുകളെല്ലാം ശരിയല്ല എന്ന് തെളിയിച്ചുകൊണ്ടാണ് ആദ്യഫലസൂചനകള്‍ പുറത്തുവരുന്നത്. പ്രതീക്ഷിച്ച പല മണ്ഡലങ്ങളിലും ബിജെപിക്ക് ലീഡ് നേടാനായില്ല.
ന്യൂഡല്‍ഹി: വലിയ ആത്മവിശ്വാസത്തോടെയാണ് ബിജെപി ഇത്തവണ ലോക്‌സഭ തെരഞ്ഞെടുപ്പിനെ നേരിട്ടത്. അതുകൊണ്ട് തന്നെ 400 സീറ്റ് എന്തായാലും നേടുമെന്ന ആത്മവിശ്വാസം പാര്‍ട്ടി പ്രകടിപ്പിച്ചിരുന്നു. ബിജെപിയുടെ ലക്ഷ്യം തന്നെ 400 സീറ്റ് തികയ്ക്കുക എന്നതായിരുന്നു. അതിനോടൊപ്പം മോദി ഗ്യാരണ്ടി കൂടി ആയപ്പോള്‍ വിജയം സുനിശ്ചിതം എന്ന് പാര്‍ട്ടി ഉറപ്പിച്ചു.
എന്നാല്‍ എക്‌സിറ്റ് പോളുകളെല്ലാം ശരിയല്ല എന്ന് തെളിയിച്ചുകൊണ്ടാണ് ആദ്യഫലസൂചനകള്‍ പുറത്തുവരുന്നത്. പ്രതീക്ഷിച്ച പല മണ്ഡലങ്ങളിലും ബിജെപിക്ക് ലീഡ് നേടാനായില്ല.
അതേസമയം, ഇത്തവണ കേരളത്തില്‍ താമരവിരിയും എന്ന പ്രതീക്ഷയില്‍ തന്നെയാണ് ബിജെപി നേതൃത്വം. എന്നാല്‍ താമരവിരിഞ്ഞില്ല എങ്കില്‍ അത് സംസ്ഥാന നേതൃത്വത്തിനുള്ള പണിയാകും. കേരളത്തില്‍ അഞ്ച് സീറ്റില്‍ വിജയിക്കുമെന്നും മറ്റ് മണ്ഡങ്ങളിലുള്ള വോട്ട് വിഹിതം വര്‍ധിപ്പിക്കുമെന്നും സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തിനെ അറിയിച്ചിരുന്നു.
എന്നാല്‍ വോട്ട് വിഹിതം വര്‍ധിക്കുന്നതിനേക്കാള്‍ ഉപരി ഒരു സീറ്റിലെങ്കിലും വിജയിക്കാന്‍ സാധിച്ചില്ലെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വത്തിന് തന്നെയായിരിക്കും എന്നാണ് ദേശീയ നേതൃത്വം മറുപടി നല്‍കിയത്. ഒരു സീറ്റ് പോലും ലഭിച്ചില്ലെങ്കില്‍ സംസ്ഥാന നേതൃത്വത്തില്‍ അടിമുടി അഴിച്ചുപണിയുണ്ടാകും. ഫലം വന്നതിന് പിന്നാലെ തന്നെ ബിജെപി ദേശീയ നേതൃത്വം സംഘടന തെരഞ്ഞെടുപ്പിനുള്ള ഷെഡ്യൂള്‍ പ്രഖ്യാപിക്കാനാണ് സാധ്യത.
തോല്‍വിയാണ് ഈ തെരഞ്ഞെടുപ്പിലെ ഫലമെങ്കില്‍ കെ സുരേന്ദ്രന്റെ നിലനില്‍പ്പ് അവതാളത്തിലാകും. ഫലം വരുന്നതോടെ സുരേന്ദ്രന്റെ പ്രവര്‍ത്തനം കേന്ദ്രം വിലയിരുത്തും. ഇനി അഥവാ രാജീവ് ചന്ദ്രശേഖറോ സുരേഷ് ഗോപിയോ ആണ് വിജയിക്കുന്നത് എന്നുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് ദേശീയ നേതൃത്വത്തിനുള്ളതായിരിക്കും.